ADVERTISEMENT

ചൈനയിലെ കോവിഡ്‌ കാലത്തെ അനുഭവം പങ്കുവയ്ക്കുകയാണ് പന്തളം സ്വദേശിനി അനില പി.അജയൻ. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹൈഡ്രോ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷക വിദ്യാര്‍ത്ഥിയാണ് അനില. 60 ദിവസത്തെ അനിലയുടെ അനുഭവം കോവിഡിനെതിരെ പൊരുതുന്ന മലയാളികൾക്ക് പ്രചോദനമാകുകയാണ്. അനില ഓണ്‍ മനോരമയില്‍ എഴുതിയ കുറിപ്പിന്‍റെ മൊഴിമാറ്റം വായിക്കാം. 

ജനുവരിയിലെ ആദ്യ ആഴ്ചയാണ് വൈറോളജി റിസർച്ചറായ സുഹൃത്ത് സാങ് ലു ആദ്യമായി കോവിഡിനെ കുറിച്ച് എന്നോട് പറഞ്ഞത്. അന്നൊന്നും ഇതൊരു മഹാമാരിയായി ലോകത്തെ പിടിച്ചുലയ്ക്കുമെന്ന് കരുതിയില്ല. അന്ന് തൊട്ട് പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്‌ക് വയ്ക്കുന്നത് ഒരു ശീലമാക്കി.ചൈനയിൽ വസന്തകാലം വലിയ ആഘോഷമാണ്. വീടുകളിലേക്ക് പോകും മുൻപ് എന്റെ ചൈനീസ് സുഹൃത്തുക്കൾ ഒരുപാട് സമ്മാനങ്ങൾ തന്നു. ചോക്ലേറ്റ്, പഴങ്ങൾ, പൂക്കൾ... എന്നാൽ ഡോ. ഗാഫോയ് സോങ്ങും ഷിയാവോ വെയ്‌യും മാസ്കുക്കളാണ് എനിക്ക് സമ്മാനമായി നൽകിയത്. പുറത്തിറങ്ങുമ്പോൾ മാസ്‌ക് വയ്ക്കണമെന്ന് അവർ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. 

അധ്യാപകൻ പ്രൊഫ.ബി യാങ്ഹോങ്ങും യാത്ര പരമാവധി ഒഴിവാക്കാൻ നിർദേശിച്ചു. കാര്യമായി പ്ലാനുകൾ ഒന്നും ഇല്ലാത്തതിനാൽ ഹോസ്റ്റൽ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. ചൈനീസ് ന്യു ഇയർ കാരണം രണ്ടു മൂന്ന് ദിവസം കടകൾ ഉണ്ടാകില്ലെന്ന് കൂട്ടുകാർ പറഞ്ഞതു കൊണ്ട് സാധനങ്ങൾ വാങ്ങാനായി ഞാനും എന്റെ പാകിസ്താനി സുഹൃത്ത് നൂർ ഉൽ ഹുദയും കടയിൽ പോയി. റിസർച് കഴിഞ്ഞു തിരിച്ചു പോകുന്ന നൂറിന് ഒരു ട്രീറ്റ് കൊടുക്കാനും പ്ലാൻ ഉണ്ടായിരുന്നു. അന്നാണ് ചൈനയിലെ അവസ്ഥയെക്കുറിച്ച്  ശരിക്കും മനസ്സിലാക്കിയത്. പുറത്തു പോയി തിരിച്ചെത്തിയ ഞങ്ങളെ ധീരയുവതികൾ എന്ന് അവടെയുള്ളവർ വിളിച്ചു. 

ജനുവരി 23 ന് രാവിൽ 9:15 ന് ഒരു സന്ദേശം വന്നു. രാവിലെ പത്തുമുതൽ വുഹാനിൽ പൊതുഗതാഗതം നിലയ്ക്കും. കോവിഡിനെ പിടിച്ചു കെട്ടാൻ ചൈനീസ് ഭരണകൂടം എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. മരണസംഖ്യ ദിനം പ്രതി ഉയർന്നു കൊണ്ടിരുന്നു. വുഹാനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യ പ്രത്യേക വിമാനം ഏർപ്പെടുത്തി. പക്ഷേ, ഇവിടെ തുടരാനായിരുന്നു എന്റെ തീരുമാനം. ഏറെ ആലോചിച്ചാണ് ആ തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. എനിക്ക് രോഗം ഉണ്ടെങ്കിൽ നാട്ടിൽ എത്തിയാലും ക്വാറന്റിനിൽ കഴിയേണ്ടി വരും. രോഗം ഇല്ലെങ്കിൽ കേരളത്തിൽ എത്തിയാലും എന്നെ അംഗീകരിക്കാൻ പെട്ടെന്ന് ആർക്കും കഴിയില്ല. രോഗം ഇല്ലെന്നു എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഇതിന്റെ പേരിൽ കുടുംബം ഒറ്റപ്പെടാനും സാധ്യതയുണ്ട്. ഞാൻ പോകുന്ന ഇടത്തെല്ലാം ഒരു വൈറസ് ആയേ എന്നെ കാണൂ. അതിനു എനിക്ക് താൽപര്യമില്ലായിരുന്നു..’

പ്രൊഫ. ബി എന്നെ നന്നായി സഹായിച്ചിട്ടുണ്ട്. എന്റെ ആരോഗ്യവും ഭക്ഷണം ഉൾപ്പടെ എല്ലാ കാര്യങ്ങളും അദ്ദേഹം എപ്പോഴും അന്വേഷിച്ചിരുന്നു. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുറത്തിറങ്ങരുതെന്ന് അതിനിടെ സർക്കാർ നിർദേശം ലഭിച്ചു. കയ്യിൽ ആവശ്യത്തിനു സാധനങ്ങൾ ഉണ്ടായിരുന്നില്ല. ചൈനീസ് പച്ചക്കറികളെ കുറിച്ചു എനിക്ക് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഇക്കാര്യത്തിൽ ഞാൻ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ചൈനീസ് പച്ചക്കറികൾ കൊണ്ട് ഇന്ത്യൻ സ്റ്റൈലിൽ ഭക്ഷണം ഉണ്ടാക്കിയാണ് ഞാൻ കഴിച്ചിരുന്നത്.

പിന്നീട് വുഹാനിലെ വൊളൻഡിയർമാർ അവശ്യ വസ്തുക്കൾ എത്തിക്കാൻ തുടങ്ങി. അപ്പാർട്ട്‌മെന്റ് മാനേജ്‌മെന്റ് ടീമും ഇതിന്റെ ചുമതല ഏറ്റെടുത്തു. മാസ്കും സാനിറ്റൈസറും അടക്കം അവർ എത്തിച്ചു. കോവിഡ്‌ ഭീതിയിൽ എല്ലാവരും പുറത്തിറങ്ങാതെ ഇരിക്കുമ്പോഴും അവശ്യ സർവീസുകളുമായി ഒരു കൂട്ടം പേര്‍ വിശ്രമമില്ലാതെ പണിയെടുത്ത് കൊണ്ടിരുന്നു. ഒരു ദിവസം എസി കേടായി. ഞാൻ പിഎച്ച്ഡിയിലുള്ളവരുടെ ചുമതലയുള്ള യാങ് ക്വിയാനോട് പറഞ്ഞു. പിറ്റേ ദിവസം തന്നെ അവർ എനിക്ക് അത് ശരിയാക്കി തന്നു. ഇത് ഒരു ഉദാഹരണം മാത്രം.

തെറ്റായ വാർത്തകൾക്ക് നേരെ മുഖം തിരിക്കുകയെന്നതും ഈ സമയത്തു പ്രധാനമാണ്. പതുക്കെ പതുക്കെ ഏകാന്തത എന്നെയും വേട്ടയാടാൻ തുടങ്ങി. ചീറിപ്പായുന്ന ആംബുലൻസിന്റെ ശബ്ദം അലോസരപ്പെടുത്താൻ തുടങ്ങി. പക്ഷെ സുഹൃത്തുക്കളുടെയും അധ്യാപകരുടെയും സന്ദേശങ്ങൾ എന്നെ കരകയറാൻ സഹായിച്ചു. നിർദേശങ്ങളുമായി പ്രൊഫ. പീതാംബരനും മുരളി തുമ്മാരുകുടിയുമെല്ലാം ഒപ്പം നിന്നു.പാകിസ്ഥാനി സുഹൃത്ത് നൂറിന് വിസ നീട്ടിനൽകിയതോടെ അവർ എനിക്കൊപ്പം ഉണ്ടായിരുന്നു. അതും വലിയ ഒരാശ്വാസമായിരുന്നു. ആ സമയത്തു ഞാൻ എന്റെ ഹൃദയത്തെയാണ് പിന്തുടർന്നത്. പ്രകൃതി ഒട്ടേറെ കാര്യങ്ങൾ എന്നെ പഠിപ്പിച്ചു. പക്ഷികളുടെ ശബ്ദം കേട്ട് അവയെ നോക്കിക്കൊണ്ട് സമയം ചിലവഴിക്കാൻ ഞാൻ പഠിച്ചു.

അറുപത് ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വുഹാൻ ജീവിതത്തിലേക്ക് തിരികെ നടക്കുകയാണ്. ഒറ്റക്കെട്ടായി ഒരു മഹാമാരിയെ രാജ്യം പൊരുതി തോൽപ്പിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ ആശങ്കപ്പെടുത്തുന്നതാണ്. പക്ഷെ ഒറ്റക്കെട്ടായി നിന്നാൽ ഇതിനെ നമുക്കു തോൽപ്പിക്കാം. സാമൂഹിക അകലം പാലിക്കുന്നത് ഒരു ശിക്ഷയല്ല. മറിച്ച് കോവിഡിനെ തോല്പിക്കാനുള്ള ആയുധമാണ്.നിപ്പയെ അതിജീവിച്ച കേരളത്തിനും കോവിഡിനെ തോൽപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

മൊഴിമാറ്റം. പവിത്ര. പി.എസ്. 

English Summary: Experience Of A Malayali Girl In Wuhan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com