ADVERTISEMENT

തെക്കുകിഴക്കൻ ഏഷ്യയില്‍ ഏറ്റവും കൂടുതൽ കോവിഡ്–19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മലേഷ്യയിലാണ്. 2900ൽ അധികം  പേർ. ഈ ആഴ്ച മലേഷ്യൻ സർക്കാർ അൽപം കൂടി ഗൗരവമുള്ള ചിലകാര്യങ്ങൾ ഓൺലൈൻ വഴി ജനങ്ങളുമായി പങ്കുവയ്ക്കുകയാണ്് മലേഷ്യ സർക്കാർ. 

മലേഷ്യയിലെ കുടുംബ വനിതാ മന്ത്രാലയം കുറച്ചധികം പോസ്റ്ററുകൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങൾ വഴി #WomenPreventCOVID19 എന്ന ഹാഷ് ടാഗിൽ പങ്കുവയ്ക്കുന്നുണ്ട്. പാതി ലോക്ഡൗണിലുള്ള രാജ്യത്തെ വനിതകൾക്കുള്ള നിർദേശങ്ങളാണ് ഈ പോസ്റ്ററുകളിലുള്ളത്. വീട്ടിലിരിക്കുന്ന ഭർത്താക്കന്മാരെ ശല്യപ്പെടുത്തരുതെന്നാണ് രാജ്യത്തെ വനിതകൾക്ക് സര്‍ക്കാർ നൽകുന്ന പ്രധാന ഉപദേശം. വീട്ടുജോലികളിൽ ഭർത്താവിന്റെ സഹായം തേടി സ്വയം പരിഹാസ്യരാകരുതെന്നും മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല, വീട്ടിലിരുന്ന്് ജോലിചെയ്യുന്ന സ്ത്രീകൾ നല്ലവസ്ത്രം ധരിക്കുകയും മേക്കപ്പ് ഇടുകയും വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 

ഇത്തരം പോസ്റ്ററുകള്‍ സാമൂഹിക അസമത്വത്തിലേക്കു വിരൽ ചൂണ്ടുന്നതായാണ് വനിത സംഘടനകളുടെ പ്രതികരണം. പുരുഷാധിപത്യ സമൂഹത്തെ സൂചിപ്പിക്കുന്നതാണ് ഇത്തരം നിർദേശങ്ങളെന്ന് ആൾ വുമൻസ് ആക്ഷൻ സൊസൈറ്റി മാനേജർ നിഷ സബനായകം പറഞ്ഞു. സ്ത്രീകളെ അധിക്ഷേപിക്കുന്നതാണ് ഇത്തരം പോസ്റ്ററുകളെന്നും വിമർശനമുയർന്നു. 

‘സ്ത്രീകൾക്കെതിരെ ഗാർഹിക പീഡനങ്ങളിലും, പെൺഭ്രൂണഹത്യയിലുമെല്ലാം എന്ത് ക്രിയാത്മകമായ ഇടപടലാണ് സർക്കാർ നടത്തിയത്? ദൈവമേ, കോവിഡ്–19ന്റെ  കാലത്തും മേക്കപ്പിനെയും വസ്ത്രധാരണത്തെയും കുറിച്ചാണ് വനിതാ മന്ത്രി റിനയുടെ ചിന്ത.’– എന്നിങ്ങനെയാണ് പലരുടെയും വിമർശനങ്ങൾ. വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ശക്തമായതോടെ സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വീട്ടിലിരുന്ന് പലരും ജോലി ചെയ്യുന്ന കാലത്ത് കുടുംബത്തിലെ ആളുകൾ തമ്മിൽ ഊഷ്മളബന്ധം നിലനിൽക്കുന്നതിനായാണ് ഇത്തരം നിർദേശങ്ങൾ നൽകിയതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

English Summary: Don't Nag Your Husband During Lockdown, Malaysia's Government Advises Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com