ADVERTISEMENT

വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയുക എന്നത് പലരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നെങ്കിലും അതു യാഥാര്‍ഥ്യമായപ്പോള്‍ പലരും ഞെട്ടലിലാണ്. കോവിഡ് കാലത്തെ ലോക് ഡൗണിനെതുടര്‍ന്നാണ് പല സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടത്.  എന്നാല്‍ വീട്ടുജോലിക്കിടെയുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങള്‍ പലരെയും പ്രതിസന്ധിയിലാക്കി. ഇത്തരത്തിലുള്ള ഒട്ടേറെ കഥകള്‍ കഴി‍ഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നു. അവയില്‍ ഏറ്റവും പുതിയ കഥയിലെ കഥാപാത്രങ്ങള്‍ ഒരു വനിതാ ന്യൂസ് റിപ്പോര്‍ട്ടറും അച്ഛനുമാണ്. 

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ജെസീക്ക ലാങ് സണ്‍കോസ്റ്റ് ന്യൂസ് നെറ്റ് വര്‍ക് എന്ന മാധ്യമസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വീട്ടിലെ അടുക്കളയില്‍നിന്ന് അവര്‍ ഒരു വിഡിയോ ദൃശ്യം ഷൂട്ട് ചെയ്യുന്നതിനിടെ പെട്ടെന്നാണ് അച്ഛന്‍ കടന്നുവന്നത്. ദൃശ്യത്തിലേക്ക്. തലയിലൂടെ തന്റെ ടി ഷര്‍ട്ട് ഊരിമാറ്റിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റ അപ്രതീക്ഷിതമായ എന്‍ട്രി. ജെസീക്കയുടെ ദൃശ്യം പകര്‍ത്തിക്കൊണ്ടിരുന്നത് അമ്മ ഡയാനയായിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്‍പായിരുന്നു അച്ഛന്റെ കടന്നുവരവ്.അതും ദൃശ്യത്തില്‍ ഉള്‍പ്പെട്ടതോടെ തലയില്‍ കൈവച്ച് ഇരിപ്പായി ജെസീക്ക.  അതോടെ സംഗതി കുളമായി. 

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ജെസീക്ക വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയത്. തയാറാക്കിയ ദൃശ്യം ഓഫിസിലേക്ക് അയയ്ക്കാന്‍ പറ്റില്ലെന്നു വന്നതോടെ ജെസീക്ക അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ‘വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ എല്ലാവരും ആവശ്യപ്പെടുന്നു. അതേ, നല്ല കാര്യം തന്നെ’  എന്ന അടിക്കുറിപ്പോടെ. ഏഴുലക്ഷം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജെസീക്ക പോസ്റ്റ് ചെയ്ത ദൃശ്യം കണ്ടതും ഇഷ്ടപ്പെട്ടതും. ഒട്ടേറെപ്പേര്‍ രസകരമായ കമന്റുകളും പോസ്റ്റ് ചെയ്തു. 

ജെസീക്ക, നിങ്ങളുടെ അച്ഛന്‍ ഒരു ഉഗ്രന്‍ കഥാപാത്രം തന്നെ- ഒരാളുടെ കമന്റ്. നല്ല തമാശ. എന്നാല്‍ നിങ്ങളുടെ അച്ഛനെപ്പോലെതന്നെയാണ് എല്ലാ അച്ഛന്‍മാരും എന്നു മറക്കരുത്- മറ്റൊരാള്‍ എഴുതി. 

English Summary: Reporter Working From Home Interrupted By Shirtless Dad In Hilarious Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com