ADVERTISEMENT

‘നീല കൗശിക്കിനെ പരിചയപ്പെടൂ. ഗുഡ്ഗാവ് മോമ്സ് എന്ന 33,000 ല്‍ അധികം അമ്മമാരുടെ കൂട്ടായ്മ രൂപീകരിച്ച ധീരയായ സ്ത്രീ. ഇവരെപ്പോലെയുള്ളവരെ അറിയാമെങ്കില്‍ അവരുടെ കഥ പറയൂ. അവ നമ്മളെ പ്രചോദിപ്പിക്കും. ആവശഭരിതരാക്കും. അഭിമാനപുളകിതരാക്കും.’ ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് തന്നെയാണ് നീല കൗശികിനെ രാജ്യത്തിനു പരിചയപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്. രാജ്യം അറിയേണ്ട കഥയാണ് ഈ വനിതയുടേത്. ഒരു രാജ്യത്തെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ കഥകളിലൊന്ന്. 

mom-summit

ഒരു വ്യാഴവട്ടം മുന്‍പ് 2008 ലാണ് ഗുഡ്ഗാവ് മോമ്സിന്റെ തുടക്കം. ദേശീയ തലസ്ഥാന മേഖലയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയുടെ തുടക്കം. അന്നു മുതല്‍ രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സ‍ഷ്ടിച്ചുകൊണ്ട് നീല സജീവമാണ്. നീണ്ട നാളത്തെ വിദേശ ജീവിതത്തിനുശേഷം 2008 ലാണ് നീല ഡല്‍ഹിയില്‍ എത്തുന്നത്. ദേശീയ തലസ്ഥാന മേഖലയിലെ ഗുഡ്ഗാവില്‍. പുതിയ ഇന്ത്യയുടെ പ്രതീകമായാണ് അന്ന് എല്ലാവരും ഗുഡ്ഗാവിനെ കണ്ടത്. എങ്കിലും വിപുലമായ അനുഭവ പരിചയമുള്ള നീലയെ  നഗരം തൃപ്തിപ്പെടുത്തിയില്ല. ഒട്ടേറെ ചോദ്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ആരും ഉത്തരം പറയാത്തവ. ചെന്നൈയിലെ വീട്ടില്‍ കഴിയുന്ന തന്റെ കുട്ടിക്ക്  ജൈവാഹാരം എവിടെനിന്നു കിട്ടും. മികച്ച ഒരു പീഡിയാട്രീഷ്യനെ കാണാന്‍ എവിടെ പോകും. ചെറുപ്പക്കാരായ അമ്മമാര്‍ ആശങ്കപ്പെടുന്ന ഒട്ടേറെ കാര്യങ്ങള്‍. താന്‍ ഒറ്റയ്ക്കല്ലെന്നും തന്നെപ്പോലെ അനേകം ചെറുപ്പക്കാരികളായ വനിതകള്‍ ഗുഡ്ഗാവില്‍തന്നെയുണ്ടെന്നും അവര്‍ മനസ്സിലാക്കി. വിവാഹിതരായി ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യം നോക്കി മാത്രം കഴിയുന്നവര്‍. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഒന്നും ചെയ്യാനാവാത്തവര്‍. ജോലി രാജിവച്ചവര്‍. ഇത്തരക്കാരെ ഒരുമിച്ചുകൊണ്ടുവരാന്‍ നീല മുന്നിട്ടിറങ്ങി; അതിന്റെ സദ്ഫലമാണ് ഗുഡ്ഗാവ് മോമ്സ്. 

ചെറിയൊരു കൂട്ടായ്മ. അതു ക്രമേണ വലുതായിക്കൊണ്ടിരുന്നു. വര്‍ക് ഷോപ്പുകള്‍. പാര്‍ട്ടികള്‍. എല്ലാവരും അറിയേണ്ട കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. പരിഹാരം കണ്ടെത്തി. പുതിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രസവത്തെത്തുടര്‍ന്ന് കടുത്ത നിരാശ ബാധിച്ച ഒട്ടേറെ പേരുണ്ടായിരുന്നു. പേര് പുറത്തുപറയാന്‍ മടിക്കുന്നവര്‍. ഒരു ചികിത്സയും ലഭിക്കാതെ വീട്ടകങ്ങളില്‍ മൗനമായി കഴിഞ്ഞിരുന്നവര്‍. 

ആര്‍ക്കും എന്തു പ്രശ്നവും ഉന്നയിക്കാന്‍ കഴിയുമായിരുന്നു ഗുഡ്ഗാവ് മോമ്സില്‍. എന്തു വിവരവും തേടാം. ഏത് അനുഭവവും പങ്കുവയ്ക്കാം. അവയെല്ലാം കേള്‍ക്കുന്നുണ്ടെന്നും പരിഹാരം നിര്‍ദേശിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതായിരുന്നു നീലത്തിന്റെ പ്രധാന ഉത്തരവാദിത്തം. കൂട്ടായ്മയില്‍ അഭിഭാഷകരുണ്ടായിരുന്നു. ഡോക്ടര്‍മാരും കൗണ്‍സലര്‍മാരുമുണ്ടായിരുന്നു. മനഃശാസ്ത്രജ്ഞരുണ്ടായിരുന്നു. എല്ലാ മേഖലയില്‍നിന്നുമുള്ള ഒട്ടേറെപ്പേര്‍. 

gurgaon-moms

വീട്ടിലെ ജോലികള്‍ക്കൊപ്പം ഓഫിസിലെ ജോലിയും ചെയ്യേണ്ടിവരുന്ന വനിതകള്‍ക്കായിരുന്നു പ്രശ്നങ്ങള്‍ കൂടുതല്‍. അത്തരക്കാരായിരുന്നു ഏറെ. അതിനൊപ്പം ജോലിക്കു പോകാന്‍ ആഗ്രഹിക്കുകയും അവസരം ഇല്ലാതിരിക്കുകയും ചെയ്തവരുമുണ്ടായിരുന്നു. അവര്‍ക്കുവേണ്ടിയാണ് ഓപ്പര്‍ച്യുനിറ്റി കോളം തുടങ്ങുന്നത്. മാര്‍ക്കറ്റ് പ്ലെയ്സ് ഫ്രൈഡേ എന്ന കോളത്തിലൂടെ സംരംഭകരായ സ്ത്രീകള്‍ക്ക് അവരുടെ ഉല്‍പനങ്ങള്‍ വില്‍ക്കാനുള്ള അവസരമുണ്ടാക്കി. 2014 ല്‍ ആയിരുന്നു വഴിത്തിരിവ്. ഒരു കോര്‍ ടീമിനെ സൃഷ്ടിച്ച് മോം അച്ചീവേഴ്സ് സമ്മിറ്റ് തുടങ്ങി. അതോടെ സ്ത്രീകളുടെ നിസ്സാര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പ് എന്ന പ്രതിഛായയില്‍നിന്ന് ഉയരാനും കഴിഞ്ഞു. 

ഉപാസന ലുത്രയാണ് ഗുഡ്ഗാവ് മോമ്സിന്റെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ‘ ഗുഡ്ഗാവിന്റെ ഗുഗിള്‍’  എന്നാണ് ഇന്ന് കൂട്ടായ്മ അറിയപ്പെടുന്നതുതന്നെ. രണ്ടു കൂട്ടികളുടെ അമ്മയായ ഉപാസന ഈ കൂട്ടായ്മയില്‍ വന്നതോടെയാണ് സ്വന്തം കഴിവുകള്‍ കണ്ടെത്തുന്നുതുതന്നെ. കുട്ടികള്‍ക്ക് മികച്ച ആഹാരം എവിടെനിന്നു കണ്ടെത്തുമെന്നു വിഷമിച്ച അതേ അമ്മമാര്‍ തന്നെയാണ് ഇന്ന് സ്ലര്‍പ് ഫാം എന്ന രാജ്യാന്തര ബ്രാന്‍ഡ് നടത്തുന്നതും. 

നിലവില്‍ 33,000 പേരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ഇവരില്‍ 90 ശതമാനം പേരും ഏതെങ്കിലുമൊക്കെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അതാണ് എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്- നീല കൗശിക് പറയുന്നു. 

Read In English

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com