ADVERTISEMENT

കോവിഡ് ലോക്ഡൗണിനെതുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചതോടെ തായ്‍ലന്‍ഡില്‍ ഇല്ലാതായത് രാത്രി ജീവിതം കൂടിയാണ്. ബാറുകളും നിശാ നൃത്തശാലകളും അടച്ചു. മസാജ് പാര്‍ലറുകളും ബ്യൂട്ടി പാര്‍ലറുകളും അടച്ചു. തെരുവുകളും വിജനമായി. ചരിത്രത്തിലാദ്യമായി വിനോദ സഞ്ചാരം പൂര്‍ണതോതില്‍ നിന്നതോടെ അതിനെ ആശ്രയിച്ചു ജീവിച്ചിരുന്ന നൂറുകണക്കിനു ലൈംഗിക തൊഴിലാളികളും പ്രതിസന്ധിയിലായി. കോവിഡിനെ കാഠിന്യത്തെക്കുറിച്ച് ഇവര്‍ക്കും അറിയാം. എന്നാല്‍ താമസ സ്ഥലത്ത് മാസം തോറും എങ്ങനെ വാടക കൊടുക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. തായ്‍ലന്‍ഡില്‍ ബാങ്കോക് മുതല്‍ പട്ടായ വരെയുള്ള .സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ചുവന്ന തെരുവുകള്‍ ഇന്നു നിശ്ശബ്ദമാണ്. ജോലി നഷ്ടപ്പെട്ടത് മൂന്നു ലക്ഷത്തോളം വരുന്ന ലൈംഗിക തൊഴിലാളികള്‍ക്കും. 

വാടക കൊടുക്കാനും ഭക്ഷണത്തിനും പണം ഇല്ലാതായതോടെ ഇവര്‍ തെരുവുകളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇതാകട്ടെ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എനിക്കു രോഗത്തെ പേടിയാണ്. പക്ഷേ, ഭക്ഷണത്തിനു പണം കണ്ടെത്തണം. വാടകയും കൊടുക്കണം. അതിനാല്‍ ഞാന്‍ ഉപഭോക്താക്കളെ തേടി ഇറങ്ങിയിരിക്കുകയാണ്- ട്രാന്‍സ്ജെന്‍ഡറായ ലൈംഗികത്തൊഴിലാളി പിം (32) പറയുന്നു. ബാങ്കോക്കിലെ തെരുവിനു സമീപമായുന്നു പിം ജോലി ചെയ്യുന്ന നൃത്തശാല. വെള്ളിയാഴ്ചയാണ് തായ്‍ലന്‍ഡില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാത്രി 10 മുതല്‍ രാവിലെ 4 വരെ. ലൈംഗിക തൊഴിലാളികള്‍ പലരും ബാറുകളിലാണ് ജോലി ചെയ്യുന്നത്. അവിടം സന്ദര്‍ശിക്കുന്നവരില്‍ നിന്നു കിട്ടുന്ന ടിപ്പുകള്‍ക്കു പുറമെ പലരും വിനോദ സഞ്ചാരികളുടെ താമസ സ്ഥലത്തും ചെല്ലാറുണ്ട്. ഇവയെല്ലാം ഇപ്പോള്‍ മുടങ്ങിയിരിക്കുന്നു. 

15 മിനിറ്റ് കൊണ്ട് ഫലം ലഭിക്കുന്ന കോവിഡ് റാപ്പിഡ് ടെസ്റ്റ് തായ്‍ലന്‍ഡ് നടപ്പാക്കിക്കഴിഞ്ഞു. രോഗം എത്രയും വേഗം കണ്ടുപിടിച്ച് വ്യാപനം തടയുകയാണ് ലക്ഷ്യം. 20 പേര്‍ ഇതിനോടകം മരിച്ചു. 2000- ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ പത്തു ദിവസമായി പിമ്മിന് ഒരു കസ്റ്റമറിനെപ്പോലും ലഭിച്ചിട്ടില്ല. വാടകയുടെയും ഭക്ഷണത്തിന്റെയും ബില്‍ ആകട്ടെ ഉയരുകയും. പിമ്മിന്റെ സുഹൃത്തും മറ്റൊരു ട്രാന്‍സ്ജെന്‍ഡറുമായ ആലിസും ഇപ്പോള്‍ തെരുവില്‍ കസ്റ്റമേഴ്സിനെതേടി എത്തിയിരിക്കുകയാണ്. നേരത്തെ 300 മുതല്‍ 600 ഡോളര്‍ വരെ ആഴ്ചയില്‍ ആലിസ് സമ്പാദിക്കുമായിരുന്നു. വാടക കൊടുത്തില്ലെങ്കില്‍ ഹോട്ടലുകാര്‍ ഇറക്കിവിടുമെന്നതാണ് അവസ്ഥയെന്നും ആലീസ് പറയുന്നു. 

തെരുവില്‍ ഇടയ്ക്കിടെ കാണുന്ന വിനോദ സഞ്ചാരികളാണ് ഇവരുടെ നോട്ടം. അവരെ എങ്ങനെയെങ്കിലും പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോകാനാണ് നോക്കുന്നത്. എന്നാല്‍ ഇതു രോഗ വ്യാപനത്തിന്റെ സാധ്യത കൂട്ടുമെന്നത് ഇവര്‍ തല്‍ക്കാലം മറക്കുന്നു. അംഗീകൃത തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അടുത്ത 3 മാസത്തേക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗിക തൊഴില്‍ അംഗീകൃതമല്ലാത്തതിനാല്‍ ഇവര്‍ക്ക് ധനസഹായം ലഭിക്കില്ല. തങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാരിനു നിവേദനം നല്‍കി കാത്തിരിക്കുകയാണ്. രോഗം വന്നേക്കാം. എന്നാല്‍ അതിനു മുന്‍പു തന്നെ പട്ടിണി കൊണ്ട് ഞങ്ങള്‍ മരിച്ചേക്കാം- ആലിസും പിമ്മും ഒരേ സ്വരത്തില്‍ പറയുന്നു. 

English Summary: "Scared, But Have To Pay For Food": Virus Leaves 3 Lakh Sex Workers Jobless In Thailand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com