sections
MORE

പരിചയപ്പെടാം ഒരു മിടുക്കിയെ; ക്വാറന്റീൻ കാലം കളറാക്കി നിയ സെറ

Nia-Zera-Ignatius
SHARE

ഇലച്ചെടികൾ കുത്തിനിറച്ച സ്പാനിഷ് മോഡൽ ഓപ്പൺ വിൻഡോയുടെ മുകളിരുന്നു നിറങ്ങൾ വാരിവിതറി ക്വാറന്റീൻ കളറാക്കുകയാണ്‌ നിയ സെറ. ഇതൊരു വ്യത്യസ്തമായ കാഴ്ചയൊന്നുമല്ല പ്രത്യേകിച്ചും ഈ ലോക്ഡൗൺ നാളുകളിൽ. നേരെചൊവ്വേ വളവുകളില്ലാത്ത ഒരു നേർവര വരയ്ക്കാൻപോലും കഴിയാതിരുന്ന ചിലരെങ്കിലും തീർച്ചയായും ഇപ്പോൾ തകർപ്പൻ ആർട്ടിസ്റ്റുകൾ ആയിട്ടുണ്ടാവും. ചിലർ എഴുതുന്നു, വരയ്ക്കുന്നു, പാടുന്നു, നൃത്തം ചെയ്യുന്നു മറ്റുചിലർ പാചകം, കൃഷി, ഗാർഡനിങ് എന്നിവയിൽ സമയം ചിലവഴിക്കുന്നു. എന്നാൽ ഇതെല്ലം ഒരാൾക്ക് ഭംഗിയായി ചെയ്യാൻ പറ്റിയാൽ അയാൾ സൂപ്പറല്ലേ? അങ്ങനൊരാളാണ് നിയ.

മുഴുവൻ പേര് നിയ സെറ ഇഗ്‌നേഷ്യസ്. ആള് സൂപ്പറാണെങ്കിലും സമൂഹമാധ്യമങ്ങളിൽ അത്ര ആക്ടീവ് അല്ല, അതുകൊണ്ട് തന്നെ അധികമാർക്കും കണ്ടുപരിചയമുള്ള മുഖമല്ല നിയയുടേത്. നിയ വരച്ചിട്ടുള്ള ചിത്രങ്ങളെല്ലാം ക്യൂട്ടാണ്, വൈകാരികത നിറഞ്ഞവയാണ്. കൂടുതലും തന്നെ തന്നെ പ്രതിനിധീകരിക്കുന്നവ ‘ഞാൻ വരയ്ക്കുന്ന ചിത്രങ്ങൾ വളരെ സിംപിളാണ്, മിക്കതും എന്റെ ഇമോഷൻസ് തന്നെയാണ്’–നിയ പറയുന്നു.

pictures1

കോട്ടയംകാരിയായ നിയ ഹൈസ്കൂൾവരെ പഠിച്ചതും വളർന്നതും മുന്നാറിലാണ്, അതുകൊണ്ട് തനിക്കെപ്പോഴും മുന്നാറിനോട് ഒരിക്കലും അവസാനിക്കാത്ത പ്രണയമാണെന്ന് നിയ പറയുന്നു. ‘മിക്കവരും ആദ്യമായിട്ട് വരയ്ക്കുന്ന ഒരു പടമില്ലേ ? ഒരു വീട്, മരം, ചെടിച്ചട്ടി പിന്നെ ആകാശം, രണ്ടു മലകളുടെ ഇടയിൽ ഒരു സൂര്യൻ, അതിന്റെ അടിയിൽ രണ്ടു കാക്ക?’– അത് എന്റെ കാര്യത്തിൽ ഒറിജിനലാ. മലകൾക്കിടയിൽ തേയിലത്തോട്ടങ്ങൾക്കു നടുവിൽ ഒരു അടിപൊളിവീട്ടിലാണ് ഞങ്ങൾ ജീവിച്ചിരുന്നത്. ‘രാജ്യത്തിന് അകത്തും പുറത്തുമായി ധാരാളം യാത്രകൾ ചെയ്തിട്ടുണ്ട് ഞാൻ. ഒരുപാട് ഭംഗിയുള്ള  സ്ഥലങ്ങളെ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്, വ്യത്യസ്തരായ മനുഷ്യരിലൂടെയും അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്, എങ്കിലും ഇതുപോലെ ഒരു കുഞ്ഞു സ്വർഗം വേറെ എവിടെയും ഇതുവരെ കണ്ടിട്ടില്ല’. മൂന്നാർ കഴിഞ്ഞാൽ പിന്നെ എന്റെ സ്ഥലം കോട്ടയമാണ്, കോട്ടയത്തെ എരിവും പുളിയും ഉള്ള മീൻകറി അതൊരു സംഭവമാണ് അത് കിട്ടിയാൽപ്പിന്നെ ചുറ്റിനും ഉള്ള ഒന്നും കാണാൻ പറ്റില്ല’– നിയ കൊതിയോടെ പറഞ്ഞു നിർത്തി.

കൂടുതലും സ്വകാര്യതയിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ഇൻട്രൊവർട്ട് ആയിരുന്ന നിയ കുറച്ചു വായടിയായി തുടങ്ങിയത് ഈ അടുത്തകാലത്താണ്. ധാരാളം വായിക്കാറുള്ള നിയയുടെ ഇപ്പോഴത്തെ ഇഷ്ട പുസ്തകം ഇന്ത്യൻ അമേരിക്കൻ ന്യൂറോസർജൻ ഡോക്ടർ പോൾ കലാനിധി എഴുതിയ ‘വെൻ ബ്രേത് ബികംസ് എയർ’ ആണ്. അർബുദത്തിനോട് പോരാടുന്ന തന്റെ അവസാന നാളുകളെ കുറച്ചാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

വികാരങ്ങൾ നിറഞ്ഞ ഇല്ലുസ്ട്രേഷനുകൾ മാത്രമല്ല നിയ ക്യാമറയിൽ പകർത്തിയിട്ടുള്ള ഓരോ ചിത്രങ്ങളും ഇന്റൻസായി നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്. ചിത്രങ്ങളിലേ ഓരോ മുഖങ്ങളിലും ഓരോ കഥയുണ്ട്, നിയയുടെ എഴുത്തും വ്യത്യസ്തമല്ല, ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ട വാക്കുകൾ കൂട്ടിവായിക്കുന്ന വായിക്കുന്ന എന്നോട് ചിരിച്ചുകൊണ്ട് നിയ പറഞ്ഞു ‘ഒന്നും നോക്കേണ്ട എല്ലാം ഇമോഷണലി കണ്ണെക്റ്റഡ് ആണ്’.

pictures3

ജീവിതത്തെ കുറിച്ചുള്ള നിയയുടെ ഫിലോസഫി ഇങ്ങനെയാണ്‘ ഞാൻ ഒരു ഹാപ്പി പേഴ്സൺ ആണ്, ഒരു സെലക്ടിവ് ഇൻട്രോവേർട്ട് ആയതുകൊണ്ട് സന്തോഷത്തിന് കുറവൊന്നും ഇല്ല. മെന്റൽ ഹെൽത്ത് വളരെ പ്രധാനമാണ് അതിനുള്ള താക്കോൽ സന്തോഷമാണ്. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, അത് നമ്മൾക്കുവേണ്ടി ചെയ്യുക അപ്പോൾ സന്തോഷം താനെ വരും. ചുറ്റുമുള്ളവർ നമ്മളെ ഇഷ്ടപ്പെട്ടാൽ തീർച്ചയായും നമ്മൾ ഡബിൾ ഹാപ്പിയാണ് പക്ഷേ, എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണം എന്നില്ല. മറ്റുള്ളവർ നമ്മളെ ഇഷ്ടപ്പെടാൻ കാത്തിരിക്കുന്നതിൽ അർഥമില്ല, ആദ്യം നമ്മളെ നാം അംഗീകരിക്കുക പിന്നെ ചുറ്റിനും ഉള്ള എല്ലാവരെയും എല്ലാത്തിനേയും. സ്നേഹവും പരസ്പര ബഹുമാനവും പോലെത്തന്നെ പരസ്പരം ക്ഷമിക്കുകയും അംഗീകരിക്കുകയും വേണം’– നിയ വ്യക്തമാക്കി.

മീഡിയ സ്റ്റഡീസിൽ പിഎച്ച്ഡി ബിരുദധാരിയായ നിയ തിരുവനന്തപുരത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ പ്രോഗ്രാം ഡയറക്ടറായി ജോലി ചെയ്യുകയാണ്. കേരളത്തിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരം എന്തുകൊണ്ടും ശാന്തമാണ് എന്നാണ്‌ നിയയുടെ അഭിപ്രായം. അനിമേഷൻ, ഫാഷൻ ഡിസൈനിങ്, സൈക്കോളജി എന്നിവയിലും ബിരുദധാരിയാണ് ഈ 27 വയസുകാരി. തന്റെ ആദ്യത്തെ പുസ്തകം അടുത്ത ഡിസംബറിൽ പ്രസിദ്ധികരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡും ഒരു ആർട് സ്റ്റുഡിയോയും ബക്കറ്റ് ലിസ്റ്റിലുണ്ട്. ഷോർട് സ്റ്റോറികളും സ്ക്രിപ്റ്റുകളും എഴുതുന്ന ഒരു നല്ല സിനിമ പ്രേമികൂടെയാണ് നിയ. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഒട്ടുമിക്ക മത്സരങ്ങളിലും ഒന്നാം സ്ഥാനക്കാരിയായിരുന്നു. മോഹിനിയാട്ടമാണ് ഇഷ്ട നടനം, സംഗീതവും പരീക്ഷിക്കാറുണ്ട്. നിയയുടെ ചില ഫാഷൻ ഡിസൈനുകൾ അമേരിക്കൻ മാഗസിനായ എല്ലി അമേരിക്കയിൽ പ്രസിദ്ധികരിച്ചിരുന്നു. കൂടാതെ ജാപ്പനീസ് മെസ്സൻജറായ ലൈനിനു വേണ്ടി കാർടൂണുകളും ഡിസൈൻ ചെയ്തു നൽകിയിട്ടുണ്ട്.

pictures2

ഒരാൾക്ക് എത്രയും വ്യത്യസ്ഥങ്ങളായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനും ഒപ്പം നന്നായി പഠിക്കാനും എങ്ങനെ സാധിക്കുന്നു എന്ന് ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘If you are good at quite a few things, focus on one thing at a time but one followed by one and make sure that you are not missing out anything which you can pull off beautifully. Consider the things you’re good at to be tools you’ll use to accomplish a sense of purpose’ എത്ര ചെറുതാണെങ്കിലും ഓരോ ക്രിയേറ്റീവ് ആർട്ടും  ഓരോ അനുഭവങ്ങളാണ്. ‘എനിക്ക്, അതിൽനിന്നു പഠിക്കാനും മാറ്റി ചിന്തിക്കുവാനും എന്തെങ്കിലും ഒക്കെ കിട്ടാറുണ്ട്, ചിലപ്പോൾ യാഥാർഥ്യമല്ല എന്നുതോന്നുമെങ്കിലും ഒരു ചെടി നട്ടുവളർത്തുമ്പോൾ അതിനോടൊപ്പം ഞാനും വളരുന്നപോലെയുള്ള  ഇമോഷണൽ കണക്ഷൻ ഫീൽ ചെയ്യാറുണ്ട്’– ഇത് പറയുമ്പോൾ നിയയുടെ കണ്ണുകളിൽ തിളക്കം.

യാത്രകളെ സ്നേഹിക്കുന്നവരോട് നിയ പറയുന്നു ‘ജീവിതത്തിൽ ഒരിക്കലെങ്കിലും കാശ്മീരിലെ ഗുൽമാർഗിൽ പോകണമെന്ന്, അത്രയ്ക്കും സുന്ദരമാണ് അവിടം. കഴിഞ്ഞ രണ്ടുവർഷമായി യാത്രകൾ കുറവാണ്, കഴിയുമെങ്കിൽ ഒരിക്കൽക്കൂടി സുഹൃത്തുക്കൾക്കൊപ്പം ലേയിലേക്ക് ഒരു യാത്രപോകണം. യാത്രകൾ നമ്മുടെ ജീവിതത്തിനോടുള്ള പെർസെപ്ഷൻസ് മാറ്റിമറിക്കും’– ലോക്ഡൗൺ കാലത്ത് വീട്ടിലെ ചുമരുകൾക്കിടയിൽ നിന്ന് മുന്നിലേക്കുള്ള നീണ്ട വഴികളെ കുറിച്ച് നിയ പറഞ്ഞവസാനിപ്പിച്ചു.

pictures4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA