sections
MORE

‘ചുറ്റിക കൊണ്ട് അയാൾ ഉമ്മയെ അടിച്ചു; കട്ടിലിനടിയിലിരുന്ന് ഞാൻ പേടിച്ച് മൂത്രമൊഴിച്ചു’

ramseena
SHARE

രണ്ടാനച്ഛനില്‍ നിന്നുമേറ്റ അവഗണനയുടേയും പീഡനത്തിന്റേയും ഉള്ളു പൊള്ളും കഥ സമൂഹമാധ്യമത്തിനു മുന്നിലേക്ക് വയ്ക്കുകയാണ് റംസീന ഉമൈബാ എന്ന പെൺകുട്ടി.  കൊടിയ പീഡനം ഏറ്റുവാങ്ങിയ ഉമ്മയുടെ ഓര്‍മകള്‍ കൂടി ചേര്‍ത്തുവച്ചാണ് റംസീനയുടെ ഉള്ളുലയ്ക്കും കുറിപ്പ്. വിവേചനത്തില്‍ തുടങ്ങി കണ്ണില്ലാത്ത ക്രൂരത വരെ നീളുന്ന അനുഭവം റംസീന പകര്‍ത്തി വയ്ക്കുമ്പോള്‍ വായനക്കാരുടെ നെഞ്ചു പിടയും.

കുറിപ്പ് വായിക്കാം

എന്റെ ഉമ്മയ്ക്ക്, എല്ലാ ഉമ്മമാർക്കും 

എന്റെ ഓർമയിൽ എന്റെ രണ്ടാനച്ഛൻ എന്തെങ്കിലും പണിയെടുക്കുന്നത് കണ്ടിട്ടുള്ളത് ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ്. അന്നെല്ലാം പണി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോൾ അയാളുടെ കയ്യിൽ ഓരോ പൊതികളുണ്ടാകുമായിരുന്നു. കപ്പ ചിപ്സും ലേയ്സും മിക്സ്ചറും ഐസ് ക്രീമും തേങ്ങാ ബണ്ണുമെല്ലാമായിരിക്കും. ഓരോ ദിവസവും .ഇയാൾ വരുന്ന സമയവും നോക്കി വാതിൽക്കൽ തന്നെ നിൽക്കുന്ന ഉമ്മയുടെ മുഖമാണിപ്പോൾ ഓർമ വരുന്നത്. ആ പൊതി ആരും കാണാതെ അഴിച്ചു നോക്കി അത് അടുക്കളയിലെ ഏതെങ്കിലുമൊരു കലത്തിൽ ഒളിപ്പിച്ച ശേഷം തട്ടം വലിച്ചിട്ട് പുറത്തേക്കോടുന്ന ഉമ്മയുടെ ആ ഓട്ടം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്. അയാൾ എന്ത് കൊണ്ടുവന്നാലും 3 എണ്ണം മാത്രമേ ആ പൊതികളിൽ ഉണ്ടാകുമായിരുന്നുള്ളൂ. അയാളുടേതായി ജനിച്ച എന്റെ രണ്ടനിയത്തിമാർക്കും അനിയനുമുള്ള 3 പൊതികൾ. അയാൾ കൊണ്ടുവരുന്ന പൊതി അഴിച്ചു നോക്കി അതിലെന്താണൊ ഉള്ളത് അത് പോലൊരെണ്ണം എനിക്ക് കൂടെ വാങ്ങാനായാണ് ഉമ്മ അന്നെല്ലാം കിതച്ചോടിയിരുന്നത്. ഉമ്മ വാതിൽക്കൽ ഇല്ലെങ്കിൽ ആ പൊതി അയാൾ തന്നെ പൊളിച്ചു അവർക്കു മൂന്നു പേർക്കും എന്റെ മുന്നിൽ വെച്ച് തന്നെ കൊടുക്കുമെന്ന് പേടിയുള്ളതിനാൽ ഉമ്മ കരുതലോടെ എന്നും ആ നിൽപ്പ് തുടരുമായിരുന്നു. അന്ന് ഉമ്മ അനുഭവിച്ച വേദനയുടെ ആഴം അക്കാലത്തു തന്നെ എനിക്ക് നന്നായി മനസ്സിലായിരുന്നു. 

ഇന്നോളം ഉമ്മ അനുഭവിക്കുന്ന വേദനകൾ ഒരുപക്ഷെ എന്നെ ഓർത്തു മാത്രമുള്ളതായിരിക്കും. അയാളെന്നോട് വിവേചനവും വെറുപ്പും കാണിക്കുമ്പോഴെല്ലാം ഉമ്മയുടെ നെഞ്ചിലെ പിടച്ചിലോർത്ത്‌ പല വിഷമങ്ങളും ഞാൻ മുഖത്തു കാണിക്കാറേയില്ലായിരുന്നു. വർഷത്തിൽ ചെറിയ പെരുന്നാളിന് മാത്രം പുതിയ വസ്ത്രമെടുക്കാറുള്ളു ഞങ്ങൾ. ഞാൻ പ്ലസ് ടുവിനു പഠിക്കുന്നത് വരെ ആ ഡ്രെസ്സുകളെല്ലാം പെരുന്നാളിന്റെ അന്ന് മാത്രമേ ഇടാൻ യോഗമുണ്ടായിട്ടുള്ളു എനിക്ക്. പള്ളിയിൽ പോയി തിരിച്ചു വന്നു ഡ്രസ് അഴിച്ചു വച്ചാൽ പിന്നെ അത് കാണാനുണ്ടാകില്ല. പിറ്റേ ദിവസം കത്തികൊണ്ട് വെട്ടിക്കീറിയ നിലയിലോ കത്തിച്ച നിലയിലോ അടുക്കളയ്ക്ക് പിറകു വശത്തായി അവ കിടക്കുന്നതാണ് കാണാറുള്ളത്. പെരുന്നാളിനു മാത്രം കിട്ടുന്ന പുതുവസ്ത്രങ്ങളും ചെരിപ്പുകളും നിരന്തരമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത് എന്നെ അന്നെല്ലാം ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ എന്റെ ഉമ്മയോ? അയാളോട് പ്രതികരിക്കാനുള്ള ശേഷിയില്ലാതെ എന്നെയും കെട്ടിപിടിച്ചു ആർത്തലറി വിളിക്കും.വീട്ടു ജോലിക്ക് പോവുമ്പോൾ അവിടുത്തെ കുട്ടികളിടുന്ന പഴയ ചുരിദാറോ മിഡിയോ കൊണ്ട് വന്നു ഇത് നിനക്ക് നല്ല ഭംഗിയുണ്ട്.നല്ല മൊഞ്ചുണ്ട് എന്ന് പറഞ്ഞെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. ഉമ്മയുടെ സന്തോഷത്തിനായി എന്നേക്കാൾ വലുപ്പമുള്ള ആ ഉടുപ്പുകളുമിട്ട് ഞാൻ കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കും.

കല്യാണ വീടുകളിൽ സദ്യ വിളമ്പുന്ന ജോലിക്ക് പോയി ഞാനുണ്ടാക്കുന്ന 150 രൂപ അയാൾ മോഷ്ടിക്കുകയാണെന്നറിഞ്ഞിട്ടും ഓരോ വീടും കയറിയിറങ്ങി പാത്രം കഴുകിയും തുണിയലക്കിയും ഉണ്ടാക്കുന്ന പൈസയിൽ നിന്നും ഇതാ അതിവിടെ കിടക്കുകയായിരുന്നു അവിടെ കിടക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു 150 രൂപ എന്നെ എത്രയോ തവണ ഏൽപിപ്പിക്കുന്ന ഉമ്മയുടെ ചേർത്ത് പിടിക്കൽ ഞാനിപ്പോഴും അനുഭവിക്കുന്നുണ്ടുമ്മാ എന്നോടുള്ള പക മാറാതെ ഞാൻ കഴിക്കുന്ന ഭക്ഷണത്തിലേക്ക് വെള്ളം കോരി ഒഴിക്കുന്ന അയാളെ ഭയന്ന് എനിക്കുള്ള ഭക്ഷണം ആരും കാണാതെ ഉമ്മറത്തെ ഇരുട്ടത്തേക്കു കൊണ്ട് വരുന്ന ന്റെ ഉമ്മയുടെ നിസ്സഹായതയും ദൗർബല്യവും നിങ്ങൾക്കൂഹിക്കാവുന്നതിലും അപ്പുറമാണ്.

ഞാനെന്തെങ്കിലും തിരിച്ചു പറയുമ്പോഴുള്ള കരണക്കുറ്റി നോക്കിയുള്ള അയാളുടെ അടിയിൽ ഞാൻ ബോധംകെട്ടു വീഴുമ്പോഴെല്ലാം ഉമ്മയും ബോധം കെട്ടു വീഴാറുണ്ട്. ന്റെ ഉമ്മാ. എന്നെ അടിക്കുന്നത് തടയാനോ എന്നോടുള്ള ഉപദ്രവങ്ങൾ ചോദ്യം ചെയ്യാനോ ശ്രമിച്ചാൽ ഉമ്മക്ക് കിട്ടാറുള്ള അടികൾ കണ്ട് പേടിച്ചു വിറച്ചു കട്ടിലിനടിയിലോ അലമാറക്കുള്ളിലോ കയറിയിരിക്കാറേ ഉള്ളൂ അന്ന് ഞാൻ. ഒരിക്കൽ ഉമ്മയെ അയാൾ ചുറ്റിക കൊണ്ട് കാലിനടിക്കുന്നത് കണ്ട് കട്ടിലിനടിയിൽ കിടന്നു മൂത്രം പോലും ഒഴിച്ചിട്ടുണ്ട് ഞാൻ. നടക്കാനാവാതെ ഉമ്മ ദിവസങ്ങളോളം ഇരുന്നു നിരങ്ങുന്നത് കണ്ട് ഞങ്ങൾ മക്കൾ എത്രമാത്രം ദൈവത്തെ ശപിച്ചിട്ടുണ്ടെന്നോ...? അന്നുമുതലാണുമ്മാ ഞാൻ ദൈവത്തെ വെറുത്തു തുടങ്ങിയത്.ആ ദിവസങ്ങൾ ഇന്നുമെന്റെ ഉറക്കത്തിലെ പേടിപ്പിക്കുന്ന സ്വപ്നങ്ങളാണുമ്മാ.അന്നത്തെ നമ്മുടെ നിസ്സഹായതകളോർത്തു ഞാനൊരു രാത്രിയിൽ വീട് വിട്ടു പോലീസ് സ്റ്റേഷനിൽ പോയിരുന്നത് ഉമ്മയ്‌ക്കോർമ്മയുണ്ടോ? അന്ന് മൂത്തുമ്മായുടെ കൂടെ ഉമ്മ വരാഞ്ഞത് നന്നായി എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അന്നത്തെ ന്റെ ഉമ്മയെ ഞാൻ കാണാതിരുന്നത് തന്നെയായിരുന്നു നല്ലത്.

അതിനേക്കാളേറെ പ്ലസ്ടു മോഡൽ പരീക്ഷക്ക് കൃത്യം എട്ടു ദിവസം മുൻപ് അയാളെന്റെ എല്ലാം പാഠ പുസ്തകങ്ങളും കത്തിച്ചു കളഞ്ഞത് ഉമ്മയ്ക്കോർമ്മയില്ലേ. ജീവിതത്തിൽ എനിക്ക് അയാളോട് ഏറ്റവും കൂടുതൽ പക തോന്നിയ ദിവസമായിരുന്നു ഉമ്മ അത്. മറ്റെല്ലാം പൊറുത്തു കൊടുത്താലും അത് മാത്രം എനിക്ക് പൊറുക്കാൻ പറ്റുന്നില്ലല്ലോ ഉമ്മാ. അന്നും പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് എന്നത്തേയും പോലെ അയാൾ വീട് വിട്ടു പോയിരുന്നില്ലേ.അങ്ങനെ ഓരോ തവണയും അയാളിറങ്ങി പോകുകയോ ആത്മഹത്യാ ഭീഷണി മുഴക്കുകയോ ചെയ്യുമ്പോൾ ഉമ്മ അയാളോട് ഒന്നും പറയാനാവാതെ നെഞ്ചത്തടിച്ചു കരയുന്നത് ഞാനെത്രയോ കണ്ടതാണ്. അന്നുണ്ടായ എന്റെ സംശയം തീർത്തു തന്നത് പ്ലസ്ടുവിലെ എന്റെ സുവ്രദ് മാഷായിരുന്നു. "മൂന്നു മക്കളുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പുരുഷന്റെ physical presence എങ്കിലും ആവശ്യമുള്ള ഒരു സമൂഹമാണ് റംസീന ഇത്, അതുകൊണ്ട് നീ ആ വീട് വിട്ടു മറ്റെങ്ങോട്ടെങ്ങിലും പോയി പഠിക്കൂ, ജോലി നേടൂ" തൃശ്ശൂർക്ക് ഡിഗ്രി പഠനത്തിനായി ഞാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ഉമ്മയെന്നെ അത്രെയേറെ സന്തോഷത്തോടെയല്ലേ യാത്രയാക്കിയത്. ഈ നരകത്തിൽ നിന്ന് നീ ഒന്ന് രക്ഷപ്പെടൂ എന്ന് പറഞ്ഞു അന്നെന്നെ കെട്ടിപിടിച്ചപോലുള്ള ആ ചൂട് എന്നെ ഇപ്പോഴും പൊള്ളിക്കാറുണ്ട് ഉമ്മ.

ഉമ്മാ, ഉമ്മയുടെ അന്നത്തെ നിസ്സഹായതകളോർക്കുമ്പോൾ ഇപ്പോഴുള്ള എനിക്ക് വല്ലാത്ത ദേഷ്യവും അമർഷവും തോന്നുന്നുണ്ട്. ഇന്നത്തെ ബുദ്ധിയോ ബോധമോ ബന്ധങ്ങളോ അന്നുണ്ടായിരുന്നെങ്കിൽ നമുക്കയാളെ എന്നെ ഉപേക്ഷിക്കാമായിരുന്നു. ഇപ്പോഴും ഉമ്മ അയാളോട് സംസാരിക്കാറോ അയാളുടെ കൂടെ ഒരു മുറിയിൽ കിടക്കാറോ ഇല്ലെന്നെനിക്കറിയാം. അന്ന് ചെയ്യാതിരുന്ന പലതിനെയും കുറിച്ചോർത്തു എല്ലാ നിസ്കാരങ്ങൾക്കു ശേഷവും ഉമ്മ കരയാറുണ്ടെന്നും എനിക്കറിയാം. എന്തായാലും നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയൊക്കെ ആയി പോയി ഉമ്മ. ഇനി വിഷമിച്ചിട്ടെന്തു കാര്യം. ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും കരുത്തുറ്റ രണ്ടു സ്ത്രീകളായി നമ്മൾ മാറിയത്. കൂടുതൽ കൂടുതൽ സ്നേഹിക്കാനുള്ള കാരണങ്ങൾ നമുക്കിടയിലുണ്ടായത്. ഒരു കൂട്ടുകാരിയെ പോലെ എല്ലാം തുറന്നു പറയാനുള്ള എല്ലാ ഇടങ്ങളും നമുക്കിടയിൽ നിലനിർത്തുന്നത്. വേദനകൾ കൊണ്ട് കൂട്ടിയിണക്കപ്പെട്ട രണ്ടു സ്ത്രീകളാണുമ്മാ നമ്മൾ. ഇനിയുള്ള ജീവിതം സന്തോഷത്തിന്റേതായിരിക്കും. നമുക്ക് നഷ്ടപ്പെട്ട നല്ല നിമിഷങ്ങൾ നമുക്കിനിയും തിരിച്ചു പിടിക്കണം ഉമ്മാ.

ന്റെ ഉമ്മമാരെ, ന്റെ ഉമ്മയെ പോലെ നിങ്ങളോരുത്തരെയും നിസ്സഹായരാക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ അമ്മമാരും ഇന്നും ജീവിക്കുന്നത്. മകളോട് സ്വന്തം അച്ഛനോ രണ്ടാനച്ഛനോ കുടുംബാംഗങ്ങളോ കാണിക്കുന്ന എല്ലാ തരത്തിലുമുള്ള പീഡനങ്ങളും പുറത്തു പറയാൻ അനുവദിക്കാത്ത ഒരു കുടുംബ- സാമൂഹ്യ ചുറ്റുപാടിൽ തന്നെയാണ് നാമിപ്പോളുമുള്ളത്. ഞങ്ങളെ സംബന്ധിച്ചു അന്ന് ഞങ്ങൾക്ക് ഒരു വിധത്തിലുമുള്ള പിന്തുണയുണ്ടായിരുന്നില്ല. കുടുംബാംഗങ്ങളോ പള്ളി കമ്മിറ്റിയോ അയൽവാസികളൊ സുഹൃത്തുക്കളോ നാട്ടുകാരോ ഒന്നും ഇടപെടാൻ വരുമായിരുന്നില്ല. സാഹചര്യങ്ങൾ ഇന്ന് കുറച്ചു കൂടി ഭേദപ്പെട്ടിട്ടുണ്ട്, സമൂഹത്തിന്റെ മനസ്ഥിതി മാറിയിട്ടില്ലെങ്കിൽ പോലും ഒരു സ്ത്രീക്ക് ഒറ്റക്കും മക്കളോടൊപ്പവും വളരെ മെച്ചപ്പെട്ട രീതിയിൽ തന്നെ ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യം നമുക്കുണ്ടാക്കാൻ പറ്റും. നിങ്ങളുടെ കൂടെയുള്ള ഭർത്താവിനോ പങ്കാളിക്കോ നിങ്ങളെ മനസിലാക്കാനോ പിന്തുണക്കാനോ കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വെറുതെയൊരു പുരുഷൻ. കുടംബ വ്യവസ്ഥക്ക് പുറത്തും നിങ്ങൾക്ക് പ്രണയവും സൗഹൃദവും കൈ മാറാനുള്ള പുരുഷന്മാരെ കണ്ടെത്താൻ പറ്റുമെന്നേ... എന്റെ ഉമ്മയ്ക്ക് അങ്ങനെയൊരു കാമുകനുണ്ടായിരുന്നുവെങ്കിലെന്നു ഞാനെത്രയോ ആഗ്രഹിച്ചിട്ടുണ്ട്. ഉമ്മയൊന്ന് സന്തോഷത്തോടെ ചിരിച്ചു കളിച്ചിരിക്കുന്നത് കാണാൻ കൊതിച്ചിട്ടുണ്ട്. കുടുംബം ആയി പോയി എന്നത് കൊണ്ട് മാത്രം മക്കളെയോർത്തോ മറ്റു കെട്ടുപാടുകളെയോർത്തോ ഒന്ന് ചിരിക്കാൻ പോലുമാവാതെ കഴിയുന്ന ന്റെ അമ്മമാരേ.

English Summary: Viral Facebook Post On Ramseena

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA