ADVERTISEMENT

ഐസലേഷന്‍ വാസത്തിനു ശേഷം തിരിച്ചെത്തിയ ഡല്‍ഹിയിലെ മുതിര്‍ന്ന വനിതാ ഡോക്ടര്‍ക്ക് അയല്‍വാസിയില്‍നിന്ന് ദുരനുഭവം. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ജ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും വീട്ടില്‍ പൂട്ടിയിട്ടുമാണ് വനിതാ ഡോക്ടറെ അയല്‍വാസി സ്വീകരിച്ചത്.

വസന്ത് കുഞ്ജിലെ വീട്ടില്‍ വനിതാ ഡോക്ടര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. കോവിഡ് രോഗികളെ പരിശോധിക്കുന്നതില്‍ സജീവമായിരുന്ന ഡോക്ടര്‍ക്ക് സാംപിള്‍ എടുക്കുന്നതിനിടെയാണ് രോഗം പിടിപെട്ടതെന്നു കരുതുന്നു. ഐസലേഷനിലായിരുന്ന ഡോക്ടര്‍ക്ക് ക്വാറന്റീന്‍ കാലത്തിനു ശേഷം രണ്ടു തവണ പരിശോധന നടത്തി. രണ്ടു പ്രവശ്യവും ഫലം നെഗറ്റീവ്. തുടര്‍ന്നാണ് അവരെ വീട്ടിലേക്കു മടക്കിയയച്ചത്. എന്നാല്‍, അയല്‍വാസി ക്രൂരമായി പെരുമാറിയതോടെ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഡോക്ടര്‍.

ഡല്‍ഹിയില്‍ തീസ് ഹസാരിയില്‍ പൊലീസ് ലൈനിലെ ആശുപത്രിയിലാണ് വനിതാ ഡോക്ടര്‍ ജോലി ചെയ്തിരുന്നത്. വൈഎംസിഎയില്‍ ആയിരുന്നു ഐസലേഷന്‍ കാലത്ത് താമസിച്ചിരുന്നത്. ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയല്‍വാസി ഭീഷണിയുമായി എത്തി. കോവിഡ് രോഗിയായതിനാല്‍ വസന്ത് കുഞ്ജിലെ വീട്ടില്‍ താമസിപ്പിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഭീഷണിയും അസഭ്യവും. ഐസലേഷന്‍ കാലം പൂര്‍ണമാക്കിയാണ് താന്‍ തിരിച്ചെത്തുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. 24 മണിക്കൂറിനിടെ നടത്തിയ രണ്ടു പരിശോധനയിലും ഫലം നെഗറ്റീവ് ആണെന്ന കാര്യവും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നിട്ടും അയല്‍വാസി അസഭ്യം പറയുന്നത് നിര്‍ത്താന്‍ തയാറില്ലെന്നാണ് ഡോക്ടര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. 

അസഭ്യം നിര്‍ത്താനും പരാതിയുണ്ടെങ്കില്‍ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റിനു പരാതി നല്‍കാനും ആവശ്യപ്പെട്ടപ്പോള്‍ അയല്‍വാസി ഡോക്ടറെ വീട്ടില്‍ പൂട്ടിയിട്ടു. ‘ഇനി നിങ്ങള്‍ ഈ വിട്ടില്‍ നിന്നു പുറത്തിറങ്ങുന്നത് ഒന്നു കാണണം. നിങ്ങള്‍ ഇവിടെ നിന്നു പോയേ മതിയാകൂ. അതില്‍ ഒരു മാറ്റവുമില്ല. ആരെ വേണമെങ്കിലും വിളിച്ചോളൂ - അയല്‍വാസി ഉച്ചത്തില്‍ പറഞ്ഞു. 

ഇതേത്തുടര്‍ന്ന് ഡോക്ടര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്നതിനാല്‍ തനിക്ക് ഭയമുണ്ടെന്നും ഏതു നിമിഷവും അയല്‍വാസി തന്നെ ആക്രമിച്ചേക്കാമെന്നും ഡോക്ടര്‍ പറയുന്നു. പരാതി ലഭിച്ചെന്നും അന്വേഷണം തുടങ്ങിയെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

English Summary: Lady Doctor Wins Over Covid 19 Gets Threats and Abuses from neighbour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com