ADVERTISEMENT

ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ മാനസിക സംഘർഷം അനുഭവിക്കുന്ന വിഭാഗത്തിലുള്ള ഗർഭിണികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുംബൈ ഹൈക്കോടതി. മുംബൈയിൽ ഗർഭിണികൾക്ക് ചികിത്സയും പ്രസവ പരിചരണവും കൊടുക്കുന്ന എത്ര ആശുപത്രികളും ക്ലിനിക്കുകളും ഉണ്ടെന്ന വിവരം നൽകണമെന്ന് കഴിഞ്ഞ ദിവസം കോടതി ബ്രിഹൻ മുംബൈ മുനിസിപ്പിൽ കോർപറേഷനോട്(ബിഎംസി) ആവശ്യപ്പെട്ടു,. ലോക്ഡൗൺ കാലത്ത് എത്ര ഗർഭിണികൾ നഗരത്തിൽ കുട്ടികൾക്ക് ജൻമം നൽകി എന്ന വിവരവും സമർപ്പിക്കണം.

കോവിഡ് ഇല്ലെന്ന റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ പേരിൽ ഗർഭിണിക്ക് ജെജെ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് മൊഹിയുദ്ദിൻ വൈദ് എന്ന അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി വിഡിയോ കോൺഫറൻസിലൂടെയാണ് കോടതി കേട്ടത്. ഏപ്രിൽ 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാഗ്പാഡയിൽ നിന്നുള്ള ഗർഭിണിയായ യുവതി ആശുപത്രിയിൽ എത്തിയെങ്കിലും പ്രവേശനം നിഷേധിക്കപ്പെട്ടു എന്നാണ് ആരോപണം. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് യുവതിയുടെ കൈവശം ഇല്ലായിരുന്നു. പിന്നീട് മൂന്ന് ആശുപത്രികളിൽ ചെന്നെങ്കിലും ആരും യുവതിയെ പ്രവേശിപ്പിച്ചില്ല. നാല് ആശുപത്രികളും വാതിൽ അടച്ചതോടെ വീട്ടിൽ വച്ച് യുവതി കുട്ടിക്കു ജൻമം നൽകി. മിഡ്‍വൈഫിന്റെ സഹായവും യുവതിക്കു ലഭിച്ചു. 

ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടികൾ വേണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് എഎ സയീദും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പ്രശ്നത്തിൽ ഇടപെട്ട് കോർപറേഷന്റെ മറുപടി തേടിയത്. എന്നാൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡർ സംഭവം നിഷേധിച്ചു. ജെജെ ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സംവിധാനം ഇല്ലെന്ന് അറിയിച്ച അദ്ദേഹം ഏപ്രിൽ 27 ന് അഞ്ച് ഗർഭിണികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അറിയിച്ചു. കോർപറേഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും ഗർഭിണികൾക്ക് നഗരത്തിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് അറിയിച്ചു. എങ്കിലും വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാമെന്നും അറിയിച്ചു. കോർപറേഷന്റെ വാദം കൂടി കേട്ടശേഷം ഈ മാസം 22 ന് കോടതി വീണ്ടും കേസ് കേൾക്കും. അതിനുമുൻപ് ഗർഭിണികളെ പ്രവേശിപ്പിക്കുന്ന ആശുപത്രികളുടെ മുഴുവൻ വിവരവും നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

നേരത്തെ ഏഴ് ആശുപത്രികളിൽ പ്രവേശനം കിട്ടാതിരുന്ന ഗർഭിണിയായ യുവതി മുംബൈ നായർ ആശുപത്രിയിൽ മൂന്നു കുട്ടികൾക്ക് ജൻമം നൽകിയിരുന്നു. യുവതി കോവിഡ് ഉണ്ടായിരുന്നെങ്കിലും കുട്ടികൾക്ക് രോഗം ബാധിച്ചിരുന്നില്ല. മൂന്നു പേരും ആരോഗ്യത്തോടെയിരിക്കുന്നു എന്ന വാർത്തയും പുറത്തുവന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com