ADVERTISEMENT

പ്രായം 65. ആര്‍ത്രൈറ്റിസ് രോഗി. പക്ഷേ, തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ അതുവരെ പാലിച്ചിരുന്ന നീയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി നൃത്തം ചെയ്യാതിരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കയ്യില്‍ ഒരു വടിയും പിടിച്ച് ആ വയോധിക നൃത്തം ചെയ്യുന്ന ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. പുണെ അനുന്ധ് സിവില്‍ ആശുപത്രിയിലാണു സംഭവം. 

കോവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് 19 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് രോഗമില്ലെന്ന വിവരം സ്ഥിരീകരിക്കുന്നത്. അതോടെയാണ് സന്തോഷം അത്യാഹ്ലാദത്തിനും നൃത്തത്തിനും വഴിമാറിയത്. കോവിഡ് ബാധിയില്ലെന്ന് അറിയുന്ന രോഗികളെ സന്തോഷത്തോടെ ചിരിച്ചു യാത്രയാക്കുന്നത് കണ്ടിട്ടുണ്ട്. അവരെ ആവേശത്തോടെ സ്വീകരിക്കുന്ന രംഗങ്ങളും പരിചിതമാണ്. എന്നാല്‍ ഇതാദ്യമാണ് ഒരു സ്ത്രീ രോഗമില്ലെന്ന് അറിഞ്ഞ നിമിഷത്തില്‍ നൃത്തം ചെയ്യുന്നത് കാണുന്നത്. പുണെയിലും ഇതാദ്യമാണ് ഇത്തരമൊരു രംഗം- ജില്ലാ കലക്ടര്‍ നവല്‍ കിഷോര്‍ റാം പറയുന്നു. രോഗത്തെ പേടിക്കരുതെന്നും ആത്മവിശ്വാസത്തോടെ നേരിടണമെന്നുമാണ് ഈ സംഭവം തെളിയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

മംഗള്‍വാര്‍ പേട് എന്ന സ്ഥലത്താണ് സ്ത്രീയുടെ വീട്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന് അടുത്തൊരു ആശുപത്രിയിലായിരുന്നു ചികിത്സ. അവിടെ സ്ഥലം തികയാതെവന്നതിനെത്തുടര്‍ന്നാണ്  പുണെയിലെ സിവില്‍ ആശുപത്രിയിലേക്ക് രണ്ടാഴ്ച മുന്‍പ് വിദഗ്ധ ചികിത്സയ്ക്ക് മാറ്റുന്നത്. ഗുരുതര നിലയിലായിരുന്നു ആശുപത്രി മാറ്റം. ക്രിത്രിമ ശ്വാസോഛ്വാസവും കൊടുക്കേണ്ടിവന്നു. പ്രമേഹവും ആര്‍ത്രൈറ്റിസും നേരത്തെ തന്നെയുണ്ട്. കോവിഡ് ബാധിച്ചതോടെ ശ്വാസകോശ പ്രശ്നങ്ങളും തുടങ്ങി. വടിയും കുത്തി മറ്റൊരാളുടെ സഹായത്തോടെയാണ്  അവര്‍ ആശുപത്രിയില്‍ വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 10 ദിവസം ഐസിയുവില്‍ ആയിരുന്നെന്ന് ഡോ. ശര്‍മിള ഗേക്ക്‌വാദ് വെളിപ്പെടുത്തുന്നു. എന്നാല്‍ 19 ദിവസത്തെ ചികിത്സയ്ക്കുശേഷം കൊറോണയില്ലെന്നു മനസ്സിലായപ്പോള്‍ ആ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ആശുപത്രി ജീവനക്കാരുടെ മധ്യത്തിലൂടെ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ച് സ്ത്രീ നൃത്തച്ചുവടുകള്‍ പുറത്തെടുത്തത്. അവരെ തടയാന്‍ അപ്പോള്‍ ആര്‍ക്കും തോന്നിയില്ല. അവര്‍ അത്രമാത്രം സന്തോഷത്തിലായിരുന്നു. അതവര്‍ പ്രകടിപ്പിക്കട്ടെ എന്നുതന്നെ ഞങ്ങളും കരുതി: ഡോ. ശര്‍മിള പറയുന്നു. 

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞാണ് സ്ത്രീ മടങ്ങിയത്. നിങ്ങള്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് -അവര്‍ നന്ദിയോടെ പറഞ്ഞു. മരിക്കുമെന്നുതന്നെയാണ് ഞാന്‍ പേടിച്ചത്. എന്നാല്‍ നിങ്ങള്‍ എന്റെ ജീവിതം രക്ഷിച്ചു. നിങ്ങളെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല: ഇടറുന്ന വാക്കുകളില്‍ അവര്‍ പറഞ്ഞു. 

ആ വാക്കുകള്‍ കേട്ടപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരും കയ്യടിച്ചു. ആശുപത്രി വാസത്തിനിടെ സ്ത്രീ ആരോഗ്യത്തെക്കുറിച്ച് ഉത്കണ്ഠയിലായിരുന്നു എന്ന് നഴ്സുമാരും പറയുന്നു. ബുദ്ധിമുട്ടിയാണ് അവരെക്കൊണ്ട് ഭക്ഷണം കഴിപ്പിച്ചിരുന്നത്. ആകെ പേടിയിലായിരുന്നു: നഴ്സുമാര്‍ പറയുന്നു. 

ഗുരുതര ോഗികള്‍ക്കുള്ള ചികിത്സ തന്നെയാണ് സ്ത്രീക്കും നല്‍കിയതെന്ന് ഡോക്ടര്‍ പറയുന്നു. പ്രമേഹവും മൂര്‍ഛിച്ച നിലയിലായിരുന്നു. ശുഗര്‍ ലെവല്‍ മാറിക്കൊണ്ടിരുന്നത് വലിയ വെല്ലുവിളിയായി. ആര്‍ത്രൈറ്റിസിന്റെ ഫലമായി വലിയ വേദനയുമുണ്ടായിരുന്നു. പ്രത്യേകിച്ചം കാലിന്റെ മുട്ടുകളില്‍. അത് ലഘൂകരിക്കാന്‍ ഫിസിയോതെറപ്പിയും ചെയ്യേണ്ടിവന്നു. 

ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്കു മാറ്റിയപ്പോള്‍ മറ്റു രോഗികള്‍ക്കൊപ്പം സ്ത്രീ വേഗം കൂട്ടായി. സ്ത്രീയുടെ ആത്മവിശ്വാസം രോഗം മാറാന്‍ നന്നായി സഹായിച്ചെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിരാശരായ രോഗികളെ ചികിത്സിക്കാനും പ്രയാസമാണ്. അവര്‍ രോഗത്തില്‍ നിന്നു രക്ഷപ്പെടാന്‍ കാലതാമസവുമെടുക്കും. എന്നാല്‍, ആത്മവിശ്വാസത്തോടെ, താന്‍ ഈ രോഗത്തെ അതിജീവിക്കും എന്നു വിചാരിക്കുന്നവരെ വേഗം തന്നെ സുഖപ്പെടുത്താനാകും: ഡോക്ടര്‍ പറയുന്നു. 

English Summary: Elderly woman with arthritis breaks into a dance after beating Covid-19 at Pune hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com