ADVERTISEMENT

സൂറത്തില്‍ അതിഥിത്തൊഴിലാളികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുന്ന രംഗം കണ്ടപ്പോള്‍ സമാധാനത്തോടെയിരിക്കാന്‍ കഴിയാതെ വന്ന ഒരു കുടുംബത്തിന്റെ കഥയാണിത്. വിപിന്‍ കൗശിക് ആ കുടുംബത്തിന്റെ നാഥനാണ്. അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ കഥയിലെ പ്രധാന കഥാപാത്രങ്ങളും. 

കുറേദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് അതിഥിത്തൊഴിലാളികളുടെ പലായനത്തിന്റെ കഥകളാണ്. യാത്രയ്ക്കിടെ മരിച്ചുവീഴുന്നവരുടെ ദുരന്തങ്ങള്‍. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുന്നവര്‍. അവരുടെ കണ്ണീരിന്റെയും യാതനയുടെയും ദുരിതങ്ങളുടെയും കഥകള്‍. എന്തുകൊണ്ടാണ് ഇവരുടെ സുഗമ യാത്രയ്ക്ക് സര്‍ക്കാര്‍ സൗകര്യം ഒരുക്കാത്തതെന്ന് വിപിന്‍ ചോദിക്കുന്നു; അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും. ദുരിതങ്ങള്‍ തീരാതെ തുടരുന്നതിനിടെ, കൗശിക് ബെംഗളൂരുവിലുള്ള മകളെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പാംങ്കുരി കൗശിക്കിനെ. പാംങ്കുരിയും ഭര്‍ത്താവ് ഹിരേന്‍ ശര്‍മയും ഉടന്‍ അച്ഛന്റെ ദൗത്യത്തില്‍ പങ്കുചേര്‍ന്നു. ഇരുവരും ബെംഗളൂരുവില്‍ ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. 

എങ്ങനെയാണ് അതിഥി തൊഴിലാളികള്‍ക്ക് സൗകര്യം എത്തിക്കുന്നത് എന്നതിനെക്കുറിച്ച് തുടക്കത്തില്‍ പാംങ്കുരിക്കും ഭര്‍ത്താവിനും ഒരു ഐഡിയയും ഇല്ലായിരുന്നു. അവസാനം ഒരു വെബ്സൈറ്റ് അവര്‍ തയാറാക്കി.  അടുത്ത ഒരാഴ്ചയ്ക്കകം വേണ്ട സോഫ്റ്റ് വെയര്‍ സജ്ജീകരണങ്ങളൊക്കെ തയാറാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എവിടെയൊക്കെ എത്രയെത്ര അതിഥി തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വേഗം അറിയാന്‍ കഴിയുമെന്നതാണ് വെബ്സൈറ്റിന്റെ മെച്ചം. ഒരു ഗ്രാഫിക് ഡിസൈനറെ പാംങ്കുരി തങ്ങളുടെ കൂട്ടായ്മയിലേക്ക് കൊണ്ടുവന്നു. ലോഗോകളും പോസ്റ്ററുകളും തയാറാക്കി. വ്യാപകമായി പ്രചരിപ്പിച്ചു. അവസാനമാണ് കൗശിക് കുടുംബത്തിലെ മൂത്ത മകള്‍ റിതികയും പദ്ധതിയുടെ ഭാഗമാകുന്നത്. യുഎസില്‍ ഗവേഷണം ചെയ്യുകയാണ് 32 വയസ്സുകാരിയായ റിതിക. വെബ്സൈറ്റിന്റെ ഉള്ളടക്കം റിതികയാണ് തയാറാക്കിയത്. 

ഞാനും കുടുങ്ങിക്കിടക്കുകയാണ്- അമേരിക്കയില്‍ നിന്ന് റിതിക പറയുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികളുടെ പ്രശ്നം മറ്റാരേക്കാളും എനിക്കു നന്നായി അറിയാം. മാധ്യമ സിനിമാ പഠനമാണ് റിതികയുടെ വിഷയം. ഇപ്പോള്‍ ചിക്കാഗോയിലാണ്. ആദ്യദിവസങ്ങളില്‍ കുടുംബവുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയശേഷമാണ് റിതിക ഒറ്റരാത്രി കൊണ്ട് ഉള്ളടക്കം തയാറാക്കിയത്. മേയ് ആറിന് വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടു. ലോക്ഡൗണ്‍ മൂവ്മെന്റ്  എന്ന പേരില്‍. വരൂ, നമുക്ക് തിരിച്ചുപോകാം എന്ന ടാഗ് ലൈനോടോകൂടി. 

കുടുങ്ങിയ അതിഥിത്തൊഴിലാളികളെ അധികാരികളുമായി ബന്ധപ്പെടുത്തുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. അങ്ങനെ അവരുടെ സുരക്ഷിത യാത്ര സാധ്യമാക്കുക. ഏതാനും ദിവസത്തിനകം മുംബൈയിലെ കാമാത്തിപുരയില്‍ നിന്ന് 4,000 നിര്‍മാണ തൊഴിലാളികള്‍ ബന്ധപ്പെട്ടു. അവര്‍ക്ക് ബിഹാറിലേക്കാണ് പോകേണ്ടിയിരുന്നത്. മണിക്കൂറുകള്‍ ഒരുകഷണം ബ്രെഡിനുവേണ്ടി കാത്തുനില്‍ക്കുന്ന അവസ്ഥയിലായിരുന്നു അവര്‍. അവരെ രക്ഷിച്ചുകൊണ്ട് കൗശിക് കുടുംബത്തിന്റെ വെബ്സൈറ്റിനു ശുഭ തുടക്കവുമായി. 

തുടക്കത്തില്‍ അധികാരികള്‍ പ്രതികരിച്ചില്ലെങ്കിലും എംഎല്‍എയുടെ സഹായത്തോടെ തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. രാജ്യത്തെ 51 സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങള്‍ കൗശിക് കുടുംബത്തിന്റെ വെബ്സൈറ്റിലുണ്ട്. 10,000 ല്‍ അധികം തൊഴിലാളികള്‍. അവരെയെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതുവരെ ആ കുടുംബത്തിന് ഉറക്കമില്ല. നിരന്തരം അവര്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുകയാണ്. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍. കണ്ണീര്‍ക്കഥകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍. 

English Summary: Across Continents A Family's Unites To Help Stranded Migrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com