ADVERTISEMENT

ആശങ്കകളില്ലാതെ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മണിപ്പൂരിലേക്കു തിരിച്ചുവരാമെന്ന് സര്‍ക്കാര്‍. രാജ്യത്ത് ആദ്യമായി ട്രാന്‍സ്ജന്‍ഡറുകള്‍ക്കു മാത്രമായി ക്വാറന്റീന്‍ സെന്റര്‍ തുറന്നിരിക്കുകയാണ് മണിപ്പൂര്‍ സര്‍ക്കാര്‍. ഇംഫാലില്‍ ഇത്തരത്തില്‍ രണ്ടു കേന്ദ്രങ്ങള്‍ പൂര്‍ണമായും സജ്ജമാക്കിയതായി സാമൂഹിക ക്ഷേമ വിഭാഗം ഡയറക്ടര്‍ നാംഗും ഉട്ടം അറിയിച്ചു. ആദ്യത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ 24 പേര്‍ക്ക് സുഖമായി താമസിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഗ്രീന്‍ സോണുകളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇവിടെ പ്രവേശനം. റെഡ് സോണില്‍നിന്നു വരുന്നവര്‍ക്കു മാത്രമായി രണ്ടാമത്തെ കേന്ദ്രവും ഉപയോഗിക്കാനാണ് തീരുമാനം. 

വൈകാരിക സുരക്ഷിതത്വം കണക്കിലെടുത്താണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുവേണ്ടി മാത്രമായി ക്വാറന്റീന്‍ കേന്ദ്രം തുറന്നതെന്നാണ് അധികൃതര്‍ പറയുന്നത്. നേരത്തേ പൊതു ക്വാറന്റീന്‍ കേന്ദ്രത്തില്‍ തന്നെയായിരുന്നു ട്രാന്‍സ്ജെന്‍ഡറുകളെയും പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ചില അസൗകര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പ്രത്യേക കേന്ദ്രം തന്നെ സ്ഥാപിച്ചത്. പുരുഷന്‍മാര്‍ക്കൊപ്പവും സ്ത്രീകള്‍ക്കൊപ്പവും ഇവരെ പാര്‍പ്പിച്ചെങ്കിലും അവര്‍ക്ക് തൃപ്തിയായിരുന്നില്ല. ഒടുവില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയാണ് പ്രത്യേക കേന്ദ്രം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതും സര്‍ക്കാര്‍ അംഗീകരിക്കുന്നതും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മറ്റൊരിടത്തും ഇങ്ങനെ പ്രത്യേക കേന്ദ്രങ്ങളില്ല. രാജ്യത്തും മറ്റെവിടെയും മാതൃകകളില്ല- ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ ഒരാള്‍ അഭിപ്രായപ്പെട്ടു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുവേണ്ടി പോരാടുന്ന അമാന എന്ന കൂട്ടായ്മയും സര്‍ക്കാരിനെ നന്ദി അറിയിച്ചു. 50 ല്‍ അധികം പേര്‍ ഇപ്പോള്‍ തന്നെ അമാനയുമായി ബന്ധപ്പെട്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ച മുതലായിരിക്കും പ്രത്യേക കേന്ദ്രങ്ങളില്‍ പ്രവേശനം. 

40 പേര്‍ക്കുള്ള കിടക്കകളാണ് ഇപ്പോള്‍ തയാറായിരിക്കുന്നതെങ്കിലും ആവശ്യം വന്നാല്‍ കൂടുതല്‍ പേര്‍ക്ക് കിടക്കകളും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പു കൊടുത്തിട്ടുണ്ട്. പൊതു ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ പ്രത്യേക ബ്ലോക്കുകളിലും സൗകര്യങ്ങളുണ്ട്. ഇപ്പോള്‍ തയാറായിരിക്കുന്ന കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ വൈഫൈ സൗകര്യമുണ്ട്. മാനസിക പ്രശ്നമുള്ളവരെ സഹായിക്കാന്‍ കൗണ്‍സലര്‍മാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ആഹാരം, വസ്ത്രം എന്നിവയൊക്കെ കൃത്യമായി നല്‍കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ മാനസികാരോഗ്യമാണ് ഏറ്റവും പ്രധാനമെന്നുള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള നീക്കം. നേരത്തെയുള്ള പ്രശ്നങ്ങള്‍ക്കൊപ്പം കോവിഡ് കാലത്തെ നേരിടുന്നതിലും ട്രാന്‍സ്ജെന്‍ഡറുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സലിങ്ങിനു കഴിയുമെന്നാണ് പ്രതീക്ഷ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com