ADVERTISEMENT

എത്രയേറെ സുരക്ഷിതത്വത്തെ കുറിച്ച് പറയുമ്പോഴും ലോകത്ത് എവിടെയും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഓർമിപ്പിക്കുന്ന, അസ്വസ്ഥതയുളവാക്കുന്ന വാർത്തകൾ നമ്മെ തേടി വരാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇറാനിൽ നിന്നു വരുന്നത്. പിതാവിന്റെ ക്രൂരതയ്ക്ക് ഇരയാവുകയും അയാള്‍ തന്നെ കൊല്ലുകയും ചെയ്തു. ഇറാനിലെ ഗിലാൻ പ്രവിശ്യയിലാണ് സംഭവം.

14 വയസാണ് റോമിന അഷ്റഫിയുടെ പ്രായം. പിതാവ് എതിർത്തതിനെ തുടർന്ന് 35 വയസ്സുള്ള തന്റെ കാമുകനൊപ്പം അവൾ പോയി. എന്നാൽ പിതാവിന്റെ പരാതിയെ തുടർന്ന് റോമിനയെയും കാമുകനെയും പൊലീസ് കണ്ടെത്തി. റോമിനയെ പിതാവിനൊപ്പം വിട്ടു. എന്നാൽ, തനിക്ക് ജീവനിൽ പേടിയുണ്ടെന്ന് റോമിന പറഞ്ഞെങ്കിലും അവളുടെ വാക്കുകൾ അവർ മുഖവിലയ്ക്ക് എടുത്തില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കിടപ്പുമുറിയിൽ വച്ച് പിതാവ് റോമിനയെ ക്രൂരമായി കൊലപ്പെടുത്തുകയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കിടപ്പുമുറിയിൽ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ക്രൂരകൃത്യം ചെയ്തശേഷം കൊലക്കത്തിയുമായി ഇയാൾ പൊലീസിൽ കീഴടങ്ങി.

സംഭവത്തിൽ ഇറാനിലെ നീതിന്യായ വ്യവസ്ഥയ്ക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. വീടിനുള്ളില്‍ പെൺകുട്ടി സുരക്ഷിതയല്ലെന്ന ബോധ്യമുണ്ടായിട്ടും അവളെ പിതാവിനൊപ്പം വിട്ട നടപടിയിൽ വനിതാ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളുടെയും പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് നിയമസംവിധാനങ്ങൾക്കു സംഭവിച്ചിരിക്കുന്നത്. ഇറാനിലെ പാട്രിയാർക്കി രീതിയാണ് റോമിനയെ കൊന്നതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. #Romina_Ashrafi എന്ന ഹാഷ് ടാഗോടെയാണ് വാർത്ത പ്രചരിക്കുന്നത്.

‘റോമിനയുടെ  കൊലപാതകം നടുക്കത്തോടെയല്ലാതെ കേൾക്കാനാകില്ല. തീവ്രമായ വേദനയോടെ അനുശോചനം രേഖപ്പെടുത്തുകയാണ്. ദുരഭിമാന കൊലപാതകത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഇരയായിരിക്കും റോമനി. ആധിപത്യ സ്വഭാവമുള്ള സംസ്കാരത്തിന്റെ ഭാഗമാണ് ഇത്തരം കൊലപാതകങ്ങൾ.’– ഇറാൻ സൊസൈറ്റി ഫോർ പ്രൊടക്ടിങ് വുമൻ റൈറ്റ്സ് എന്ന സംഘടനയുടെ സെക്രട്ടറി ഷാഹിന്ദോക്ത്ത് മൊലാവേദി പ്രതികരിച്ചു. ഇറാനിൽ നിലവിലെ നിയമ പ്രകാരം ഏതെങ്കിലും സാഹചര്യത്തിൽ പിതാവ് മകളെ കൊലപ്പെടുത്താൻ ഇടയായാൽ മൂന്ന് വർഷം  മുതൽ പത്തു വർഷം വരെ തടവാണ് പരമാവധി ശിക്ഷ. ഇറാനിലെ ദുരഭിമാന കൊലപാതകത്തെ കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ, ഗ്രാമീണ–ഗോത്ര വിഭാഗങ്ങൾക്കിടയിൽ സമാനരീതിയിലുള്ള കൊലപാതകങ്ങൾ നടക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകരും പറയുന്നു.

English Summary: Romina Ashrafi: Outrage in Iran over 'honour killing' of girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com