ADVERTISEMENT

ഇന്ത്യയുടെ തനത് കലകൾ എപ്പോഴും ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നവയാണ്. മധുബനി എന്ന ചിത്രകലാ ശൈലിയുടെ കാര്യവും മറിച്ചല്ല. ബിഹാർ സ്വദേശിനിയും പത്മശ്രീ ജേതാവുമായ ബൗവ ദേവിയാണ് ലോകത്തിനുമുന്നിൽ ഇന്ന് മധുബനി ചിത്രകലയുടെ മുഖമായി മാറിയിരിക്കുന്നത്.

രാമായണകഥയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ബൗവാ ദേവിയുടെ ചിത്രങ്ങളിൽ ഏറെയും. 78 കാരിയായ ഈ മുത്തശ്ശിക്ക് മധുബനി ചിത്രകല ഒരു കഴിവ് എന്നതിലുപരി പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ്. ബിഹാറിലെ മിഥില എന്ന നാട്ടിലെ രീതിയനുസരിച്ച് പെൺമക്കൾക്ക് അമ്മമാർ ചെറുപ്പത്തിൽതന്നെ മധുബനി ചിത്രകലയുടെ പാഠങ്ങൾ പകർന്നു കൊടുക്കാറുണ്ട്. അങ്ങനെ പതിമൂന്നാം വയസ്സിൽ സ്വായത്തമാക്കിയ ചിത്രകലാ രീതി പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ബൗവാ ദേവി പിന്തുടരുകയായിരുന്നു.

നിറങ്ങൾ സ്വയം നിർമിച്ച് കമ്പുകളും തീപ്പെട്ടി കോലുകളും വിരലുകളും ഉപയോഗിച്ച് പ്രത്യേക ആകൃതിയിൽ വരച്ചാണ് മധുബനി  ചിത്രങ്ങൾ നിർമ്മിക്കുന്നത്.മഞ്ഞളും കരിയും പച്ചരിയും ഒക്കെ ഉപയോഗിച്ചാണ് വിവിധ നിറങ്ങൾ  ഒരുക്കുന്നത്. തങ്ങളുടെ പരമ്പരാഗത രീതി അനുസരിച്ച് വിവാഹം പോലെയുള്ള ആഘോഷവേളകളിൽ ഗ്രാമത്തിലെ സ്ത്രീകൾ എല്ലാവരും ഒത്തുകൂടി ഭിത്തികളിലും ഒക്കെയായി പ്രത്യേകരീതിയിൽ ജാമിതീയ രൂപങ്ങൾ വരയ്ക്കാറുണ്ടായിരുന്നു എന്ന് ബൗവാ ദേവി ഓർത്തെടുക്കുന്നു. എന്നാൽ കഴിഞ്ഞ ഒന്നു രണ്ട് പതിറ്റാണ്ടുകളായി അതിൽ നിന്നും മാറി പേപ്പറുകളിലും ക്യാൻവാസുകളിലും ഒക്കെയായി ആളുകൾ മധുബനി ചിത്രങ്ങൾ വരയ്ക്കുന്നു. പുരാണകഥകളും പ്രകൃതിയും ഒക്കെയാണ് മധുബനി ചിത്രങ്ങളിൽ ഏറെയും നിറയുന്നത്.

1960-കളിൽ ബീഹാറിൽ പട്ടിണി രൂക്ഷമായ സമയത്താണ് ബൗവാ ദേവി മധുബനി ചിത്രകലയിൽ കൂടുതൽ പ്രശസ്തി നേടി തുടങ്ങിയത്. മനോഹരമായ ചിത്രങ്ങൾ ജനങ്ങളുടെ ജീവിതോപാധിയായി മാറ്റുന്നതിന്റെ ഭാഗമായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തിരഞ്ഞെടുത്ത മധുബനി ചിത്രകാരന്മാരുടെ സംഘത്തിൽ ബൗവയും ഇടം നേടിയിരുന്നു. തൻറെ ആദ്യചിത്രത്തിന് 50 പൈസ പ്രതിഫലം ലഭിച്ച നിമിഷം ഇപ്പോഴും ഏറെ അഭിമാനത്തോടെയാണ് ബൗവാ ദേവി ഓർമിക്കുന്നത്. എന്നാൽ ഇന്നാകട്ടെ ഇവരുടെ ചിത്രങ്ങൾക്ക് അമ്പതിനായിരം രൂപവരെ ലഭിക്കാറുണ്ട്.

മധുബനി ചിത്രകലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് 2017 രാജ്യം പത്മശ്രീ നൽകി ബൗവാ ദേവിയെ ആദരിച്ചിരുന്നു. ഇന്ത്യയുടെ തനത് സംസ്കാരവും കലാപാരമ്പര്യവും എടുത്തുകാട്ടുന്ന ബൗവാ ദേവിയുടെ മധുബനി ചിത്രങ്ങൾക്ക് സ്പെയിൻ , ജർമനി, ഫ്രാൻസ്, ജപ്പാൻ തുടങ്ങി വിദേശരാജ്യങ്ങളിലും ആരാധകർ ഏറെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com