ADVERTISEMENT

പ്രഷറില്ല, ഷുഗറില്ല, കാഴ്ചക്കുറവില്ല, കേള്‍വിക്കുറവില്ല. ദിവസവും ചിക്കന്‍ വേണം ചോറുണ്ണാന്‍. രാത്രിയില്‍ ആട്ടിന്‍ പാല്‍ നിര്‍ബന്ധം. ചാലക്കുടി പരിയാരം സ്വദേശിനിയായ ജാനകി നൂറാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നു. കൊച്ചുമക്കളുടെ നിര്‍ബന്ധപ്രകാരം ടിക് ടോക്കിലും മുത്തശി പയറ്റി നോക്കി. ഏഴു മക്കള്‍, പതിമൂന്നു കൊച്ചുമക്കള്‍, അവരുടെ മക്കളായി പതിനഞ്ചു പേര്‍. മക്കളില്‍ മൂത്തയാള്‍ക്ക് എണ്‍പതില്‍ താഴെ. ഇളയ ആള്‍ക്ക് അന്‍പതും. മൂന്നൂ തലമുറകളോടൊപ്പം ജീവിച്ച് മുത്തശി സന്തോഷത്തോടെ കഴിയുകയാണ്. കൊച്ചുമകള്‍ ഗ്രീഷ്മയാണ് മുത്തശിയെ ടിക് ടോക്കില്‍ അഭിനയിപ്പിച്ചത്. എല്ലായ്പ്പോഴും ടിക് ടോക് ചെയ്യാനൊന്നും മുത്തശിയെ കിട്ടില്ല. നല്ല മൂഡ് വേണം.

അങ്ങനെ, നല്ല നേരമാണെങ്കില്‍ എങ്ങനെ വേണമെങ്കിലും അഭിനയിക്കും. സ്വന്തമായി ടിക് ടോക് അക്കൗണ്ട് ഒന്നുമില്ല. കൊച്ചുമക്കളുടെ അക്കൗണ്ടിലാണ് പ്രകടനം. ചാലക്കുടി പുഴയുടെ തീരത്താണ് വീട്. 2018ലെ മഹാപ്രളയത്തെ മുത്തശി അതിജീവിച്ചു. അന്ന്, പള്ളിയിലെ ക്യാംപില്‍ പോയപ്പോഴും ഭക്ഷണം കിട്ടിയപ്പോള്‍ ആദ്യം തിരഞ്ഞത് ചിക്കനാണ്. രാത്രി വേഗം ഉറങ്ങും. പക്ഷേ, പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും കട്ടന്‍കാപ്പി ഉണ്ടാക്കി കുടിക്കും. വീടിനകത്തു നടക്കാന്‍ വടി വേണ്ട. വീടിനു പുറത്തിറങ്ങാന്‍ ഊന്നു വടി വേണം.

നല്ല ആരോഗ്യമുള്ളതിനാല്‍ ഡോക്ടറെ കാണിക്കാനൊന്നും പോകേണ്ടി വന്നിട്ടില്ല. മക്കളില്‍ പലര്‍ക്കും ഡോക്ടറെ കാണാന്‍ പോകേണ്ടി വരുന്നുണ്ട്. പണ്ടുക്കാലത്തെ നല്ല ഭക്ഷണം കഴിച്ചതിന്റെ ആരോഗ്യമാണെന്ന് മുത്തശി പറയും. ഭര്‍ത്താവ് പത്തു വര്‍ഷം മുമ്പാണ് മരിച്ചത്. വീടിനു മുമ്പില്‍ ചരിത്ര പ്രസിദ്ധമായ കൊട്ടാരമുണ്ടായിരുന്നു. ഇപ്പോഴത് കാലപ്പഴക്കംമൂലം തകര്‍ന്നു വീണു. രാജാവും രാ‍ജ്ഞിയും അവധിക്കാലം ആസ്വദിക്കാന്‍ വന്നിരുന്നത് ഈ കൊട്ടാരത്തിലായിരുന്നു. രാ‍ജ്ഞിയുടെ തോഴിയായി പോയിട്ടുണ്ടെന്ന് മുത്തശി പറയുന്നു. ടിക് ടോക് കണ്ടവര്‍ കണ്ടവര്‍ വീണ്ടും വീണ്ടും വീഡിയോ ആവശ്യപ്പെടും. നൃത്തം ചെയ്യാന്‍ ആരോഗ്യമുണ്ടെങ്കിലും നൃത്തം അറിയില്ലെന്നാണ് മുത്തശിയുടെ മറുപടി. കൊച്ചുമകള്‍ ഗ്രീഷ്മ മുത്തശിയെ ടിക് ടോക്കില്‍ തുടര്‍ന്ന് കൊണ്ടുപോകാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ജൂണ്‍ 28നാണ് ജാനകി മുത്തശിയുടെ നൂറാം ജന്‍മദിനം. കെങ്കേമമായി ആഘോഷിക്കാന്‍ കോവിഡ് കാരണം പറ്റില്ല. എന്നിരുന്നാലും ഉറ്റബന്ധുക്കള്‍ പിറന്നാള്‍ സദ്യ ഉണ്ണാന്‍ വരും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com