ADVERTISEMENT

ലൊസാഞ്ചല്‍സിലെ വീട്ടില്‍ നിരന്തരം അതിക്രമിച്ചു കയറിയ പുരുഷനില്‍ നിന്ന് പ്രശസ്ത ഗായിക ബില്ലി എല്ലിഷിന് സംരക്ഷണം അനുവദിച്ച് കോടതി. ന്യൂയോര്‍ക്കില്‍നിന്നുള്ള 24 വയസ്സുകാരനായ റൂസ്സോ എന്ന യുവാവാണ് ഗായികയുടെ വീട്ടില്‍ അനുവാദമില്ലാതെ എത്തിയത്. 18 വയസ്സുകാരിയായ ഗായികയുടെ 100 മീറ്റര്‍ സമീപത്തുപോലും ഇനി എത്തരുതെന്നാണ് റൂസ്സോയോട് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബില്ലിയുടെ കുടുംബാംഗങ്ങളുടെ സമീപത്ത് എത്തുന്നതിനും പ്രതിക്ക് വിലക്കുണ്ട്. 

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനത്തിലാണ് കോടതി ചേര്‍ന്നത്. ജഡ്ജിക്കും വക്കീലന്‍മാര്‍ക്കും പുറമെ ഒരു റിപ്പോര്‍ട്ടര്‍ക്ക്് മാത്രമേ കോടതിമുറിയില്‍ ഹാജരാകാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. പരാതിക്കാരിയും മറ്റും വീട്ടിലിരുന്ന് ഫോണിലൂടെയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. 

ബില്ലി ജോലി ചെയ്യുന്ന സ്ഥലങ്ങളുടെ സമീപം എത്തുന്നതിനും റൂസ്സോയ്ക്ക് വിലക്കുണ്ട്. ബില്ലിയേയോ കുടുംബാംഗങ്ങളെയോ ആക്രമിക്കരുതെന്നും പ്രതിക്ക് കോടതി കര്‍ശന നിര്‍ദേശം കൊടുത്തു. റൂസോയോ വക്കീലോ വിധി കേള്‍ക്കാന്‍ കോടതി മുറിയില്‍ എത്തിയിരുന്നില്ല. ഫോണിലൂടെ വിധി കേട്ട ബില്ലി പ്രതികരണമൊന്നും നടത്തിയിട്ടില്ല. 

മേയ് മാസം 4,5 തീയതികളില്‍ ഏഴു തവണ തന്റെ വീട്ടില്‍ പ്രതിയായ റൂസ്സോ എത്തിയെന്നാണ് ബില്ലിയുടെ പരാതി. മാതാപിതാക്കള്‍ക്കൊപ്പമാണ് ബില്ലി താമസിക്കുന്നത്. ഒടുവില്‍ അനുവാദമില്ലാതെ അതിക്രമിച്ചു കയറിയതിന് റൂസ്സോയെ അറസ്റ്റ് ചെയ്തു. അടുത്ത അഞ്ചു വര്‍ഷത്തേക്ക് ബില്ലിയുടെയും മാതാപിതാക്കളുടെയും സമീപം എത്തുന്നതില്‍നിന്ന് റൂസ്സോയെ വിലക്കണം എന്നായിരുന്നു ആവശ്യമെങ്കിലും മൂന്നു വര്‍ഷത്തെ വിലക്കാണ് കോടതി അനുവദിച്ചിരിക്കുന്നത്. 

പരാതിയില്‍ പറയുന്ന ദിവസങ്ങളിലല്ലാതെ മറ്റു ദിവസങ്ങളില്‍ പ്രതി ബില്ലിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല എന്നു ചൂണ്ടിക്കാട്ടിയാണിത്. റൂസ്സോ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറഞ്ഞുകാണാന്‍ ശ്രമിക്കുകയല്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ആവശ്യമെങ്കില്‍ വിലക്ക് വീണ്ടും നീട്ടുമെന്നും കോടതി പറഞ്ഞിട്ടുണ്ട്. 

ആദ്യത്തെ തവണ ബില്ലിയുടെ വീട്ടിലെത്തിയ റൂസ്സോ ഡോര്‍ ബെല്‍ അടിച്ചു വീട്ടുകാരെ വിളിച്ചു. ആ വീട്ടില്‍ തന്നെയാണോ ബില്ലി താമസിക്കുന്നത് എന്നായിരുന്നു റൂസ്സോയ്ക്ക് അറിയേണ്ടിയിരുന്നത്. വീട് തെറ്റിപ്പോയെന്നു പറഞ്ഞിട്ടും പ്രതി പോകാതെ വന്നപ്പോള്‍ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടി വീട്ടുകാര്‍. എന്നാല്‍ അന്നു വൈകുന്നേരം തന്നെ പ്രതി വീണ്ടും വീട്ടില്‍ അതിക്രമിച്ചു കടന്നു. പോര്‍ച്ചില്‍ ഇരുന്ന് ഒരു പുസ്തകം വായിക്കാന്‍ തുടങ്ങിയ റൂസോ തന്നോടു തന്നെ എന്തോക്കെയോ പറയുന്നുണ്ടായിരുന്നെന്നും ബില്ലിയുടെ പരാതിയില്‍ പറയുന്നു. 

വീട്ടില്‍ നിന്നു പറത്തുപോകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഫെയ്സ് മാസ്ക് പോലുമില്ലാതെ എത്തിയ റൂസ്സോ ഗ്ലൗസ് ധരിക്കാതെ വീട്ടിലെ ഡോല്‍ ബെല്ലില്‍ സ്പര്‍ശിച്ചതും വീട്ടുകാരെ ഭയപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com