ADVERTISEMENT

1974 ഒരു ചരിത്രപ്പിറവിയുടെ വര്‍ഷം കൂടിയാണ്. ആ വര്‍ഷമാണ് പ്രശസ്ത ഫാഷന്‍ മാസിക വോഗ് ആദ്യമായി ഒരു കറുത്ത നിറക്കാരിയെ കവര്‍ മോഡലായി അവതരിപ്പിച്ചത്. അതിനു ഭാഗ്യം ലഭിച്ചത് ആഫ്രിക്കന്‍ വംശജയായ അമേരിക്കക്കാരി ബെവേര്‍ലി ജോണ്‍സണിന്. ഫാഷന്‍ മേഖലയില്‍ മാറ്റത്തിന്റെ തുടക്കമാണ് തനിക്കു ലഭിച്ച ഭാഗ്യം എന്നാണ് അന്നതിനെക്കുറിച്ച് ബെവെര്‍ലി പറഞ്ഞത്. എന്നാല്‍ അടുത്ത കാലത്ത് അമേരിക്കയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ തന്റെ ധാരണകള്‍ തെറ്റായിരുന്നെന്ന് ബെവെര്‍ലി തിരിച്ചറിയുന്നു. ഒന്നും മാറിയിട്ടില്ലെന്നും ഇന്നും വംശവിരോധവും വംശീയ വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള കൊലപാതകങ്ങളും നടക്കുമ്പോള്‍ അടിസ്ഥാനപരമായ മാറ്റം ഇനിയും സംഭവിക്കേണ്ടതുണ്ട് എന്നാണ് ബെവെര്‍ലിക്കു തോന്നുന്നത്. 

1974 ലെ ചരിത്രം പിറന്ന കവര്‍ ഫൊട്ടോയ്ക്കു ശേഷം മറ്റു നൂറു ഷൂട്ടിലെങ്കിലും പിന്നീട് ബെവേര്‍ലി പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ അന്നും വെളുത്ത വര്‍ഗക്കാര്‍ക്ക് കിട്ടുന്ന പ്രതിഫലം ബെവെര്‍ലിക്കു കിട്ടിയിട്ടില്ല. അവര്‍ക്കു കിട്ടിയ അവസരം മറ്റു കറുത്ത വര്‍ഗക്കാര്‍ക്കു കിട്ടിയിട്ടുമില്ല. ഫോട്ടോ ഷൂട്ടിന് അപേക്ഷിച്ചതിന്റെ പേരില്‍ പലപ്പോഴും ശകാരവും ഏറ്റുവാങ്ങിയിട്ടുണ്ട് ബെവെര്‍ലി. കറുത്ത വര്‍ഗക്കാരായ ഫൊട്ടോഗ്രഫര്‍മാരും മേക്കപ് ആര്‍ട്ടിസ്റ്റുകളും ഹെയര്‍ സ്റ്റൈലിസ്റ്റുകളും തന്നെയാണ് ശകാരിക്കാന്‍ മുന്നില്‍ നിന്നതും. എല്ലാം ഫാഷന്‍ ലോകത്തു സ്വന്തമായി ഒരു പേര് സമ്പാദിച്ചതിന്റെ പേരില്‍. 

വോഗ് എഡിറ്റര്‍ ഇന്‍ ചീഫ് അന്ന വിന്റോറിനെക്കുറിച്ചും ബെവെര്‍ലി പറയുന്നു. ഇപ്പോള്‍ 67 വയസ്സുള്ള വിന്റോര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്ക് അയച്ച ഒരു കത്തില്‍ താന്‍ ചെയ്യാതെപോയ കാര്യങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു. കറുത്ത വര്‍ഗക്കാരായ എഡിറ്റര്‍മാര്‍, എഴുത്തുകാര്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ക്കൊന്നും മതിയായ അവസരം കൊടുക്കാത്തതിന്റെ പേരില്‍ മാപ്പു ചോദിച്ചുകൊണ്ടായിരുന്നു വിന്റോറിന്റെ എഴുത്ത്. ഇനിയും നന്നാകും എന്നല്ല പറയേണ്ടത്, തീര്‍ച്ചയായും നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വേണം എന്നുതന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്- കത്തില്‍ വിന്റോര്‍ പറയുന്നു. മുന്നോട്ടുള്ള യാത്രയില്‍ കറുത്ത വര്‍ഗക്കാര്‍ക്കും മതിയായ അവസരം കൊടുക്കണം- വിന്റോര്‍ പറയുന്നു. 

വോഗ് തനിക്ക് അവസരം തന്നെങ്കിലും അത് കറുത്ത വര്‍ഗക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഖേദത്തോടെ ബെവെര്‍ലി പറയുന്നത്. 2018 ല്‍ ടെയ്‍ലര്‍ മിച്ചല്‍ എന്ന കറുത്ത വര്‍ഗക്കാരനായ ഫൊട്ടോഗ്രാഫറിന് അവസരം ലഭിച്ചിരുന്നു. അത് ബിയോണ്‍സ് എന്ന ഗായികയുടെ താല്‍പര്യപ്രകാരം ആയിരുന്നു. വോഗിന്റെ കവറിനുവേണ്ടിത്തന്നെയായിരുന്നു ആ ഫൊട്ടോഷൂട്ടും. എന്നാല്‍ അതിനുശേഷം വോഗിന്റെ കവര്‍ ഷൂട്ട് ചെയ്യാന്‍ മറ്റൊരു കറുത്ത വര്‍ഗക്കാരനായ ഫൊട്ടോഗ്രഫര്‍ക്കും അവസരം ലഭിച്ചിട്ടുമില്ല. വോഗിന്റെ എഡിറ്ററായ വിന്റോറിന്റെ കൂടെ ജോലി ചെയ്തവര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ബെവെര്‍ലി വിശ്വസിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com