ADVERTISEMENT

മുന്‍ സഹപ്രവര്‍ത്തകനെക്കുറിച്ചുള്ള ലൈംഗിക പീഡന ആരോപണങ്ങളില്‍ മനസ്സുതുറന്ന് നടി വിറ്റ്നി കുമിങ്സ് രംഗത്ത്. ക്രിസ് എലിയ എന്ന നടനെക്കുറിച്ച് ഉയര്‍ന്ന വ്യാപക ആരോപണങ്ങളെക്കുറിച്ചാണ് വിറ്റ്നി പ്രതികരണം നടത്തിയിരിക്കുന്നത്. ഞാന്‍ അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ അങ്ങേയറ്റം നിരാശാ ജനകമാണ്. അവയോരോന്നും എന്നെ തകര്‍ത്തു- വിറ്റ്നി പറയുന്നു. 

2011 ലാണ് വിറ്റ്നിയും ക്രിസും ഒരു വെബ് പരമ്പരയ്ക്കുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നത്. വിറ്റ്നിയുടെ കാമുകന്റെ വേഷമായിരുന്നു ക്രിസിന് പരമ്പരയില്‍. ഇതിനുശേഷം ഒട്ടേറെപ്പേര്‍ നടനും സ്റ്റാന്‍ഡ് അപ് കൊമേഡിയനുമായ ക്രിസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഓണ്‍ലൈനിലൂടെ മോശമായി പെരുമാറുന്നെന്നും പരാതിയുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ക്രിസ് ശ്രമിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. 

അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നു എന്നായിരുന്നു ക്രിസിനെതിരെ ഉയര്‍ന്ന പ്രധാന പരാതികളിലൊന്ന്. പരിചയപ്പെട്ടതിനുശേഷം നഗ്ന ചിത്രങ്ങള്‍ അയച്ചുതരാന്‍ ആവശ്യപ്പെടുന്നതും പതിവായിരുന്നത്രേ. എന്നാല്‍, എല്ലാ ആരോപണങ്ങളും ക്രിസ് തള്ളിക്കളഞ്ഞു. കുറച്ചുകാലം വേണ്ടി വന്നു തനിക്ക് ക്രിസിന്റെ സ്വഭാവം പഠിക്കാന്‍ എന്നാണ് വിറ്റ്നി ഇപ്പോള്‍ പറയുന്നത്. തുടര്‍ച്ചയായ മോശം പെരുമാറ്റമാണ് നടന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വിറ്റ്നി സമ്മതിക്കുന്നു. എല്ലാ വിവരങ്ങളും ശേഖരിച്ചതിനുശേഷമാണ് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും വിറ്റ്നി പറഞ്ഞു. 

ഇതു മോശമായ പെരുമാറ്റം തന്നെയാണ്. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. ആരും ഒന്നും മിണ്ടാതാകുമ്പോള്‍ ഈ പെരുമാറ്റം വീണ്ടും വഷളാകും. ഇപ്പോഴാണ് ഞാന്‍ കാര്യങ്ങളെല്ലാം അറിയുന്നത്. ഇനി നിശ്ശബ്ദയായിരിക്കാന്‍ ഞാനില്ല. കൊമേഡിയനെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും  നല്ലതുതന്നെ. എന്നാല്‍, ഒരു നടന്റെയും ലൈംഗിക ദാഹത്തിന്റെ ഇരകളാകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം. മുതിര്‍ന്നവരെപ്പോലെ പെരുമാറേണ്ടത് എല്ലാ പ്രായപൂര്‍ത്തിയായവരുടെയും ഉത്തരവാദിത്തമാണ്- വിറ്റ്നി കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ എഴുതി. ഇതാദ്യമായാണ് ക്രിസിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ അവര്‍ പ്രതികരിക്കുന്നത്. 

എന്നാല്‍ തന്റെ എല്ലാ ബന്ധങ്ങളും പരസ്പര സമ്മത പ്രകാരവും നിയമവിധേയവുമാണെന്നാണ് ക്രിസ് ന്യായീകരിക്കുന്നത്.  ചിലരെയെങ്കിലും വിഷമിപ്പിച്ച ചില പ്രവൃത്തികള്‍ എന്റെ ഭാഗത്തു നിന്നുണ്ടായെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അവയെല്ലാം നിയമവിധേയമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഞാന്‍ ഒരുതരത്തിലും ദുരുപയോഗിച്ചിട്ടില്ല. ഇപ്പോള്‍ സമൂഹ മാധ്യമത്തിലൂടെ എന്നെ വിമര്‍ശിക്കുന്ന ആള്‍ക്കാരുമായി എനിക്ക് ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിട്ടുമില്ല- ക്രിസ് പറയുന്നു. തന്റെ ജീവിതരീതി തുടരുകയും മൗനം പാലിക്കുകയും ചെയ്തത് തെറ്റായിപ്പോയെന്നും ക്രിസ് സമ്മതിക്കുന്നുമുണ്ട്. എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകളെല്ലാം ഞാന്‍ മനസ്സിലാക്കുന്നു. ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല. കൂടുതല്‍ നല്ല മനുഷ്യനായി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്- ക്രിസ് തന്റെ ആഗ്രഹം വ്യക്തമാക്കുന്നു. 

അടുത്തിടെ പുറത്തുവന്ന യൂ എന്ന വെബ് പരമ്പരയില്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ വഴി തെറ്റിക്കുന്ന യുവാവിന്റെ വേഷമായിരുന്നു ക്രിസിന്. വര്‍കാഹോളിക്സ് എന്ന പരമ്പരയില്‍ കുട്ടികളെ പീഡിപ്പിക്കുന്ന യുവാവിന്റെ വേഷവും ക്രിസ് കൈകാര്യം ചെയ്തിരുന്നു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com