ADVERTISEMENT

ആറും, ഏഴും വയസ്സുള്ള രണ്ടു മക്കളുടെ അമ്മയാണ് ബ്രിട്ടിഷുകാരിയായ നവോമി. പങ്കാളി കൂടെയില്ലാത്ത ജീവിതം. ജോലി മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്. കോവിഡ് കാലം വന്നപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഓപ്ഷന്‍ സ്വീകരിക്കുമ്പോള്‍ നവോമിയുടെ മനസ്സില്‍ ആഹ്ലാദം. എന്നാല്‍ വീട്ടില്‍ ജോലിയും കുട്ടികളെ നോക്കുന്നതും ഓഫിസ് ജോലിയും കൂടിയായപ്പോള്‍ ഏതാനും ദിവസം കൊണ്ടുതന്നെ നവോമി തളര്‍ന്നു. വീട് വൃത്തിയാക്കണം. ഭക്ഷണം പാകം ചെയ്യണം. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സിന് കൂടെയിരിക്കണം. കുട്ടികള്‍ ഉറങ്ങിക്കഴിയുമ്പോള്‍ ഓഫിസ് ജോലിയും. ഏതാണ്ട് 24 മണിക്കൂറും ജോലി ചെയ്യേണ്ട ഗതികേടിലായി ഏതാനും ദിവസങ്ങള്‍ക്കകം നവോമി. നീണ്ട അവധിക്ക് അപേക്ഷിച്ചു. ബോസ് അവധി അംഗീകരിച്ചപ്പോള്‍ നവോമിക്ക് തോന്നിയത് ആശ്വാസം. 

കോവിഡ് കാലത്തെ ഒരു വ്യക്തിയുടെ അനുഭവം മാത്രമല്ല ഇത്. നവോമി ലക്ഷക്കണക്കിനു സ്ത്രീകളുടെ പ്രതിനിധിയാണ്. കോറോണ വൈറസ് ജീവിതം ദുസ്സഹമാക്കിയത് എല്ലാ മനുഷ്യരുടേതുമാണെങ്കിലും ഏറ്റവും കൂടുതല്‍ ദുരിത ഫലമനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെയെന്നു തെളിയിക്കുന്ന കൂടുതല്‍ സംഭവങ്ങളില്‍ ഒന്നു മാത്രമാണിത്. അവധിയുടെ അവസാനം ജോലി തന്നെ വേണ്ടെന്നുവച്ച നവോമി ഇപ്പോള്‍ പുതിയൊരു ജോലി തേടുന്ന തിരക്കിലാണ്. കുട്ടികളുടെ കാര്യം നോക്കി ഒപ്പം ജോലിയും കൂടെ കൊണ്ടുപോകാന്‍ സാധിക്കുന്ന ഒന്ന്.  അതാണു നവോമിയുടെ ലക്ഷ്യം. എന്നാല്‍ അവസരങ്ങള്‍ തീരെ കുറവ്. 

ചെറുകിട കച്ചവടം, ഹോട്ടല്‍ ജോലി എന്നിങ്ങനെ സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലകളാണ് കോവി‍ഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതലായി പ്രത്യാഘാതം അനുഭവിക്കുന്നത്. ബ്രിട്ടനില്‍ മാത്രം ഏകദേശം 4.5 ദശലക്ഷം സ്ത്രീകള്‍ക്കാണ് കോവിഡിനെ തുടർന്ന് ജീവനോപാധി നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസം കൂടുതല്‍ കടകളും സ്ഥാപനങ്ങളും തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ജോലി അവസരം കൂടുതലായി കിട്ടുമെന്ന പ്രതീക്ഷയൊന്നും പലര്‍ക്കുമില്ല. 

ബ്രിട്ടനില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 11 ശതമാനമാണ്. ഇത് ഈ നിലയിലാകാന്‍ കാരണം രണ്ടു പതിറ്റാണ്ടത്തെ നിരന്തരമായ ശ്രമങ്ങള്‍. ഇപ്പോഴാകട്ടെ കൂടുതല്‍ സ്ത്രീകള്‍ക്കു ജോലി നഷ്ടപ്പെടുകയും ജോലി അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ 20 വര്‍ഷത്തിനു മുന്‍പുള്ള അവസ്ഥയിലേക്കു സമൂഹം തിരികെ പോകുകയാണ്. ഓഫിസും വീടുമൊക്കെയായി പുരുഷന്‍മാര്‍ക്ക് ആശ്വാസപ്രദമായി ജോലി ചെയ്യാന്‍ അവസരം ഒരുങ്ങിയിരിക്കെ തന്നെയാണ് സ്ത്രീകള്‍ കോവിഡിന്റെ ദുരന്തം തീവ്രമായി അനുഭവിക്കുന്നത്. 

വീടുകളില്‍ പീഡനം നേരിടുന്ന സ്ത്രീകളുടെ അവസ്ഥ ഇക്കാലത്ത് അങ്ങേയറ്റം ദയനീയമായതായി നേരത്തെ തന്നെ പഠനങ്ങള്‍ പുറത്തുവന്നിരുന്നു. വീടുകളില്‍ ചെലവഴിക്കുന്ന സമയം കൂടിയതോടെയാണ് പീഡനങ്ങളും കണക്കില്ലാതെ കൂടിയത്. എന്നാല്‍, തങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ ആരും പുറത്തു പറയുന്നില്ല. അധികാരികളുടെ ശ്രദ്ധയില്‍പെടുത്തുന്നുമില്ല. 

കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണും മറ്റും ഒഴിവാക്കിയാല്‍ തന്നെ സ്ത്രീകള്‍ക്ക് വേഗം പൊതുഗതാഗത സൗകര്യവും മറ്റും ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിലും സംശയങ്ങള്‍ നിലനില്‍ക്കുന്നു. താര എന്ന യുവതിക്ക് മാര്‍ച്ചാണ് ജോലി പൊടുന്നനെ നഷ്ടമാകുന്നത്. സാഹസിക യാത്രകള്‍ ഓപറേറ്റ് ചെയ്യുന്ന ഒരു ഏജന്‍സിയിലായിരുന്നു ജോലി. യൂണിവേഴ്സിറ്റി പഠനത്തിനുശേഷം ആദ്യമായി കിട്ടിയ വലിയ ജോലി ആയിരുന്നു. എന്നാല്‍ ട്രാവല്‍ ഏജന്‍സികളുടെ ബുക്കിങ് കുറ‍ഞ്ഞതോടെ താരയ്ക്ക് ജോലി നഷ്ടപ്പെട്ടു.  ഇനി എന്ന് തനിക്ക് പുതിയ ജോലി കിട്ടുമെന്ന് അറിയില്ല. 

കാത്തിരിപ്പ് നീളുമ്പോള്‍ ഇരുണ്ട ഭാവികാലമാണ് താരയെ കാത്തിരിക്കുന്നത്; മറ്റു പല സ്ത്രീകളെയും പോലെ. ആശിക്കാന്‍ വലുതായൊന്നുമില്ലാത്ത ഭാവി. നവോമിയെയും താരയെയും പോലുള്ള  സ്ത്രീകള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com