ADVERTISEMENT

പലരും യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വിഡിയോകളും പ്രചരിക്കാറുണ്ടെങ്കിലും വയോധികയായ ഒരു സ്ത്രീ യോഗ ചെയ്യുന്ന വിഡിയോ ഇക്കഴിഞ്ഞ ദിവസം ആകര്‍ഷിച്ചത് ഒട്ടേറെപ്പേരെ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുധ രാമനാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. 51 സെക്കന്‍ഡ് മാത്രമുള്ള വിഡിയോ മണിക്കറുകള്‍ക്കകം ആയിരങ്ങള്‍ ഇഷ്ടപ്പെടുകയും പങ്കു വയ്ക്കുകയും ചെയ്തു. 

വയോധികയായ സ്ത്രീ എന്നതുമാത്രമല്ല വിഡിയോയുടെ പ്രത്യേകത. അവര്‍ സാരിയാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ പ്രയാസമേറിയ യോഗാസനങ്ങള്‍ ചെയ്യാന്‍ സാരി ബുദ്ധിമുട്ടേയല്ല എന്നു കൂടി തെളിയിക്കുന്നുമുണ്ട്. ഒരോ ആസനവും വിഡിയോയിലെ സ്ത്രീ ചെയ്യുന്നത് ആയാസരഹിതമായാണ്. ദൈനം ദിന പ്രവൃത്തി പോലെ. പ്രത്യേകിച്ച് ഒരു അധ്വാനവും ആവശ്യമില്ലാത്ത പ്രവൃത്തിപോലെ. അങ്ങേയറ്റം ജീവിതത്തോട് ഇണങ്ങിച്ചേര്‍ന്ന ഒരു പ്രവൃത്തിയായി. തലയിലും കാല്‍ വിരലുകളിലുമൊക്കെ സ്പര്‍ശിക്കുന്നതും അടുത്ത ആസനങ്ങളിലേക്കു കടക്കുന്നതും പരിചയ സമ്പന്നയായ ഒരു നര്‍ത്തകിയുടെ സുന്ദരചലനങ്ങളോടെ. 

ഒരോ ആസനങ്ങള്‍ക്കുമിടയില്‍ ഒരു സെക്കന്‍ഡ് പോലും അവര്‍ വിശ്രമിക്കുന്നില്ല. അടുത്ത പ്രവൃത്തിക്കുവേണ്ടി ഒരുങ്ങുന്നില്ല. തയാറെടുപ്പില്ല. അങ്ങേയറ്റം മനോഹരമായും ലളിത ചുവടുകളോടെയും വയോധിക നടത്തുന്ന യോഗാഭ്യാസത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് വാസ്തവം. 

ഇതു നിങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചു കാണും...എന്ന അടിക്കുറിപ്പോടെയാണ് സുധാ രാമന്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന രീതിയിലാണ് വിഡിയോ. ഇതാണ് യോഗയുടെ സ്പിരിറ്റ് എന്നാണ് വിഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.  ആ വാക്കുകളില്‍ നിറഞ്ഞുനിന്നത് ആദരവ്. അവിശ്വസനീയതയേക്കാള്‍ അതിശയം. 

യോഗയ്ക്ക് അനുയോജ്യമായ ഒരു വസ്ത്രമായി ഇതുവരെ ആരും സാരി നിര്‍ദേശിച്ചിട്ടില്ല. അതു തന്നെയാണ് ഈ വിഡിയോയുടെ പ്രത്യേകതയും.  താഴെ വീണ ഒരു പേന പോലും സാരി ഉടുത്തിരിക്കെ കുനിഞ്ഞെടുക്കാന്‍ എനിക്കു കഴിയാറില്ല എന്ന് വിഡിയോയ്ക്ക് കമന്റ് എഴുതിയ ഒരാള്‍ പറയുന്നതില്‍ വളരെ വ്യക്തമാണ് വയോധികയോടുള്ള ആദരവ്. റോള്‍ മോഡല്‍ എന്നാണ് വിഡിയോ കണ്ട പലരും വയോധികയെ വാഴ്ത്തുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com