ADVERTISEMENT

വീട്ടില്‍ വച്ച് പിതാവില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടിവന്ന 19 വയസ്സുകാരിയുടെ അനുഭവകഥ രാജ്യത്ത് ചര്‍ച്ചയാകുന്നു. കര്‍ണാടകയില്‍ ബെംഗളൂരുവിനു സമീപം ഹരളൂര്‍ എന്ന സ്ഥലത്തു നടന്ന സംഭവമാണ് ഞെട്ടലായിരിക്കുന്നത്. സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തന്നെ പീഡകരായി മാറിയതോടെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയും ചൂടുപിടിച്ച ചര്‍ച്ചയായി മാറിയിരിക്കുന്നു.

യുവതിയായ മകള്‍ക്ക് മരുന്നുകള്‍ക്കു പകരം ഉറക്കഗുളിക കൊടുത്ത് മയക്കിയതിനുശേഷം ബലാല്‍സംഗം ചെയ്ത കേസില്‍ പിതാവാണ് അറസ്റ്റിലായത്. ഈ മാസം 23 രാത്രിയാണ് സംഭവം നടന്നത്. പരാതി പറഞ്ഞിട്ടും പൊലീസില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ രണ്ടാനമ്മ സഹായിക്കാതിരുന്നതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യാശ്രമം നടത്തിയതായും പറയുന്നു. ടോയ്‍ലറ്റ് കഴുകാന്‍ ഉപോയോഗിക്കുന്ന ശുചീകരണ ദ്രാവകം കഴിച്ച ശേഷം യുവതി നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി ബോധിപ്പിക്കുകയായിരുന്നു.

ജലദോഷവും പനിയുമുണ്ടായിരുന്നു പെണ്‍കുട്ടിക്ക്. അച്ഛനോട് മരുന്ന് ചോദിച്ചിരുന്നു. അച്ഛന്‍ നല്‍കിയ മരുന്ന് കഴിച്ച് ഉറങ്ങിയ യുവതി പിറ്റേന്ന് പുലര്‍ച്ചെ എഴുന്നേറ്റപ്പോള്‍ സമീപം കിടക്കുന്ന അച്ഛനെയാണു കണ്ടത്. രാത്രിയില്‍ താന്‍ ലൈംഗികാക്രമണത്തിനു വിധേയയായി എന്നും യുവതി പുലര്‍ച്ചെയാണു മനസ്സിലാക്കിയത്.

പിതാവിന്റെ ക്രൂരപ്രവൃത്തിയെക്കുറിച്ച് ആദ്യം രണ്ടാനമ്മയോടാണു പറഞ്ഞത്. അവര്‍ പക്ഷേ പ്രതികരിച്ചതേയില്ല. ഇതിനുശേഷമാണ് വിഷം കുടിച്ച യുവതി പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി ബോധിപ്പിച്ചത്. അപ്പോഴേക്കും അവര്‍ കുഴഞ്ഞുവീണിരുന്നു. യുവതിയെ വേഗം തന്നെ ആശുപത്രിയിലെത്തിച്ചതു പൊലീസാണ്. യുവതിയുടെ പരാതിയില്‍ അച്ഛനെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തില്‍ രണ്ടാനമ്മയുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹികാതിക്രമം കൂടുന്നതായാണ് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ജോലിക്കു പോകാനാവാതെ പുരുഷന്‍മാരും സ്ത്രീകളും കൂടുതല്‍ സമയം വീട്ടില്‍ തന്നെ ചെലവഴിക്കുന്നതാണ് പീഡനങ്ങള്‍ കൂടാനുള്ള കാരണമായി പറയപ്പെടുന്നത്. സ്ത്രീകളാണ് ഇതിന്റെ ദുരിതങ്ങള്‍ കൂടുതലായി അനുഭവിക്കുന്നത്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പരാതികള്‍ വേഗം പരിഹരിക്കാനും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ തയാറായില്ലെങ്കില്‍ പീഡനങ്ങള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് സ്ത്രീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com