ADVERTISEMENT

നടി ചാന്ദ്നി ഭഗവനാനിക്ക് ഇപ്പോഴും മറക്കാൻ കഴിഞ്ഞിട്ടില്ല. അടുത്തകാലത്ത് ഓസ്ട്രേലിയൻ തലസ്ഥാനമായ മെൽബണിൽ വച്ചുണ്ടായ ദുരനുഭവം. ഒരു ബസിൽ വച്ചാണ് നടി അപമാനിക്കപ്പെട്ടത്. ആട്ടിയിറക്കപ്പെട്ടത്. അതെല്ലാം ഇന്ത്യക്കാരി ആണ് എന്നതിന്റെ പേരിൽ മാത്രം. സമൂഹമാധ്യമത്തിലൂടെ തന്റെ ദുരനുഭവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 

വംശീയത. മെൽബണിലെ ഈ ചെറിയ വംശീയ പ്രശ്നം.വംശീയ വിദ്വേഷത്തിന്റെ വലിയൊരു ഉദാഹരണമാണ് എന്ന അടിക്കുറിപ്പോടു കൂടിയാണ് നടി തന്റെ അനുഭവം വിവരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തനിക്ക് പോകേണ്ട പ്രത്യേക സ്ഥലത്ത് എത്തിക്കാൻ നടിക്ക് ഒരു കണക്ഷൻ ബസിൽ കയറേണ്ടിയിരുന്നു. തനിക്കു പോകേണ്ട സ്ഥലത്തു കൂടിയാണോ ബസ് പോകുന്നതെന്ന് അവർ ഡ്രൈവറോട് ചോദിച്ചു. അതായിരുന്നു തുടക്കം. ഡ്രൈവർ തുടക്കത്തിൽ ഒരു മറുപടിയും പറഞ്ഞില്ല. ചോദ്യം അവഗണിച്ചു. എന്നാൽ മറ്റുള്ളവർ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം അയാൾ താഴ്മയായി, വിനയത്തോടെ മറുപടി പറയുന്നുമുണ്ട്. 

താൻ ചോദ്യം ചോദിച്ചപ്പോൾ ഡ്രൈവർ മറ്റെന്തെങ്കിലും ചിന്തിച്ചതായിരിക്കും എന്ന വിചാരത്തിൽ അവർ ഒരിക്കൽ കൂടി  ചോദ്യം ആവർത്തിച്ചു. എന്നാൽ പെട്ടെന്ന് അയാൾ കുപിതനായി. ദേഷ്യപ്പെട്ട്, ‘ബസിൽ നിന്ന് ഇറങ്ങിപ്പോകൂ’ എന്നലറി. 

താൻ എന്ത് അപമര്യാദയാണ് കാണിച്ചതെന്ന് നടി സൗമ്യമായി ചോദിച്ചപ്പോൾ ശാപവചനങ്ങളാണ് ഡ്രൈവറിൽ നിന്ന് ഉണ്ടായത്. എല്ലാ നശിച്ച ഇന്ത്യക്കാരും തുലയട്ടെ എന്നായിരുന്നു അയാളുടെ അടുത്ത വാക്കുകൾ. 

ഞാൻ ഞെട്ടിപ്പോയി. അങ്ങനെയൊരു പ്രതികരണം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോൾ ക്യാമറ ഓണാക്കി അയാളുടെ പെരുമാറ്റം മുഴുവൻ ചിത്രീകരിക്കുകയായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനുള്ള ധൈര്യം എനിക്കുണ്ടായില്ല. എന്നാൽ, സത്യം പറയട്ടെ, അപ്പോൾ എന്തു പറയണം, പ്രവർത്തിക്കണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. കാരണം അത്രമാത്രം ഞാൻ തകർന്നുപോയിരുന്നു. ഒടുവിൽ ഞാൻ ആ ബസിൽ നിന്ന് ഇറങ്ങി. വംശിയ വിദ്വേഷം ഇപ്പോഴും നിൽനിൽക്കുന്നുണ്ടെന്ന വേദനാജനകമായ അറിവുമായി– ചാന്ദ്നി പറയുന്നു. 

സഞ്ജീവനി എന്ന ചിത്രത്തിലാണ് ചാന്ദ്നി ഒടുവിൽ അഭിനയിച്ചത്. ജോലിയുടെ ഭാഗമായാണ് അവർ ഓസ്ട്രേലിയയിൽ പോയത്. എന്നാൽ ലോക്ഡൗണിൽ കൂടുതൽ ദിവസങ്ങൾ അവിടെ കഴിച്ചുകൂട്ടേണ്ടിവന്നു. അതിനിടെയായിരുന്നു ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദുരനുഭവം ഉണ്ടായതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com