ADVERTISEMENT

ബാല്യകാലത്ത് അനുഭവിച്ച പീഡനങ്ങൾ ഒരു വ്യക്തിയെ അയാളുടെ ജീവിതകാലം മുഴുവൻ ചിലപ്പോൾ വേട്ടയാടും. ലൈംഗികാതിക്രമമാണ് നടന്നതെന്ന് മനസ്സിലാകാതെ എത്രയോ പെൺകുട്ടികൾ ഉറ്റവരാൽ തന്നെ പീഡനങ്ങൾക്ക് ഇരയാകാറുണ്ട്. മറ്റുള്ളവരോട് തുറന്നു പറയാൻ പോലും സാധിക്കാതെ ചിലപ്പോൾ വലിയ വിഷാദങ്ങളിലേക്ക് അവർ വീണു പോകും. നടന്നത് ബലാത്സംഗമായിരുന്നു എന്ന് മനസ്സിലാകുന്നത് പോലും പ്രായപൂർത്തിയായതിനു ശേഷമായിരിക്കും. തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ബലാത്സംഗത്തെ കുറിച്ച് തുറന്നെഴുതുകയാണ് ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് മുംബൈ എന്ന സോഷ്യൽ മീഡിയ പേജിൽ എഴുതിയ കുറിപ്പിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് അവൾ തുറന്നെഴുതിയത്.

യുവതിയുടെ കുറിപ്പിന്റെ സംക്ഷിപ്ത രൂപം വായിക്കാം

ബലാത്സംഗവും ലൈംഗിക ചൂഷണവും

അയാളുടെ ഭാരം എന്റെ ശരീരത്തിനു മുകളിൽ അനുഭവപ്പെട്ടപ്പോഴാണ് ഞാൻ എഴുന്നേറ്റത്. എട്ടു വയസ്സായിരുന്നു എന്റെ പ്രായം. വീട്ടുകാരെല്ലാം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു അയാൾ വീട്ടിൽ അതിക്രമിച്ചു കയറിയത്. കണ്ണു തുറന്നു നോക്കിയപ്പോൾ അയാൾ എനിക്കു മുകളിലായിരുന്നു. അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ നിശ്ചലയായി. എന്റെ ശരീരം മരവിച്ചു പോയി. ഒച്ചവയ്ക്കാൻ പോലും കഴിഞ്ഞില്ല. ഞങ്ങളുടെ അകന്ന ബന്ധുവായ 35 വയസ്സുള്ള അമ്മാവനായിരുന്നു അത്. 

ഈ ക്രൂരകൃത്യത്തിനു ശേഷം അയാൾ ഓടിപ്പോയി. പിന്നീട് മൂത്രമൊഴിക്കുമ്പോഴെല്ലാം എനിക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു. രക്തസ്രാവമുണ്ടായി. യോനിയിൽ സാരമായ മുറിവേറ്റു. കയ്യും മുഖവും കഴുകിയ ശേഷം ഞാൻ തിരികെ കിടക്കയിലേക്ക് വീണു. ആ രാത്രി മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലായിരുന്നില്ല. ആരോടും ഇതേകുറിച്ച് സംസാരിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല. 

പിന്നീട് ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല. പക്ഷേ, ആ സംഭവം ഏൽപിച്ച ആഘാതം വളരെ വലുതായിരുന്നു. സമാനമായ മറ്റൊരു അനുഭവവും എനിക്കുണ്ടായി. സ്കൂൾ കഴിഞ്ഞു വന്നാൽ ഉച്ചഭക്ഷണത്തിനായി ഞാൻ അയൽവാസിയുടെ വീട്ടിൽ പോകുമായിരുന്നു.  മാതാപിതാക്കൾ വീട്ടിലില്ലാത്ത ഒരു ദിവസം അവന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചു വരുത്തി. എനിക്കു മുന്നിൽ നിന്ന് അവർ സ്വയംഭോഗം നടത്തി. അവരിൽ ഒരാൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. അപ്പോഴും എനിക്ക് രക്തസ്രാവമുണ്ടായി. എല്ലാം എനിക്ക് നഷ്ടമായി. കുളിച്ചാൽ എല്ലാം വൃത്തിയാകുമെന്നു കരുതി ഓരോ തവണയും ആ മാലിന്യം എന്റെ ശരീരത്തിൽ നിന്നും കഴുകികളഞ്ഞു. ഏകദേശം 4 മാസത്തോളം ഇത്തരം അനുഭവം എനിക്കുണ്ടായി. 

എന്റ പതിമൂന്നാം പിറന്നാൾ ദിനത്തിൽ ബന്ധുക്കളായ രണ്ടുപേർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതോടെ അവർ ഓടി രക്ഷപ്പെട്ടു. തുറന്നു പറഞ്ഞാൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തുമെന്ന് കരുതി ഞാൻ ആരോടും ഇക്കാര്യങ്ങൾ പറഞ്ഞില്ല. കുറച്ചു കാലത്തേക്ക് വിഷാദവും ഭയവും എന്നെ നിരന്തരം വേട്ടയാടി. രാത്രികളെ ഞാൻ ഭയന്നു. ഹൃദയമിടിപ്പു കൂടി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പുകവലിയും മദ്യപാനവും ശീലമാക്കേണ്ടി വന്നു. ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായിരുന്നില്ല. പതിനേഴാം വയസ്സുവരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. മദ്യപാനം എന്റെ മാറിടത്തിൽ ഒരു മുഴ വളരുന്നതിന് ഇടയാക്കി. അന്നുമുതലാണ് രക്ഷിതാക്കൾ എന്നെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ചിലസമയങ്ങളിൽ ഞാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. പക്ഷേ, അവളോടും എല്ലാ കാര്യങ്ങളും തുറന്നു പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ഏവിയേഷൻ കമ്പനിയിൽ ഞാൻ ജോലിക്കു പോയി. അവിടത്തെ സിഇഒ എന്നോട് മോശമായി പെരുമാറിയപ്പോൾ അയാളെ തള്ളിമാറ്റി ഞാൻ രക്ഷപ്പെട്ടു. അത് ഒരു തിരിച്ചറിവായിരുന്നു. ഈ മൃഗങ്ങളെ ഓർത്ത് ഇനി കരയില്ലെന്നും വിഷാദത്തിൽ വീണു പോകില്ലെന്നും ഞാൻ തീരുമാനിച്ചു. ഓരോന്നായി തിരികെ പിടിച്ചു തുടങ്ങി. എഴുത്ത്, വായന, പാചകം അങ്ങനെ മനസ്സിനു സന്തോഷം നൽകുന്ന കാര്യങ്ങളെല്ലാം ചെയ്തു തുടങ്ങി. ഇപ്പോൾ എനിക്ക് 18 വയസ്സുണ്ട്. ഒരു തെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. എനിക്കുമാത്രമല്ല, പലർക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും. ഭയപ്പെടാതെ ധൈര്യമായി കാര്യങ്ങൾ തുറന്നു പറയണം. കാരണം  നമ്മൾ തന്നെയാണ് നമ്മളെ തിരിച്ചു പിടിക്കേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com