ADVERTISEMENT

ഹരിയാന സ്വദേശിനി മനിഷാ കുമാരി അഭിന്ദനങ്ങള്‍ക്കു നടുവിലാണ്. 12-ാം ക്ലാസ്സ് പരീക്ഷയില്‍ 500 ല്‍ 499 മാര്‍ക്ക് നേടിയതിന്റെ പേരിലാണ് മനിഷ താരമായിരിക്കുന്നത്. എന്നാല്‍ പാവപ്പെട്ട ഒരു കര്‍ഷകന്റെ മകളായ മനീഷയുടെ ജീവിതയാത്ര ഒട്ടും എളുപ്പമായിരുന്നില്ല. അപൂര്‍വമായ വിജയത്തിലേക്ക് എത്തിയത് കഠിനാധ്വാനത്തിലൂടെ, പ്രതിസന്ധികള്‍ക്കു നടുവിലൂടെ.

സീനിയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് ദിവസവും 3 കിലോമീറ്ററാണ് ആ കുട്ടി നടന്നത്. എന്നാല്‍ ആരോടും ഒരു പരാതിയും പറഞ്ഞില്ല മനീഷ. എന്റെ സഹപാഠികള്‍ക്കെല്ലാം സ്വകാര്യ ട്യൂഷനുണ്ടായിരുന്നു. എന്നാല്‍ എനിക്കു വേണ്ടി ടീച്ചര്‍മാരെ ഏര്‍പ്പെടുത്താനുള്ള പണം അച്ഛന്റെ കയ്യിലുണ്ടായിരുന്നില്ല. സ്കൂളിലെ അധ്യാപകര്‍ പഠിപ്പിക്കുന്നതു മാത്രം പഠിച്ചാണ് ഞാന്‍ മാര്‍ക് നേടിയത്- മനീഷ പറയുന്നു. ഇംഗ്ലിഷ്, ഹിസ്റ്ററി, സംസ്കൃതം. പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ 100 ല്‍ 100 മാര്‍ക്ക് തന്നെ നേടി. ഹിന്ദിക്കു മാത്രം ഒരു മാര്‍ക് നഷ്ടം -99. 

സ്ത്രീ ശാക്തീകരണമാണ് മനിഷയുടെ ജീവിതസ്വപ്നം. അതിനുവേണ്ടി സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കണം എന്നും അറിയാം. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. എന്നാല്‍ എന്റെ പ്രായത്തിലുള്ള എത്രയോ വിദ്യാര്‍ഥികള്‍ക്ക് എന്നെപ്പോലെ പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി എനിക്കു പ്രവര്‍ത്തിക്കണം. രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം കിട്ടുന്ന നാളുകളാണ് സ്വപ്നം. അവര്‍ക്ക് മികച്ച ജോലി ലഭിക്കണം. സ്വയം പര്യാപ്തതയുള്ളവരായി അവര്‍ വളരണം: അതിനുവേണ്ടിയായിരിക്കും എന്റെ ഭാവി പ്രവര്‍ത്തനം: ജീവിതത്തെക്കുറിച്ചു മനീഷയുടെ കാഴ്ചപ്പാടുകള്‍ വ്യക്തം.

പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ ചേരാനാണ് തീരുമാനം. പൊളിറ്റിക്കല്‍ സയന്‍സാണ് ഇഷ്ടവിഷയം. പൊളിറ്റിക്കല്‍ സയന്‍സും ഹിസ്റ്ററിയും പഠിച്ച ഒട്ടേറെ വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വീസ് നേടിയത് എനിക്കറിയാം. അതേ വിഷയങ്ങള്‍ തന്നെ പഠിക്കാനാണ് എന്റെയും തീരുമാനം: മനീഷ വിഷയം തിരഞ്ഞെടുക്കാനുള്ള കാരണം വ്യക്തമാക്കുന്നു.

ഭാവിയെക്കുറിച്ച് കാഴ്ചപ്പാടുകള്‍ ഉണ്ടെങ്കിലും കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനെക്കുറിച്ച് മനീഷയ്ക്ക് ആശങ്കയുമുണ്ട്. തന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് തനിക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകുമോ എന്നതാണ് പ്രധാന ആശങ്ക. ഫോണില്‍ വ്യക്തമായിട്ട് ആരെയെങ്കിലും ഇവിടെ നിന്ന് വിളിക്കാന്‍ പോലുമാകില്ല. പിന്നെയല്ലേ ഓണ്‍ലൈന്‍ പഠനം? മനീഷയ്ക്ക് ആശങ്കയുണ്ട്. എന്നാല്‍ തന്റെ മുന്നില്‍ വഴി തെളിയുമെന്ന പ്രതീക്ഷയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com