ADVERTISEMENT

സ്വയം സുരക്ഷയും അകലവുമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നെന്ന്് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഉള്‍ക്കൊള്ളാത്തവരുണ്ട്. അംഗീകരിക്കാത്തവരുണ്ട്. നിരന്തരം രോഗം കൂടുന്നതും മരണനിരക്ക് കൂടുന്നതുമൊന്നും അറിയാത്തവര്‍. അറിഞ്ഞിട്ടും മനസ്സിലാക്കുകയോ അനുവര്‍ത്തിക്കാന്‍ തയാറാകുകയോ ചെയ്യാത്തവര്‍. അവരുടെ എണ്ണവും ദിനം പ്രതി കൂടുകയാണ്. അടുത്തിടെ മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച ഒരു സ്ത്രീയുടെ ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മാസ്ക് ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഒടുവില്‍ സ്ത്രീ  വിമാനത്തില്‍ നിന്നുതന്നെ പുറത്താക്കപ്പെട്ടു. 

ജൂലൈ 19 ന് ഒഹിയോയില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. പാസഞ്ചര്‍ ഷെയ്മിങ് എന്ന ഗ്രുപ്പിലാണ് വിഡിയോ ആദ്യമായി പ്രസിദ്ധീകരിച്ചത്. വിമാനയാത്രക്കാര്‍ക്കുള്ള കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളിലൊന്നാണ് മാസ്ക് ധരിക്കുക. മാസ്ക് ധരിക്കാന്‍ കഴിയാത്തവര്‍ ഫെയ്സ് ഷീല്‍ഡ് ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്നുണ്ട്. ലക്ഷക്കണക്കിനു യാത്രക്കാര്‍ ദിവസേന ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് വിമാന യാത്ര ചെയ്യുന്നതും. എന്നാല്‍ അപൂര്‍വം പേര്‍ ഇപ്പോഴും അംഗീകൃത മാനദണ്ഡങ്ങള്‍ അനുസരിക്കാതെയും അവരുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കിയും യാത്ര ചെയ്യുന്നുണ്ട് എന്നതിന്റെ ഉദാഹരണം കൂടിയാണ് അമേരിക്കന്‍ എയര്‍ലൈനില്‍ നടന്ന സംഭവം. 

മാസ്ക് ധരിക്കുന്നതുകൊണ്ട് എന്തെങ്കിലും ശാരീരിക പ്രശ്നമുണ്ടെന്ന് പറയുന്ന രോഗികളുണ്ടാകും. അവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ അങ്ങനെയൊന്നില്ലാതെയും യാത്ര ചെയ്യുന്നവര്‍ മറ്റുള്ളവരുടെ സുരക്ഷ കൂടിയാണ് അപകടത്തിലാക്കുന്നത്. 

വിമാനത്തില്‍ നിന്നു ദേഷ്യത്തോടെ പുറത്തിറങ്ങുന്ന ഒരു സ്ത്രീയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോകുന്നതിനു മുന്‍പ് തന്റെ സാധനങ്ങളെല്ലാം ഒരുമിച്ചുവയ്ക്കുന്നതിന്റെ തിരക്കിലാണവര്‍. അവര്‍ മാസ്ക് ധരിച്ചിട്ടില്ല. സുരക്ഷയ്ക്കുവേണ്ടി മറ്റൊരു മാഖാവരണവും ധരിച്ചിട്ടില്ല. ആര്‍ത്തുവിളിക്കുന്ന യാത്രക്കാര്‍ക്കിടയിലൂടെ അവരെയാരെയും ശ്രദ്ധിക്കാതെ നടന്നുപോകുകയാണ് അവര്‍. നിങ്ങള്‍ എങ്ങോട്ടെങ്കിലും പോകാമോ, ഞങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ളതാണ് എന്നു പറയുന്ന യാത്രക്കാരോട് ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടാണ് യുവതി പുറത്തേക്കിറങ്ങുന്നത്. 

തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും അതുകൊണ്ടാണ് മാസ്ക് ധരിക്കാത്തതെന്നുമാണ് സ്ത്രീ പറയുന്നത്. മൂന്നു വലിയ ബാഗുമെടുത്ത് നടക്കുന്ന യുവതിയോട് മാസ്ക് ധരിച്ച വിമാനത്താവള ജീവനക്കാര്‍ അപേക്ഷിക്കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ എത്രയൊക്കെ ആരോക്കെ അപേക്ഷിച്ചിട്ടും സ്ത്രീ മാസ്ക് ധരിക്കാന്‍ തയാറാകുന്നില്ല. അങ്ങനെയാണെങ്കില്‍ യാത്ര ചെയ്യാനാവില്ല എന്ന സ്ഥിതിയില്‍ അവര്‍ വിമാനത്തില്‍നിന്ന് പുറത്തേക്ക് ഇറങ്ങുകയാണ്. യാത്ര മതിയാക്കി. 

മാസങ്ങളായി മുഖാവരണം ധരിക്കുന്നതു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമങ്ങള്‍ പല രാജ്യങ്ങളിലും പ്രാബല്യത്തിലുണ്ട്. എന്നാല്‍ ഇപ്പോഴും ചിലരെങ്കിലും നിര്‍ദേശവും നിയമവും കാര്യമായിട്ട് എടുത്തിട്ടില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. 

English Summary: Passengers cheer after woman gets kicked off flight for refusing to wear face mask. Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com