sections
MORE

ബിക്കിനി ചിത്രങ്ങൾ പങ്കുവച്ച് വനിതാ ഡോക്ടർമാർ; ഇഷ്ടമുള്ള വസ്ത്രം ധരിക്കും; വേറിട്ട പ്രതിഷേധം

bikini-doc
SHARE

വനിതാ ഡോക്ടർമാർ ജോലിയുടെ അന്തസ്സ് കളഞ്ഞ് നീന്തൽ വേഷങ്ങൾ ഉൾപ്പെടെ ധരിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമോ എന്ന ചോദ്യം ലോകവ്യാപകമായി ഒരു വിവാദത്തിനു തിരികൊളുത്തിക്കഴിഞ്ഞു. വനിതാ ഡോക്ടർമാർ ബിക്കിനി ധിരിച്ച് ചിത്രം പോസ്റ്റ് ചെയ്യുന്നത് ജോലിക്കു ചേർന്നതല്ല എന്ന സർവേ ഫലം ഒരു മാസിക പ്രസിദ്ധീകരിച്ചതോടെയാണ് വിവാദം കത്തിപ്പടർന്നത്. തങ്ങൾ ഇഷ്ടമുള്ള വേഷം ധരിക്കുമെന്നും ചിത്രം പോസ്റ്റ് ചെയ്യാൻ തങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും വനിതാ ഡോക്ടർമാർ പറഞ്ഞതോടെ വിവാദം ആളിപ്പടരുകയാണ്. പ്രധാനമായും പുരുഷൻമാർ മാത്രം ഉൾപ്പെട്ട മാസികയാണ് വനിതാ ഡോക്ടർമാർക്ക് എതിരെയുള്ള പഠനം പ്രസിദ്ധീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. ‘ജേണൽ ഓഫ് വാസ്കുലാർ സർജറി’ എന്ന മാസികയിലാണ് അടുത്തിടെ സർവേ ഫലം വന്നത്. വിവാദത്തെത്തുടർന്ന് മാസിക ക്ഷമാപണവും പ്രസിദ്ധീകരിച്ചു. 

രോഗം വരുമ്പോൾ ഏത് ആശുപത്രിയിലെ ഏതു ഡോക്ടറെ കാണണമെന്ന് രോഗിയാണ് തീരുമാനിക്കുന്നത്. ഡോക്ടർമാരുടെ മോശം പെരുമാറ്റം രോഗിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്നാണ് സർവേയ്ക്കു പിന്നിലുള്ളവർ അവകാശപ്പെടുന്നത്. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച് ഡോക്ടർമാർ സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്യുന്നുണ്ട്. ഹാലോവീൻ പോലെയുള്ള ആഘോഷങ്ങളെ അടയാളപ്പെടുത്തുന്ന വേഷങ്ങൾ ധരിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവരുമുണ്ട്. ഇതെല്ലാം ഡോക്ടർമാരുടെ ജോലിക്കു ചേർന്നതേയല്ല– സർവേ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്വകാര്യ ജീവിതവും ജോലിയും രണ്ടാണെന്നും ഇഷ്ടപ്പെട്ട വേഷം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് വനിതാ ഡോക്ടർമാർ അവകാശപ്പെടുന്നത്. ‘മെഡ് ബിക്കിനി’ എന്ന ഹാഷ്ടാഗിൽ അവർ വ്യാപക പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. 

ഞാൻ ഒരു ഡോക്ടറാണ്. യാത്ര ചെയ്യാൻ എനിക്കിഷ്ടമാണ്.സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതയ്ക്കനുസരിച്ചുള്ള വേഷങ്ങളാണ് ഞാൻ ധരിക്കുന്നത്. എവിടെപ്പോയാലും വെളുത്ത കോട്ട് മാത്രം ധരിച്ച് യാത്ര ചെയ്യാൻ എന്നെ കിട്ടില്ല– ഒരു വനിതാ ഡോക്ടർ നയം വ്യക്തമാക്കുന്നു. ഇഷ്ട വേഷം ധരിച്ചതുകൊണ്ട് ജോലിയിൽ ഞാൻ ഉഴപ്പുന്നു എന്നർഥമില്ല. എന്റെ അറിവിനെയോ ബുദ്ധിയേയോ അതു ബാധിക്കുന്നുമില്ല. എന്റെ മാനുഷിക വികാരങ്ങളുമായും വസ്ത്രത്തിനു ബന്ധമില്ലെന്നു ഞാൻ ഉറപ്പുതരുന്നു– അവർ കൂട്ടിച്ചേർത്തു. 

ബീച്ചിൽ പോകുമ്പോൾ ബിക്കിനി ധരിക്കുന്നതു തന്നെയാണ് നല്ലത്. അതിൽ എന്താണിത്ര നാണിക്കാൻ എന്നാണ് മറ്റൊരു ഡോക്ടറുടെ വാദം. കീമോതെറാപ്പിക്കു വിധേയയായ ഒരു വനിതാ ഡോക്ടർ രണ്ടു വർഷം മുൻപ് ബിക്കിനി ധരിച്ച് ബീച്ചിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും പ്രതീകമാണെന്നും അവർ അവകാശപ്പെട്ടു. അല്ലാതെ നിരാശയുടെയും തകർച്ചയുടെയും പ്രതീകമല്ലെന്നും പറയുന്നു. 

ഒരു പുരുഷ ഡോക്ടർ ആകട്ടെ തന്റെ ഭാര്യയുടെ ബിക്കിനി ചിത്രം അവരുടെ അനുവാദത്തോടെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവവുമുണ്ടായി. ഭാര്യയ്ക്ക് സമൂഹ മാധ്യമ അക്കൗണ്ട് ഇല്ല. എന്നാൽ അവർ മറ്റുള്ളവരെപ്പോലെ ബീച്ചിൽ പോകുകയും ബിക്കിനി ധരിക്കുയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. അതു കാണിക്കാനാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത് – അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. 

അതിനിടെ, വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് ജേണൽ ഓഫ് വാസ്കുലാർ സർജറി മാസിക വിശദീകരണവും പ്രസിദ്ധീകരിച്ചു. പല ഡോക്ടർമാരും സർവേയെക്കുറിച്ച് വ്യാപകമായി ആശങ്ക പ്രകടിപ്പിച്ചു. വിവരങ്ങൾ കൃത്യമായി ശേഖരിച്ചവയല്ലെന്നും പക്ഷപാതത്തോടെയാണ് സർവേ നടത്തിയതെന്ന ആരോപണവും ഉണ്ടായി. ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച, ദുഃഖവും അമർഷവും രേഖപ്പെടുത്തിയ എല്ലാവരോടും ഞങ്ങൾ ആത്മാർഥമായി ഖേദം പ്രകടിപ്പിക്കുന്നു. അവരോട് ഞങ്ങൾ മാപ്പു ചോദിക്കുന്നു: ജേണൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ച് വനിതാ ഡോക്ടർമാരുടെ കൂടി വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 

English Summary: Doctors bikini photos unprofessional study researchers twitter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA