sections
MORE

ജനത്തോട് സംവദിക്കുന്നതായിരിക്കണം കല; വിമർശകരോട് ലക്ഷ്മിബായി തമ്പുരാട്ടി

lakshmibai-thamburatti
SHARE

ആസ്വാദക ഹൃദയത്തിൽ എക്കാലവും മുൻപന്തിയിൽ സ്ഥാനം പിടിച്ച നൃത്തരൂപമാണ് ഭരതനാട്യം. എന്നാൽ, എത്രത്തോളം ജനകീയമാണെന്ന തരത്തിലുള്ള ചർച്ചകൾ സജീവമാണ്. ഭരതനാട്യം ജനകീയ കലയാണോ എന്ന വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാട് രേഖപ്പെടുത്തുകയാണ് എഴുത്തുകാരിയും അധ്യാപികയും നർത്തകിയുമായ ലക്ഷ്മിബായി തമ്പുരാട്ടി. ജനപ്രിയത ശാസ്ത്രീയ നൃത്തത്തിന്റെ ലക്ഷ്യമല്ലെന്ന് അഭിപ്രായപ്പെട്ടവരോട് അതുകൊണ്ട് താൻ ഉദ്ദേശിച്ചത് എന്താണെന്ന് വിശദീകരിക്കുയാണ് ലക്ഷ്മിബായി തമ്പുരാട്ടി. 

ലക്ഷ്മിബായി തമ്പുരാട്ടിയുടെ കുറിപ്പ് വായിക്കാം

ഭരതനാട്യം ഒരു ജനകീയകലയാണോ?

ഭാരതീയ ക്ലാസിക്കൽ നൃത്തരൂപങ്ങൾ എന്തുകൊണ്ട് ജനകീയമാകുന്നില്ല എന്ന വിഷയത്തിൽ കുറച്ചുനാൾ മുമ്പ് ചില നിരീക്ഷണങ്ങൾ ഞാൻ എഴുതിയിരുന്നു. അതിൽ ചില സഹൃദയർ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യം നിഗൂഢതയാണെന്നും അത് അറിഞ്ഞാസ്വദിക്കാനുള്ളതാണെന്നും ജനപ്രിയത ശാസ്ത്രീയ നൃത്തത്തിന്റെ ലക്ഷ്യമല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ‘ജനകീയത’ എന്നതുകൊണ്ട് എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്ന് കുറച്ചുകൂടി വ്യക്തമാക്കണമെന്ന് ആഗ്രഹിക്കുന്നു. 

സോവിയറ്റ് സംഗീതത്തിന്റെ ജനകീയ സ്വഭാവത്തെ അപഗ്രഥിച്ചുക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ദി സോവിയറ്റ് യൂണിയൻ (ബോൾഷെവിക്) സെൻട്രൽ കമ്മറ്റിയുടെ ചില തീരുമാനങ്ങളിൽ ഏറ്റവും സുപ്രധാനം സോവിയറ്റ് സംഗീതത്തെ ഏറ്റവും ജനകീയവും റിയലിസ്റ്റിക്കുമായ കലയുടെ രീതിയിൽ വളർത്തിയെടുക്കണമെന്നതാണ്. ജനങ്ങളെ സംബന്ധിക്കുന്ന ആശയങ്ങളുടെ ഉള്ളടക്കവും ജനാധിപത്യസ്വഭാവമുള്ള രൂപഘടനയും അതിനാവശ്യമാണ്. ക്ലാരാ സേത്കിനുമായുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ ലെനിൻ പറഞ്ഞിട്ടുണ്ട്, ‘കല ജനങ്ങളുടേതാണ്. അത് ജനത്തിന് മനസ്സിലാവുകയും അവരുമായി സംവദിക്കുകയും വേണം. ജനങ്ങളുടെ വികാരങ്ങളെയും ചിന്തകളെയും അഭിലാഷങ്ങളെയും കൂട്ടിയിണക്കുകയും അവരിലുള്ള കലാകാരന്മാരെ ഉണർത്തുകയും വളർത്തുകയും വേണം.’ ഗോർക്കിയെപ്പോലുള്ളവർ നാടോടിപ്പാട്ടുകളെയും കഥകളെയും ക്ലാസിക്കൽ കലകൾ സ്വാംശീകരിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നുണ്ട്. ഭാവിയെ വിഭാവനം ചെയ്യുന്ന റൊമാന്റിക് റിയലിസമാണ് കലകൾക്ക് അഭികാമ്യം എന്ന് ഞാൻ വിശ്വസിക്കുന്നു.  

കല ജനകീയമായിരിക്കണമെന്ന എന്റെ അഭിപ്രായത്തെ അടിവരയിട്ടു പറയാൻ വേണ്ടി മാത്രമാണ് കലകളെക്കുറിച്ചുള്ള സോവിയറ്റ് കലാ സിദ്ധാന്തങ്ങളെ ഞാൻ ഇവിടെ പരാമർശിച്ചത്. ഭാരതീയ ക്ലാസിക്കൽ നൃത്തം ജനകീയമാകുന്നതിന്റെ മാനദണ്ഡങ്ങൾ തീർത്തും ഭാരതീയ പരിപ്രേക്ഷ്യത്തിൽനിന്നുകൊണ്ട് നിർമിച്ചെടുക്കണ്ടതാണ്. ഇതര കലാരൂപങ്ങളെ അപേക്ഷിച്ച് നൃത്തത്തിൽ രൂപത്തിന് വളരെ പ്രാധാന്യമുണ്ട്. അതിൽ ആശയം പലപ്പോഴും രണ്ടാമതായി മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. അടവുകളുടെയും വിന്യസിക്കുന്ന കഥയുടെയും വേർപിരിച്ച് അനുഭവിക്കാൻ സാധിക്കാത്തവിധമുള്ള ഇഴുകിച്ചേരലാണ് ഭരതനാട്യത്തിന്റെ സ്വാഭാവികതയെ നിർണയിക്കുന്ന ഘടകം. ലോകത്തെവിടെയും ഭക്തി, പ്രണയം, ദുഖം ഈ മൂന്നുവികാരങ്ങൾക്കും ഒരിക്കലും മൂല്യം നഷ്ടപ്പെടാറില്ല. ഭാരതീയ ക്ലാസിക്കൽ നൃത്തം കാലാതീതമായ ഈ മൂന്നു വികാരങ്ങളെ കേന്ദ്രീകരിച്ചാണ് നിലനിൽക്കുന്നതും. ട്രാജഡിയുടെ പശ്ചാത്തലത്തിൽ അരിസ്റ്റോട്ടിൽ വിശദീകരിക്കുന്ന കഥാർസിസ് (വിരേചനം) തന്നെയാണ് നൃത്തത്തിന്റെ അവതരണത്തിലൂടെയും ആസ്വാദനത്തിലൂടെയും ലഭിക്കുന്ന പരമമായ ആനന്ദവും. ഇത്തരത്തിൽ ജനങ്ങളുടെ അടിസ്ഥാനവികാരങ്ങളുമായി സംവദിക്കുവാനുള്ള ക്ഷമത ഭരതനാട്യത്തിനുണ്ട്. 

അലർമേൽ വള്ളി, മാളവിക സരൂക്കായ്, പ്രിയദർശിനി ഗോവിന്ദ് തുടങ്ങിയ പ്രതിഭാശാലികളായ നർത്തകിമാർ അത് തെളിയിച്ചതുമാണ്. എന്നാൽ മറ്റു ചില നർത്തകർ മനപൂർവം നൃത്തത്തെ ബൗദ്ധികതയുടെ ഉയർന്ന വേദിയിൽ പ്രതിഷ്ഠിക്കാൻ ശ്രമിച്ചതിനെയാണ് ഞാൻ തുറന്നുകാട്ടാൻ ശ്രമിച്ചത്. അവരുടെ നൃത്തം പലപ്പോഴും അമൂർത്തവും അന്തസാരശൂന്യവുമായിരിക്കുന്നു. ശാസ്ത്രീയ നൃത്തത്തിലെ അമൂർത്തതയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഭരതനാട്യത്തിലെ അലാരിപ്പു, ജതിസ്വരം എന്നിവയും ജതികളും അടവുകൾ മാത്രമുള്ള ശുദ്ധനൃത്ത ഇനങ്ങളാണ്. അവയിൽ ആശയമോ ഭാവമോ ഉൾക്കൊള്ളിക്കാറില്ല. പക്ഷേ ഈ അമൂർത്തത തികച്ചും ഭിന്നമായ ആസ്വാദനം സാധ്യമാക്കുന്നുണ്ട്. INDIAN DANCE THROUGH A CRITIC’S EYE എന്ന ലീല വെങ്കട്ടരാമന്റെ പുസ്തകത്തിലെ TRADITION AND MODERNITY IN INDIAN DANCE എന്ന അധ്യായത്തിൽ കഥക്  നർത്തകിയായ കുമുദിനി ലാഖിയയുടെ വെറും ‘ധാ ധിൻ ധിൻ ന’ ആസ്വാദകരുടെ ഹൃദയത്തിൽ ഉളവാക്കുന്ന അനുഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭാരതീയ ക്ലാസിക്കൽ സംഗീതത്തിലെ ‘ആലാപും’ അമൂർത്തതയിൽ സൃഷ്ടിക്കുന്ന ആനന്ദത്തെ അനുഭവിപ്പിക്കുന്നുണ്ട്. ( When Kathak dancer Kumudini Lakhia in ‘ Dhabkar’ can create tension and drama out of just tangentially placed dancers doing a bare “Dha Dhin Dhin Na” sounding exactly like the throbbing pulse, she only proves the point that theme is neither an inspirer nor a barrier. Indian Music carries this approach to the limit where out of wordless sound in the aalap whole world of aesthetic beauty is woven. Page No. 3) 

ഇന്ന് കാണുന്ന പല കോറിയോഗ്രാഫികളിലും അമൂർത്തതയുടെ ആനന്ദമല്ല, നിഗൂഢതയാണ് കാണാനാകുന്നത്. എന്നാൽ അമൂർത്തതയുടെ സമൂർത്തവൽക്കരണം അതിന്റെ നിഗൂഢവൽക്കരണം പോലെ തന്നെ അരോചകമാണ്. ഉദാഹരണത്തിന് അടുത്തിടെ ഒരു പ്രശസ്ത നർത്തകി ‘ആയർശേരിയ’ എന്ന പ്രസിദ്ധമായ ശബ്ദം ( നൃത്തയിനം) അവതരിപ്പിച്ചത് ഞാൻ കണ്ടിരുന്നു. അവർ ജതികളുടെ സ്ഥാനത്ത് അടവുകൾക്കു പകരം പല കരണങ്ങളും പ്രയോഗിച്ചുകണ്ടു. ഈ സമൂർത്തവൽക്കരണം സിനിമാറ്റിക് ഡാൻസ് അറിഞ്ഞോ അറിയാതെയോ ക്ലാസിക്കൽ കലകളെ സ്വാധീനിക്കുന്നതിന്റെ തെളിവാണ്. പക്ഷേ ആസ്വാദകരുടെ ആവശ്യങ്ങൾ ഇന്ന് വളരെമാറിയിരിക്കുന്നു. അതിനു പിന്നിൽ മറ്റ് പോപ്പുലർ കലാരൂപങ്ങളുടെ വലിയ സ്വാധീനം നിഷേധിക്കാനാവാത്ത തരത്തിൽ പ്രകടമാണ്. അതുകൊണ്ട് ശാസ്ത്രീയ നൃത്തത്തെ ആസ്വദിക്കുന്നതിനുള്ള ക്ഷമത പൊതുജനങ്ങളിൽ വളർത്തിയെടുക്കാൻ ബാധ്യസ്ഥരായവർ തന്നെ അതിനെ നിഗൂഢ വൽക്കരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് ഞാൻ അഭിപ്രായപ്പെട്ടത്. അങ്ങനെ വന്നാൽ പിന്നെ നൃത്തത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാവും. ജനകീയവേദികളിൽ നിന്നും അവ എക്കാലത്തേക്കുമായി പുറന്തള്ളപ്പെടുകതന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA