ADVERTISEMENT

ബ്രിട്ടനില്‍ പുതിയൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ധനമന്ത്രി റിഷി സുനക്. ഇതാദ്യമായി വെള്ളക്കാരല്ലാത്തവരുടെ ചിത്രങ്ങള്‍ നാണയങ്ങളില്‍ പതിയാന്‍ പോകുന്നു. അവരില്‍ ഇന്ത്യക്കാരും. കറുത്തവംശജര്‍, ഏഷ്യക്കാര്‍, ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ എന്നിവരില്‍ നിന്നുള്ളവരെ സ്റ്റാംപില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ ഈയാഴ്ച റിഷി സുനക് ഒപ്പിട്ടേക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. തീരുമാനം യാഥാര്‍ഥ്യമായാല്‍ ഇന്ത്യന്‍ വേരുകളുള്ള ബ്രിട്ടിഷ് ചാര വനിത നൂര്‍ ഇനായത് ഖാനും നാണയത്തില്‍  ഇടംപിടിച്ചേക്കാം. 

ചരിത്രത്തിലെ അറിയപ്പെടാത്ത കഥകളിലൊന്നാണ് നൂര്‍ ഇനായത് ഖാന്റേത്. ആവേശകരവും എന്നാല്‍ ദുരൂഹവും. മോസ്കോയിലാണ് നൂര്‍ ജനിക്കുന്നത്. ഇന്ത്യക്കാരനായ പിതാവിന്റെയും അമേരിക്കക്കാരി മാതാവിന്റെയും മകളായി. കുടുംബം പിന്നീട് ലണ്ടനിലേക്കും ഒന്നാം ലോക മഹായുദ്ധ കാലത്ത് പാരിസിലേക്കും കൂടുമാറി. പാരിസില്‍ കുട്ടികളുടെ എഴുത്തുകാരിയായി തുടങ്ങിയെങ്കിലും പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടനിലേക്ക് നൂര്‍ രക്ഷപ്പെട്ടു. 

1940 നവംബറില്‍ വിമന്‍സ് ഓക്സിലറി എയര്‍ ഫോഴ്സില്‍ നൂര്‍ ചേര്‍ന്നു. വയര്‍ലസ്സ് ഓപറേറ്ററായാണ് പരിശീനം നേടിയത്. അക്കാലത്ത് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ രൂപീകരിച്ച രഹസ്യ സൈനിക വിഭാഗമായ സ്പെഷ്യല്‍ ഓപറേഷന്‍സ് എക്സിക്യൂട്ടീവില്‍ അംഗമായി. പാരീസിലേക്ക് ബ്രിട്ടന്‍ അയച്ച ആദ്യ കാല റേഡിയോ ഓപറേറ്റര്‍മാരില്‍ ഒരാളായിരുന്നു നൂര്‍. മഡെലിന്‍ എന്ന രഹസ്യപ്പേരിലായിരുന്നു അക്കാലത്ത് അവരുടെ പ്രവര്‍ത്തനം. നാസിപൊലീസിന്റെ കണ്ണു വെട്ടിച്ചായിരുന്നു അക്കാലത്ത് നൂര്‍  ചാരപ്രവര്‍ത്തനം നടത്തിയിരുന്നത്. അതീവ രഹസ്യമായി വിലപ്പെട്ട വിവരങ്ങള്‍ അവര്‍ ലണ്ടനിലേക്ക് അയച്ചുകൊണ്ടിരുന്നു. അവയൊക്കെയും രാജ്യത്തിന് അമൂല്യമായിരുന്നു. എങ്കിലും അവസാനം 1943 ല്‍ നൂര്‍  അറസ്റ്റിലായി. ജര്‍മനിയില്‍ എത്തിച്ച നൂറിനെ  മൂനിക്കിനു സമീപം നാസികളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാംപിലേക്കു കൊണ്ടുപോയി. ഒടുവില്‍ വധശിക്ഷയ്ക്കു വിധേയയാക്കി. എന്നാല്‍ ബ്രിട്ടന്‍ നൂറിനെ മറന്നില്ല. രാജാവിന്റെ പരമോന്നത ബഹുമതി തന്നെ മരണാനന്തരം അവരെ തേടിയെത്തി. 

2014 ല്‍ ബ്രിട്ടന്‍ പുറത്തിറക്കിയ സ്മാരക സ്റ്റാംപില്‍ നൂര്‍ ഉണ്ടായിരുന്നു. നൂറിന്റെ ഒരു അര്‍ധകായ ശില്‍പം ലണ്ടനില്‍ അനാവരണം ചെയ്യപ്പെട്ടിട്ടുമുണ്ട്. നൂറിന്റെ പേരില്‍ സ്ഥാപിതമായ ഒരു സ്മാരക സമിതിയും അവരുടെ ഓര്‍മ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായി കൊണ്ടുപോകുന്നു. 2019 ഫെബ്രുവരിയില്‍ നൂര്‍ ലണ്ടനില്‍ താമസിച്ചിരുന്ന വസതിയും ബ്രിട്ടന്‍ സ്മാരകമാക്കി മാറ്റിയിരുന്നു. ഈ വീട്ടില്‍ നിന്നാണ് അവര്‍ അവസാനമായി പാരിസിലേക്കു പോയതും അവിടെവച്ച് നാസികളുടെ പിടിയിലാകുന്നതും. ഇപ്പോള്‍ നാണയങ്ങളില്‍ കൂടി നൂര്‍ അനശ്വരയാകുന്നതോടെ ആദരിക്കപ്പെടുന്നത് ഇന്ത്യന്‍ ധീരത കൂടിയാണ്. ചരിത്രത്തിലെ അപൂര്‍വമായ ഒരു സ്ത്രീ വ്യക്തിത്വവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com