ADVERTISEMENT

ബാഡ്മിന്റൺ ലോകത്ത് കേരളത്തിൽ നിന്നൊരു പുത്തൻ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തുകാരി മെഹ്റിൻ റിസ. തിരുവനന്തപുരം പട്ടം കെവി യിൽ പഠിച്ച മെഹ്‌റിൻ പഠനകാര്യങ്ങളിലും ഒട്ടും പിന്നിലല്ല. ഇപ്പോൾ സിബിഎസ്ഇ സ്കീമിൽ പ്ലസ് ടുവിൽ 93% മാർക്ക് വാങ്ങി സ്പോർട്സിനോടൊപ്പം തന്നെ പഠനവും മികച്ച രീതിയിൽ കൊണ്ടുപോകാൻ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് മെഹ്‌റീൻ.

ആറുവയസ്സുള്ളപ്പോൾ മുതൽ ബാഡ്മിന്റൺ നെഞ്ചിലേറ്റിയ മെഹ്‌റീൻ റിസ ഏഴാമത്തെ വയസ്സിൽ സംസ്ഥാന അണ്ടർ 11 കിരീടം നേടി.  തുടർന്നങ്ങോട്ട് വിജയങ്ങളുടെ ഒരു ജൈത്രയാത്രയായിരുന്നു. ഒട്ടനവധി ജില്ലാ, സംസ്ഥാന ടൂർണമെന്റുകളിൽ ജേതാവായ മെഹ്റിൻ ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 2017, 2018, 2019 എന്നീ വർഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2019ൽ ചൈനയിലെ ഷുസോണിൽ നടന്ന ഏഷ്യൻ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു കളിച്ചു. തായ്‌ലാൻഡിലും ഇന്തോനേഷ്യയിലും ജൂനിയർ ഗ്രാൻഡ് പ്രി ടൂർണമെന്റിൽ പങ്കെടുത്തു. മ്യാന്മറിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ABC ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ബാഡ്മിന്റൺ നാഷണൽ ചാംപ്യൻഷിപ്പുകളിൽ ഗോൾഡും സിൽവറും വെങ്കലവുമൊക്കെ നേടി. 2020ൽ ഗുവാഹത്തിയിൽ നടന്ന ഖേലോ ഇന്ത്യ ഗെയിംസിൽ സ്വർണം നേടി. ഇങ്ങനെ പോകുന്നു ഈ കൊച്ചുമിടുക്കിയുടെ വിജയഗാഥ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭോപ്പാൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ റിസ മുഹമ്മദിന്റെയും ആർക്കിടെക്റ്റായ അയിഷാബീവിയുടെയും ഇളയ മകൾ ആണ് മെഹ്റിൻ റിസ. മെഹ്റിന്റെ സഹോദരൻ കോളേജ് ഓഫ് ആർക്കിടെക്ചറിലെ വിദ്യാർഥിയാണ്. തന്റെ കഴിവ് വളർത്തിയെടുക്കാൻ കുടുംബം നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് മെഹ്റിൻ പറയുന്നു. കുട്ടിക്കാലത്ത് ചേട്ടനോടൊപ്പം ബാഡ്മിന്റൺ കളിച്ചാണ് തന്റെ സ്വപ്നത്തിലേക്ക് മെഹ്‌റീൻ ചുവടുവച്ചത്.

ഏഴാമത്തെ വയസ്സിൽ സംസ്ഥാന അണ്ടർ 11 കിരീടം നേടിയപ്പോൾ തന്നെ തങ്ങളുടെ മകൾക്ക് കായിക രംഗത്ത് വളരെ വലിയ സംഭാവന ചെയ്യാൻ കഴിയുമെന്ന് മനസ്സിലായതായി പിതാവ് റിസ മുഹമ്മദ് പറഞ്ഞു. മെഹ്റിൻ ചെറുപ്പം മുതൽ തന്നെ വളരെ അർപ്പണ ബോധമുള്ളവളും കഠിനാധ്വാനിയുമായിരുന്നു.  അതുകൊണ്ടുതന്നെ മകളുടെ കഴിവ് വളർത്തിയെടുക്കാൻ വേണ്ടതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ശ്രദ്ധിച്ചു.  മകളോടൊപ്പം പരിശീലനങ്ങൾക്കും ചാംപ്യൻഷിപ്പിനുമൊക്കെ അനുഗമിക്കാനായി മെഹ്‌റിന്റെ അമ്മ സ്വന്തം ജോലി ഉപേക്ഷിച്ചു.

വലതു കയ്യൻമാരുടെ ആധിപത്യമുള്ള കായികരംഗത്ത് ഇടത് കയ്യിൽ റാക്കറ്റുമായി കുതിക്കുന്ന മെഹ്‌റിൻ ഒരു വിസ്മയമായിരുന്നു.  ഷോട്ടുകളെല്ലാം മികച്ചതായതിനാൽ രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധനേടാൻ മെഹ്‌റിന് സാധിക്കുമെന്ന് പരിശീലകരും വിലയിരുത്തി. പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ മെഹ്‌റിൻ തന്റെ കരിയർ വളർത്താൻ കേന്ദ്രീയ വിദ്യാലയം വളരെയധികം പിന്തുണച്ചിട്ടുണ്ട് എന്ന് പറയുന്നു. സ്റ്റേറ്റ് സിലബസിൽ ഉള്ളതുപോലെ സിബിഎസ്ഇയിൽ സ്പോർട്സിന് ഗ്രേസ് മാർക്ക് ഇല്ല എന്നതൊഴിച്ചാൽ അധ്യാപകരും സഹപാഠികളും വളരെയേറെ പിന്തുണ നൽകിയിട്ടുണ്ട്.

ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് മെഹ്റിൻ ഇപ്പോൾ പരിശീലനം നടത്തുന്നത്. കോവിഡ് വ്യാപനത്തോടെ കായികരംഗവും സ്തംഭിച്ചതോടെ പല ചാംപ്യൻഷിപ്പുകളും ടൂർണമെന്റുകളും മുടങ്ങിയിരിക്കുകയാണ്. ബാഡ്മിന്റൺ കോർട്ടുകളും അടച്ചതോടെ പരിശീലനം നടത്താനും വഴിയില്ലാതെ അവസ്ഥയിലാണ്. എങ്കിലും ഗോപിചന്ദ് അക്കാദമിയിൽ നിന്നും ഓൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്. സ്ട്രെങ്ത്ത് വർധിപ്പിക്കാനുള്ള എക്സർസൈസുകളും യോഗയുമൊക്കെ മുടങ്ങാതെ ചെയ്യുന്നുണ്ട്. അടുത്ത ജനുവരിയിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിന്റെ സെലക്ഷൻ ഈ വർഷം നവംബറിലോ ഡിസംബറിലോ ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് മെഹ്‌റിൻ

കായികരംഗത്തു മാത്രമല്ല പെയിന്റിങ്, വാൾ പെയിന്റിങ്, കളിമൺ കമ്മലുകൾ ഉണ്ടാക്കുക, പാചകം തുടങ്ങിയവയിലും അതീവ തൽപരയാണ് ഈ കൊച്ചു മിടുക്കി. ലോക്ഡൗണിൽ പരിശീലന സൗകര്യങ്ങൾ മുടങ്ങിയപ്പോൾ തന്റെ കലാരംഗം പരിപോഷിക്കാനായി പെയിന്റിങ്ങിലും ആഭരണ നിർമാണത്തിലും മുഴുകിയാണ് സമയം ചെലവഴിച്ചത് മെഹ്റിന്‍ പറയുന്നു. എക്കണോമിക്സ് ഐച്ഛികമായി എടുത്തു ബിരുദ പഠനത്തിനായുള്ള തയാറെടുപ്പിലാണ് മെഹ്റിന്‍. ഒപ്പം ക്ലാറ്റ് എഴുതാനും തയ്യാറെടുക്കുന്നുണ്ട്. കായികരംഗത്തോടൊപ്പം തന്നെ വിദ്യാഭ്യാസവും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം എന്നാണു മെഹ്റിന്റെ ആഗ്രഹം.   ബാഡ്മിന്റണിൽ ഉയരങ്ങൾ കീഴടക്കണമെന്നും ഇനി വരുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലുമൊക്കെ ഇന്ത്യയെ പ്രതിനിധീകരിച്ചു ഇന്ത്യക്കായി സ്വർണം നേടുക എന്നുള്ളതുമാണ് മെഹ്റിന്റെ സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com