ADVERTISEMENT

ശരീരത്തിൽ വരുന്ന അസുഖങ്ങൾ പോലെ തന്നെ ചികിത്സിക്കേണ്ടതാണ് മാനസിക പ്രശ്നങ്ങളും. പലപ്പോഴും അനാവശ്യമായ അപമാന ചിന്തയാൽ ചിലരെങ്കിലും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടാറില്ല. പൂർണാർത്ഥത്തിൽ ഒരാൾ കൈവിട്ടു പോകുമ്പോഴാണ് എത്രമാത്രം അപകടകരമാണ് ഈ അവസ്ഥയെന്ന് നമ്മൾ തിരിച്ചറിയുന്നത്. സ്വന്തം അമ്മയുടെ വിഷാദ രോഗം എംബിബിഎസിനു പഠിക്കുമ്പോൾ മാത്രം തിരിച്ചറിഞ്ഞ ഒരു പെൺകുട്ടിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹ്യമൻസ് ഓഫ് മുംബൈ എന്ന പേജിലാണ് പെൺകുട്ടി സ്വന്തം അനുഭവം പങ്കുവച്ചത്.

കുറിപ്പിന്റെ സംക്ഷിപ്തരൂപം വായിക്കാം

മിക്ക കുട്ടികളും അമ്മമാരുമായുള്ള ആത്മബന്ധത്തെ കുറിച്ച്  പറയാറുണ്ട്. എന്റെ കാര്യം അങ്ങനെ അല്ല. പത്തു വയസ്സുള്ളപ്പോൾ ഒരിക്കൽ ഞാൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അമ്മ ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ അമ്മ ഒരു സ്പെഷ്യൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അച്ഛൻ പറഞ്ഞു. ഒരു കിടക്ക മാത്രമേ അമ്മയുടെ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ അമ്മ ദേഷ്യപ്പെടുകയും മോശം വാക്കുകൾ പറയുകും.  പാത്രങ്ങൾ ചുവരിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. 

വീട്ടിലെത്തിയ  ശേഷവും അമ്മ മരുന്ന് തുടർന്നു. ഇടയ്ക്കിടെ  കരയുന്നതും കാണാം. ഇവിടെ സന്തോഷമില്ല. മറ്റെവിടേക്കെങ്കിലും കൊണ്ടു പോകൂ എന്ന് മുത്തശ്ശിയോട് പലപ്പോഴും പറയുന്നതും കേട്ടിട്ടുണ്ട്. അമ്മയുടെ നില വളരെ മോശമാകുമ്പോൾ  അമിത ഡോസുള്ള മരുന്നുകൾ നൽകുന്നതും കണ്ടിരുന്നു. ഒരിക്കൽ ഒരു നൃത്ത പരിപാടിയിൽ പങ്കെടുത്ത കാര്യം ഞാൻ അമ്മയോട് പറഞ്ഞു. അമ്മ മറുപടിയൊന്നും പറഞ്ഞില്ല. അതോടെ അമ്മയോടു കാര്യങ്ങൾ പറയുന്നത് ഞാൻ നിർത്തി. 

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പ്രായവും പക്വതയും എനിക്കായിരുന്നില്ല. ആരും ഒന്നും പറഞ്ഞില്ല. എന്നാൽ, അമ്മയ്ക്ക് എന്തോ അസുഖമാണെന്നും അത് വേഗം ഭേദമാകുമെന്നും  മാത്രം മനസ്സിലായി. അമ്മയോട് ഞാൻ പലപ്പോഴും ദേഷ്യപ്പെട്ടിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അമ്മയെ ക്ഷമയോടെ കൈകാര്യം ചെയ്യണമെന്ന് അപ്പോഴെല്ലാം അച്ഛൻ പറഞ്ഞിരുന്നു. എംബിബിഎസിനു പഠിക്കുന്ന കാലത്ത് അമ്മയ്ക്ക് വിഷാദ രോഗമാണെന്ന് എനിക്കു മനസ്സിലായി. സൈക്യാട്രിയാണ് എടുത്തത്. അമ്മയുടെ ലക്ഷണങ്ങളെല്ലാം അപ്പോഴാണ് എനിക്കു മനസ്സിലായത്. എന്തുകൊണ്ടാണ് ഇക്കാര്യം മറച്ചുവച്ചതെന്ന് അച്ഛനോട് ചോദിച്ചിരുന്നു. എന്നാൽ, അവർക്കും ഇതേപറ്റി വലിയ ധാരണയുണ്ടായിരുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം. രോഗത്തെ കുറിച്ച് കൂടുതൽ മനസ്സിലായപ്പോൾ ഞാനും അച്ഛനും എല്ലാം തുറന്നു സംസാരിക്കാൻ തയാറായി. എങ്ങനെ അമ്മയെ സഹായിക്കാം എന്നായിരുന്നു പിന്നീട് ഞങ്ങളുടെ ചിന്ത. ഇടക്കിടെ വിളിച്ചു. ക്രമേണ അമ്മയുടെ അസുഖം കുറയുന്നതായി ഞങ്ങള്‍ക്കു തോന്നി. ഒരുദിവസം ഞാൻ കാരണമാണ് അമ്മയുടെ അസുഖം മാറിയതെന്ന്  പറഞ്ഞു. എന്തു പറയണമെന്നറിയാതെ അമ്മയെ ഞാൻ കെട്ടിപ്പിടിച്ചു.

കൂടുതൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ അമ്മ എന്റ പഠനത്തെ  കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ചോദിച്ചു. നഷ്ടമായ വർഷങ്ങളെ തിരികെ പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ അമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com