sections
MORE

ലോക്ഡൗണിൽ യുട്യൂബ് നോക്കി തുന്നിയെടുത്തു, റെക്കോർഡ് നേടി കൊടുങ്ങല്ലൂർക്കാരി

Sandhya-Kodugalloor
SHARE

എംബിഎ പഠനത്തിനു ശേഷം എച്ച്ആർ ജോലിയിലേക്കു തിരിഞ്ഞൊരു പെൺകുട്ടി. എട്ടുവർഷം കൊണ്ട് കംപ്യൂട്ടറിനെ മുൻപിലെ നിരന്തരമായ ഇരിപ്പും ആവർത്തന സ്വഭാവമുള്ള ജോലിയും അവളെ മടുപ്പിച്ചു കളഞ്ഞു. ജോലി വിട്ട് കുഞ്ഞുവാവയ്ക്കൊപ്പം വീട്ടിലിരിക്കുന്ന സമയത്ത് വിനോദമെന്ന നിലയിലാണ് ബോട്ടിൽ ആർട്ട് ചെയ്തു തുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ ലോക്ഡൗണും ബോട്ടിൽ ആർട്ട് ട്രെൻഡുമൊക്കെ വരുന്നതിനു രണ്ടുമാസം മുൻപ്. യൂട്യൂബ് ആയിരുന്നു ഗുരു.

വിഡിയോസ് കണ്ട് ആർട്ട് ചെയ്തു തുടങ്ങിയപ്പോഴേ മനസിൽ ഉറപ്പിച്ചിരുന്നു, ചുമ്മാ പെയിന്റ് ചെയ്ത് കോപ്പി അടിയാകാൻ പറ്റില്ലെന്ന്. അതുകൊണ്ടു കുറച്ചുകൂടി സീരിയസ് ആയി, യുണീക് ആയി തന്നെ ചെയ്യാൻ തീരുമാനിച്ചു. ക്ലേയിലായിരുന്നു പരീക്ഷണം. സംഗതി ഹിറ്റായി. ആദ്യം ചെയ്ത വർക്കുകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ആവശ്യക്കാരെത്തി. മാർച്ച് ആയതോടെ കൂടുതൽ ഓർഡർ വരാൻ തുടങ്ങി. ലോക്ഡൗൺ സമയത്ത് ഒരു വലിയ ഓർഡർ ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് എംബ്രോയ്ഡറി മനസിൽ കയറിക്കൂടുന്നത്.

ബേസിക് സ്റ്റിച്ചുകൾ അറിയാമായിരുന്നു. സുഹൃത്തുക്കളുടെ ഗ്രൂപ്പിലെ ചിത്രത്തുന്നൽ കണ്ട് യുട്യൂബ് നോക്കി ചെയ്തു തുടങ്ങി. ആദ്യം ചെയ്ത രണ്ട് വർക്കുകൾ ലൈൻ ആർട്ട് പോലെ ചെയ്തു നോക്കി. മൂന്നാമത്തേത് ആയപ്പോൾ പിക്ചർ പോർട്രേറ്റ് ചെയ്തു നോക്കി. ചിത്രത്തുന്നലിലൂടെ ആളുകളുടെ ഛായാചിത്രങ്ങളൊരുക്കി. ഡ്രസ് കളർ ഒക്കെ കൃത്യമായി കോപ്പി ചെയ്തു ചെയ്തതോടെ ആളുകൾക്കിഷ്ടപ്പെട്ടു. ഏതാനും മാസങ്ങൾകൊണ്ട് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ സന്തോഷത്തിലാണ് കൊടുങ്ങല്ലൂർക്കാരി സന്ധ്യ.

Sandhya-Kodugalloor1

ഇപ്പോൾ കസ്റ്റമൈസ്ഡ് വർക്കുകൾക്കായി നിറയെ ഓർഡറുകളെത്തുന്നു. കൈകൊണ്ട് ഒരു ഛായാചിത്രം തുന്നിയെടുക്കാൻ ഒന്നു മുതൽ മൂന്നുദിവസം വരെയെടുക്കുമെന്ന് സന്ധ്യ പറയുന്നു. കാരണം ഒരു വയസ്സുകാരി മകൾക്കൊപ്പം ചെലവഴിക്കാനും സമയം കണ്ടെത്തണം. ഭർത്താവ് സുമനൊപ്പം സഹായിയായി ബിസിനസിലും സജീവമാണ് സന്ധ്യ. അതുകൊണ്ടു തന്നെ മാസത്തിൽ 10 ഓർഡർ വരെയേ ചെയ്യാറുള്ളൂ.

ഓർഡറുകൾ നേരത്തേ കിട്ടിയാൽ നന്നായി ചെയ്യാൻ പറ്റും. കസ്റ്റമേഴ്സിന്റെ സന്തോഷമാണ് പ്രധാനം. പൂണെ, മുംബൈ, ചെന്നൈ, ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം സന്ധ്യയുടെ ചിത്രത്തുന്നലുകളുടെ കസ്റ്റമേഴ്സുണ്ട്. ജോലിക്കുപോയിരുന്നതിനേക്കാൾ സന്തോഷമാണിപ്പോൾ എന്നു ഈ കലാകാരി ഉറപ്പിച്ചു പറയുന്നു. ഫാബ്രിക് പെയിന്റിങ്, വാൾ പെയിന്റിങ് തുടങ്ങി എല്ലാത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് സന്ധ്യ. ഒരു ഫ്ലാറ്റിന്റെ വാൾ പെയിന്റിങ് വർക്കുകളും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA