sections
MORE

സ്പോർട്സ് ബ്രായിലെ സംയുക്തയുടെ വ്യായാമം; മാപ്പു പറഞ്ഞ് കവിത

samyukta-kavitha
SHARE

സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ പേരില്‍ പുരുഷന്‍മാരില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഒരു ഉയര്‍ന്ന വനിതാ നേതാവില്‍ നിന്ന് ഉയര്‍ന്ന പ്രതിഷേധമാണ് കന്നഡ നടി സംയുക്ത ഹെഗ്ഡെ ഉള്‍പ്പെട്ട വാദപ്രതിവാദത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സംഭവ പരമ്പരകള്‍ക്കൊടുവില്‍ നേതാവ് മാപ്പ് പറയുകയും നടി അതു പൂര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്തതോടെ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു എന്നാണ് ഇരുകൂട്ടരും വാദിക്കുന്നത്. 

4-ാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. കന്നഡ നടി സംയുക്ത ഹെഗ്ഡെ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കില്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് സദാചാര ഗുണ്ടായിസ ആക്രമണം നടിക്കു നേരെ ഉണ്ടാകുന്നത്. സഭ്യമല്ലാത്ത വസ്ത്രങ്ങളാണ് നടി ധരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് എഐസിസി അംഗം കവിത റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നടി സ്പോര്‍ട്സ് ബ്രാ ധരിച്ച് വര്‍ക് ഔട്ട് ചെയ്തതാണ് കവിതയെ പ്രകോപിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സംഘര്‍ഷം കയ്യാങ്കളിയുടെ വക്കിലെത്തിയിരുന്നു. വഴക്ക് മൊബൈലില്‍ ചിത്രീകരിച്ചവര്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. വൈകിട്ട് സംഭവത്തെ കുറിച്ച് നടി  പ്രസ്താവനയും ഇറക്കി. 

സ്ത്രീകള്‍ എവിടെ പോകുന്നു, എന്തു ചെയ്യുന്നു, ഏതു വേഷം ധരിക്കുന്നു എന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു എന്നായിരുന്നു സംയുക്തയുടെ പ്രതികരണം. കവിത റെഡ്ഡിക്കെതിരെ സംയുക്ത പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. വ്യത്യസ്ത വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസും ചാര്‍ജ് ചെയ്തു. എന്നാല്‍, ഞായറാഴ്ച അപ്രതീക്ഷിതമായി കവിത റെഡ്ഡി മാപ്പ് പറഞ്ഞു. 

എന്തു വേഷമാണ് ധരിക്കേണ്ടതെന്ന് സ്ത്രീകളോടു പറയാന്‍ ആര്‍ക്കും അവകാശമില്ല എന്നും കവിത അസന്ദിഗ്ധമായി വ്യക്തമാക്കി. സദാചാര പൊലീസിങ്ങിനെ ഞാന്‍ എന്നും എതിര്‍ത്തിട്ടേയുള്ളൂ. എന്നാല്‍ എന്റെ പ്രവൃത്തികള്‍ അങ്ങനെ തെറ്റിധരിക്കപ്പെട്ടതില്‍ എനിക്ക് അതിയായ വിഷമമുണ്ട്. വഴക്കിനൊടുവില്‍ ഞാന്‍ ആക്രമണോത്സുകതയോടെ പെരുമാറി എന്നതു സത്യമാണ്. അതിന്റെ പേരില്‍ മാപ്പു പറയുന്നു- കവിത കൂട്ടിച്ചേര്‍ത്തു. ഇതിനെത്തുടര്‍ന്ന് മാപ്പ് അംഗീകരിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കി. 

ക്ഷമാപണം സ്വീകരിച്ചിരിക്കുന്നു. കഴിഞ്ഞതു കഴിഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്നു പ്രതീക്ഷിക്കാം. സ്ത്രീകള്‍ക്ക് എവിടെയും എപ്പോഴും സുരക്ഷിതരായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകട്ടെ- സംയുക്ത പറയുന്നു. മാപ്പ് പറഞ്ഞെങ്കിലും കവിത റെഡ്ഡി സംഭവത്തെക്കുറിച്ചുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും സംയുക്ത ചൂണ്ടിക്കാട്ടി.

English Summary: "Apology Accepted": Kannada Actress To Congress Leader Over Park Incident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA