sections
MORE

‘32ൽ അധികം പുരുഷന്മാരെ കണ്ടു; 25 പേരും ‘നോ’ പറഞ്ഞു; വിട്ടുവീഴ്ചയായിരുന്നു ആവശ്യം’

down-woman
SHARE

അംഗവൈകല്യങ്ങൾ സംഭവിക്കുന്നത് ആരുടെയും കുറ്റം കൊണ്ടല്ല. പൊക്കം കുറയുകയോ കൂടുകയോ ചെയ്യുക, വൈകല്യങ്ങളുണ്ടാകുക  ഇതെല്ലാം പലപ്പോഴും ജന്മനാ വന്നു ചേരുന്നവയാണ്. എന്നാൽ ഇത്തരം കുറവുകളെ പരിഹസിക്കുന്നതിലൂടെ പലരും ചെയ്യുന്നത് മുറിവില്‍  ഉപ്പു പുരട്ടലാണ്. ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാൻ അവർ തയാറെടുക്കുമ്പോൾ പോലും അത് തകർക്കുന്ന രീതിയിലുള്ള ഇടപെടൽ പലപ്പോഴും സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു പെണ്‍കുട്ടി. വിവാഹ പ്രായമായപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പെണ്ണുകാണാൻ നിന്നപ്പോൾ കേട്ട കുത്തുവാക്കുകളെ കുറിച്ചും യുവതി വ്യക്തമായി പറയുന്നു.

കുറിപ്പ് വായിക്കാം

ആറുവയസ്സു പ്രായമുള്ളപ്പോൾ സർക്കസിൽ നിന്നാണോ വരുന്നതെന്ന രീതിയിലുള്ള പരിഹാസം കേട്ടിട്ടുണ്ട്.സ്കൂളിൽ വരുന്ന പുതിയ ബാച്ചിനെ എല്ലാം ഭയത്തോടെയാണ് സമീപിച്ചിരുന്നത്. അവരുടെ പ്രതികരണങ്ങളിൽ മനംനൊന്ത് അധ്യാപകരുടെയും വീട്ടുകാരുടെയും മുന്നിൽ കരഞ്ഞ് ഞാൻ എത്തിയിട്ടുണ്ട്. എന്റെ വീട്ടുകാരും ഉയരം കുറവായിരുന്നു. അവരും അപ്പോഴെല്ലാം എനിക്കൊപ്പം കരഞ്ഞു. അവരുടെ തെറ്റുകൊണ്ടാണ് ഞാൻ ഇങ്ങനെയായതെന്ന് അവർ കരുതി. 

പിന്നീട് നിന്നെ ആരാണ് വിവാഹം ചെയ്യാൻ തയാറാകുക എന്ന ചോദ്യങ്ങൾ നേരിടേണ്ടി വന്നു. എന്റെ ആത്മാർഥ സുഹൃത്തിനെ എനിക്കിഷ്ടമായിരുന്നു. അക്കാര്യം അവനോട് തുറന്നു പറഞ്ഞപ്പോൾ മാതാപിതാക്കൾ ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു അവന്റെ മറുപടി. അച്ഛൻ എനിക്കു വേണ്ടി ഒരാളെ തിരയാന്‍ തുടങ്ങിയപ്പോഴാണ്. ഏതാണ്ട് 32ൽ അധികം ആളുകള്‍ക്കു മുന്നി‍ൽ പെണ്ണു കാണാൻ എത്തി. അതിൽ 25 പേരും നോ പറഞ്ഞു. യെസ് പറഞ്ഞവരാകട്ടെ എന്റെ ശരീര പ്രകൃതി ഇങ്ങനെയായതിനാല്‍ ഞാനേറെ വിട്ടുവീഴ്ച ചെയ്യണമെന്നു പറഞ്ഞു. പണമുണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇത്തരം ഒരു പെണ്ണിനെ കൊണ്ട് മകനെ വിവാഹം കഴിപ്പിക്കില്ലെന്നായിരുന്നു പെണ്ണുകാണാൻ വന്നവരിൽ ചിലർ പറഞ്ഞത്. 

ഇങ്ങനെയുള്ള കൂടിക്കഴ്ചകൾക്കു ശേഷം ഇതിനൊരു അവസാനം വരുത്താൻ ഞാൻ തീരുമാനിച്ചു. ഇതിന്റെ പേരിൽ അച്ഛനുമായി വഴക്കുണ്ടാക്കി. നമുക്ക് നമ്മൾ മാത്രം മതിയെന്നും എനിക്കൊരു വരനെ ആവശ്യമില്ലെന്നും അച്ഛനെ പറഞ്ഞ് മനസ്സിലാക്കി. ശ്രദ്ധതിരിക്കാനായി ഞാൻ ജോലിയിൽ കഠിനാധ്വാനം ചെയ്യാനും വൈകല്യം ബാധിച്ചവർക്കു വേണ്ടിയുള്ള ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി. 

അവിടെ നിന്നാണ് പകുതി അന്ധനായ ഒരാളെ പരിചയപ്പെട്ടത്. എന്ത് വൈകല്യമാണ് എനിക്കുള്ളതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ചെറിയ കൈകാലുകളാണ് ഉള്ളതെന്ന് പറഞ്ഞപ്പോൾ പക്ഷേ, നിനക്ക് കൈകാലുകൾ ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അദ്ദേഹത്തോടൊപ്പം കൂടിയതിനു ശേഷമാണ് എന്റെ കാഴ്ചപ്പാടിലും മാറ്റം വന്നുതുടങ്ങിയത്. ആ ദിവസം തൊട്ട് എന്നെ അംഗവൈകല്യമുള്ളവളായി കാണുന്നത് അവസാനിപ്പിച്ചു. വൈകാതെ തന്നെ ഞാൻ എന്നെ പോലെ അംഗവൈകല്യമുള്ള മാർക്കിനെ പരിചയപ്പെട്ടു. ഞങ്ങൾ സംസാരിക്കാനും ഒരുമിച്ച് ബാഡ് മിന്റണ്‍ കളിക്കാനും തുടങ്ങി. ഞങ്ങളെ പോലെയുള്ള നിരവധിപേരും തുടർന്ന് എത്തി. പിന്നീട് സ്റ്റേജ് ഷോകളിലും എഴുത്തിലും ഞങ്ങൾ പങ്കാളികളായി. ഇന്ന് എന്നെയോർത്ത് ഞാനേറെ അഭിമാനിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അച്ഛൻ മരിച്ചു. ദയാലുവും വിദ്യാസമ്പന്നനുമായ ഒരാളെയായിരുന്നു ഞാൻ തിരഞ്ഞത്. അങ്ങനെ കുറച്ചു മാസങ്ങൾക്കകം ഞാൻ അദ്ദേഹത്തെ കണ്ടെത്തി. ഇപ്പോൾ വിവാഹ നിശ്ചയം കഴിഞ്ഞു. വൈകാതെ വിവാഹം കാണും. നിങ്ങൾ സെറ്റിലാകണമെന്ന് മറ്റൊരാളെ കൊണ്ട് പറയിക്കാൻ ഇടവരുത്തരുത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA