ADVERTISEMENT

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ അറസ്റ്റിലായ ദിവസം അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി ധരിച്ചിരുന്ന ടി ഷര്‍ട്ടും ശ്രദ്ധേയമായി. കറുത്ത ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരുന്ന വാക്കുകളും. സമൂഹ മാധ്യമങ്ങളില്‍ വാക്കുകള്‍ മുദ്രാവാക്യം പോലെ പ്രചരിച്ചപ്പോള്‍ റിയയ്ക്കു സമൂഹത്തിനോടു പറയുനുള്ളവയാണ് ആ വാക്കുകള്‍ എന്നാണ് പൊതുവെ കരുതപ്പെട്ടത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന വാക്കുകളാണ് റിയയുടെ ടി ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരുന്നത്. ഇതറിഞ്ഞും അറിയാതെയും പ്രശസ്തരും പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം പോലെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. യഥാര്‍ഥത്തില്‍ റിയയുടെ ഷര്‍ട്ടിലെ വാചകങ്ങള്‍ ഗുണം ചെയ്തിരിക്കുന്നത് രാജ്യത്തെ ഗ്രാമങ്ങളിലെ എണ്ണമറ്റ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും.

റോസസ് ആര്‍ റെഡ് 

വയലറ്റ്സ് ആര്‍ ബ്ലൂ 

ലെറ്റ്സ് സ്മാഷ് പാട്രിയാര്‍ക്കി 

മീ ആന്‍ഡ് യു

എന്നാണ് ടി ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരുന്നത്. നമുക്കൊരുമിച്ച് പുരുഷ മേല്‍ക്കോയ്മയ്ക്കെതിരെ പോരാടാം എന്നര്‍ഥം വരുന്ന വാക്കുകള്‍. ‘ഗിവ് ഹെര്‍ 5’  എന്ന പേരിലുള്ള സാമൂഹിക കൂട്ടായ്മ ദ് സോള്‍ഡ് സ്റ്റോര്‍ എന്ന വസ്ത്ര വിതരണ കമ്പനിയുമായി ചേര്‍ന്ന് ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചതാണ് പ്രചാരണ വാക്കുകള്‍. 2018-ലാണ് ഈ വാക്കുകള്‍ ആദ്യമായി ശ്രദ്ധേയമായതെന്നു പറയുന്നു ഗിവ് ഹെര്‍ 5 പ്രോജക്ട് മാനേജര്‍ ശിവാനി സ്വാമി.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികളെയും സ്ത്രീകളെയും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ വേണ്ടിയാണ് മുദ്രാവാക്യം തയാറാക്കിയത്. ഒരു ടി ഷര്‍ട്ട് വിറ്റുകിട്ടുന്ന ലാഭം കൊണ്ട് ഒരാളുടെ ഒരു വര്‍ഷത്തെ ആര്‍ത്തവ ശുചിത്വത്തിനുവേണ്ട ചെലവ് സംഘടിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അക്കാലത്ത് മുദ്രാവാക്യം നന്നായി പ്രചരിക്കുകയും ലക്ഷ്യം വച്ചതിലധികം തുക സമാഹരിക്കുകയും ചെയ്തു.

ഇപ്പോള്‍ റിയ വീണ്ടും മുദ്രാവാക്യം പ്രശസ്തമാക്കിയതോടെ ഒട്ടേറെപ്പേര്‍ ഈ വാക്കുകള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. സോള്‍ഡ് സ്റ്റോള്‍ ഓണ്‍ലൈനില്‍ വിതരണം ഏറ്റെടുത്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുപോയത് നൂറോളം ഷര്‍ട്ടുകള്‍.

ഒട്ടേറെപ്പേര്‍ പുതുതായി ഓര്‍ഡര്‍ ചെയ്യുന്നുമുണ്ട്. ഓരോ ഷര്‍ട്ട് വില്‍ക്കുമ്പോഴും രാജ്യത്തെ ഏതോ ഗ്രാമത്തിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയായിരിക്കും അതിന്റെ ഗുണം അനുഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നിലവില്‍ 599 രൂപയാണ് ഓണ്‍ലൈനില്‍ ഒരു ടി ഷര്‍ട്ടിന് ഈടാക്കുന്നത്.

പദ്ധതിയിലേക്ക് നേരിട്ട് സംഭാവന ചെയ്യാന്‍ തയാറായി പലരും വിളിക്കാറുണ്ടെന്ന് ശിവാനി സ്വാമി പറയുന്നു. റോസസ് ആര്‍ റെഡ് പോലെ ശ്രദ്ധിക്കപ്പെടുന്ന മുദ്രവാക്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സോള്‍ഡ് സ്റ്റോര്‍ ക്ഷണിച്ചിട്ടുമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവ ടി ഷര്‍ട്ടുകളില്‍ പ്രിന്റ് ചെയ്ത് വിതരണത്തിന് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. അങ്ങനെ ആര്‍ത്തവ ശുചിത്വം വ്യാപകമാക്കുക. ഒട്ടേറെ രോഗങ്ങളില്‍ നിന്നും മാനസിക പ്രശ്നങ്ങളില്‍നിന്നും അന്ധവിശ്വാസത്തിന്റെ ചങ്ങലകളില്‍ നിന്നും ഗ്രാമീണ സ്ത്രീകളെ രക്ഷിക്കുക.

English Summary: Rhea’s viral tee is linked to a menstrual hygiene campaign; know more about it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com