ADVERTISEMENT

സഭ്യമല്ലാത്ത വസ്ത്രം ധരിച്ചെത്തി എന്ന കാരണത്താല്‍ യുവതിക്ക് മ്യൂസിയത്തില്‍ പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ പ്രതിഷേധം. പാരിസിലാണ് ഇക്കഴിഞ്ഞ ദിവസം വിവാദസംഭവം നടന്നത്. 22 വയസ്സുള്ള ജീന്‍ ഹ്യുവറ്റ് എന്ന സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് വിവാദനായിക. കഴിഞ്ഞദിവസം സുഹൃത്തിനൊപ്പം പാരിസിലെ പ്രശസ്തമായ മുസെ ദ് ഒര്‍സെ എന്ന കലാമ്യൂസിയത്തില്‍ ഹ്യുവറ്റ് എത്തിയത് ജെയിംസ് ടിസോ എന്ന ഫ്രഞ്ച് ചിത്രകാരന്റെ ചിത്രപ്രദര്‍ശനം കാണാന്‍. 4 മണിക്ക് മ്യൂസിയത്തിലെത്തി ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം തുടങ്ങിയെതന്ന് ഹ്യുവറ്റ് പറയുന്നു. മ്യൂസിയത്തിന്റെ ഒരു സൂക്ഷിപ്പുകാരനാണ് ആദ്യം സമീപിച്ചത്. ഹ്യുവറ്റിന് മ്യൂസിയത്തില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നാണ് അദ്ദേഹം അറിയിച്ചത്. കാരണം ചോദിച്ചെങ്കിലും ഒന്നും വ്യക്തമാക്കിയില്ല. കാരണം അറിയാതെ താന്‍ പോകില്ലെന്ന് ഹ്യുവറ്റ് വാശി പിടിച്ചതോടെ മ്യൂസിയത്തിന്റെ മാനേജര്‍ എത്തി. 

 

മ്യൂസിയത്തിന്റെ ഏതു നിയമമാണ് താന്‍ ലംഘിച്ചതെന്ന ചോദ്യത്തിന് ജാക്കറ്റ് പൂര്‍ണമായി മൂടി, തുറന്നുകിടക്കുന്ന മാറിടം മറച്ച് മ്യൂസിയത്തില്‍ പ്രവേശിക്കാനായിരുന്നു നിര്‍ദേശം. അതോടെയാണ് പാതി തുറന്നുകിടക്കുന്ന വസ്ത്രത്തിലൂടെ എല്ലാവരും തന്റെ മാറിടത്തിലേക്കാണ് നോക്കുന്നതെന്ന കാര്യം ഹ്യുവറ്റ് ശ്രദ്ധിക്കുന്നത്. തന്റെ വസ്ത്രമാണോ പ്രശ്നമെന്ന് ഹ്യുവറ്റ് ചോദിച്ചു. വ്യക്തമായി മറുപടി പറയാതെ ജാക്കറ്റ് പൂര്‍ണമായും മൂടി മ്യൂസിയത്തില്‍ പ്രവേശിക്കാനായിരുന്നു മാനേജരുടെ മറുപടി. ജാക്കറ്റില്‍ മ്യൂസിയത്തില്‍ പ്രവേശിച്ചെങ്കിലും തനിക്ക് ചിത്രപ്രദര്‍ശനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ലെന്നു പറയുന്നു ഹ്യുവറ്റ്. തന്റെ വസ്ത്രത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമാണ് ഹ്യുവറ്റ് ചിന്തിച്ചുകൊണ്ടിരുന്നത്. വസ്ത്രത്തിന്റെ പേരില്‍ താന്‍ വിവേചനമാണ് അനുഭവിച്ചതെന്നും അവര്‍ക്ക് വ്യക്തമായി. തന്റെ ശരീരത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മറ്റുള്ളവര്‍ ചിന്തിക്കുന്നതിന് താന്‍ എന്തു പിഴച്ചു എന്ന ചോദ്യമാണ് ഹ്യുവറ്റിന്റെ മനസ്സില്‍ ഉയര്‍ന്നത്. അന്നുരാത്രി തന്നെ ഹ്യുവറ്റ് താന്‍ അനുഭവിച്ച വിവേചനത്തെക്കുറിച്ച് സമൂഹ മാധ്യമത്തില്‍ തുറന്നെഴുതി. വസ്ത്രത്തിന്റെ പേരില്‍ തന്നെ അപമാനിച്ചെന്നും ഏതു വേഷം ധരിക്കാനും തനിക്ക് അവകാശമുണ്ടെന്നും അവര്‍ എഴുതുകുകയും ചെയ്തു. ഹ്യൂവറ്റിന്റെ പോസ്റ്റ് പെട്ടെന്നുതന്നെ വൈറലായി. നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി എത്തിയോതോടെ മ്യൂസിയം മാപ്പപേക്ഷയുമായി രംഗത്തെത്തി. 

 

ഒരു വിദ്യാര്‍ഥിനിയുടെ പരാതിയെക്കുറിച്ച് തങ്ങള്‍ അറിഞ്ഞുവെന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു മാപ്പപേക്ഷ. തന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിന്നീട് ഹ്യുവറ്റ് പറഞ്ഞു. സഭ്യമല്ലാത്ത വസ്ത്രം എന്നു ചൂണ്ടിക്കാട്ടി സ്ത്രീകള്‍ പലയിടങ്ങളിലും വിവേചനം നേരിടുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരുടെ ഭാവന സ‍ഞ്ചരിക്കുന്ന വിചിത്രവഴികളെക്കുറിച്ച് ചിന്തിച്ച് ആര്‍ക്കാണ് വസ്ത്രം ധിരിക്കാനാവുന്നതെന്നും അവര്‍ ചോദിക്കുന്നു. ഓരോ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ആശ്വാസപ്രദമമെന്നു തോന്നുന്ന വസ്ത്രമാണ് ഓരോരുത്തരും ധരിക്കുന്നത്. അത് അവരുടെ മാത്രം അവകാശവുമാണ്. അതില്‍ വിവേചനം കാണാന്‍ ശ്രമിക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് ഹ്യുവറ്റ് വാദിക്കുന്നത്.

English Summary: Outcry After Woman Was Barred From Museum Until She Covered Her Cleavage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com