ADVERTISEMENT

കഴിഞ്ഞ കുറെ മണിക്കൂറായി ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ ബഹിഷ്കരിച്ച് അമേരിക്കന്‍ മോഡലും അവതാരകയുമായ കിം കര്‍ദാഷിയാന്‍. വെറുപ്പും വിവേചനവും പ്രചരിപ്പിക്കുന്ന വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് കിമ്മും കൂട്ടരും അപൂര്‍വമായ പ്രതിഷേധത്തില്‍ അണി ചേരുന്നത്. ലിയനാര്‍ഡോ ഡികാപ്രിയോ ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണയുമായി എത്തിയതോടെ അമേരിക്കയില്‍ വലിയ വിവാദമായിരിക്കുകയാണ് കിം കര്‍ദാഷിയാന്റെ സമൂഹ മാധ്യമ ബഹിഷ്കരണം.

‘ലാഭത്തിനുവേണ്ടി വിദ്വേഷം പ്രചരിപ്പിക്കാതിരിക്കുക’ എന്നതാണ് കിം ഏറ്റെടുത്തിരിക്കുന്ന പുതിയ പ്രചാരണത്തിന്റെ മുദ്രാവാക്യം. തെറ്റായ വാര്‍ത്തയും വിദ്വേഷം പടര്‍ത്തുന്ന സന്ദേശങ്ങളും വെറുപ്പിന്റെ അടയാളങ്ങളും നിരന്തരമായി പ്രചരിപ്പിക്കുമ്പോള്‍ എനിക്ക് നിശ്ശബ്ദമായി നോക്കിയിരിക്കാന്‍ ആവുന്നില്ല. വെറുപ്പിന്റെ അന്തരീക്ഷം ഇനിയും പടര്‍ന്നാല്‍ അമേരിക്കയെ വിഭജനിക്കുന്നതിലേക്കായിരിക്കും അതു ചെന്നെത്തുക. അതിനു സാക്ഷിയാകാന്‍ ഞാനില്ല- കിം പ്രഖ്യാപിച്ചു.

കിമ്മിനു പിന്തുണമായി രംഗത്തെത്തിയ നടി കെറി വാഷിങ്ടണും ഉറച്ച നിലപാടില്‍ തന്നെയാണ്. ജനാധിപത്യം തകിടം മറിയ്ക്കാനും വിദ്വേഷത്തിന്റെ ശക്തികള്‍ക്ക് മേല്‍ക്കൈ നേടാനും നടക്കുന്ന ഒരു ശ്രമത്തെയും പിന്തുണയ്ക്കാന്‍ ഞാനില്ല- കെറി വ്യക്തമാക്കി.

ഫെയ്സ്ബുക്കില്‍ വ്യാപകമായി പരസ്യം ചെയ്യുന്ന വ്യക്തികളും സംഘടനകളും പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വന്‍ സമ്മര്‍ദ്ദത്തിലാണ് പ്രശസ്തമായ സമൂഹ മാധ്യമം. അമേരിക്കയിലെ തീവ്രവാദി ഗ്രൂപ്പുകളും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരും നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ തങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഫെയ്സ്ബുക് അധികൃതര്‍ പറയുന്നത്. നവംബര്‍ 3 ന് നടക്കുന്ന വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സമാനതകളില്ലാത്ത രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞത്.

2016 ലെ തിര‍ഞ്ഞെടുപ്പിലും ഫെയ്സ്ബുക് നടപടികള്‍ വിര്‍മര്‍ശന വിധേയമായിരുന്നു. അന്ന് റഷ്യന്‍ ഇടപെടലും അതു മറച്ചുവയ്ക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് വിവാദത്തിനു തിരികൊളുത്തിയത്. ഇത്തവണ അഡിഡാസ് ഉള്‍പ്പെടുയുളള പ്രമുഖ കമ്പനികള്‍ പോലും പരസ്യം കൊടുക്കുന്നതു നിര്‍ത്തിയിട്ടും ഫെയ്സ്ബുകിന്റെ ലാഭം കൂടുകതന്നെയാണ്. ഇതിനിടയിലാണ് കിം കര്‍ദാഷിയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ ബഹിഷ്കരണ ഭീഷണിയുമായി എത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ഫെയ്സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും പ്രശ്നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. കിം കര്‍ദാഷിയാന്‍ കൂടി രംഗത്തെത്തിയതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ പ്രചാരണത്തില്‍ അണി ചേര്‍ന്നേക്കാം.

English Summary: Why Kim Kardashian And Other Stars Won't Post On Instagram And Facebook For 24 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com