ADVERTISEMENT

സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന വ്യാജേന വീട്ടിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് അറസ്റ്റിൽ. പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ സൈബർ സെൽ പോലീസുദ്യോഗസ്ഥൻ എന്ന വ്യാജേന സ്ത്രീകൾ  താമസിക്കുന്ന വീട്ടിലെത്തി കബളിപ്പിക്കുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിലെ പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴനന്ദിയോട് പൗവത്തുർ സ്മിതാ ഭവനിൽ ദീപു കൃഷ്ണൻആണ് അറസ്റ്റിലായത് .   

സ്ത്രീകൾ താമസിക്കുന്ന വീടുകളിൽ എത്തി സൈബർ സെൽ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി. അവിടെ താമസിക്കുന്ന സ്ത്രികളുടെ നഗ്ന  ചിത്രങ്ങളും അശ്ലീല ദൃശ്യങ്ങളും മറ്റും യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഉറപ്പു വരുത്തുന്നതിനായി ശരീരത്തിന്റെ അളവ് എടുക്കണമെന്നു പറയുകയും, അതിനായി ഒരു സമ്മത പത്രം ഇരയുടെ കൈയ്യിൽ നിന്ന് എഴുതി വാങ്ങിയ ശേഷം അളവുകൾ എടുക്കുന്നതിനിടക്ക് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു ഇയാളുടെ രീതി. പോലീസിനെ പോലെ പെരുമാറി മാന്യമായ വേഷം ധരിച്ചായിരുന്നു ഇയാൾ വീടുകളിലെത്തിയത്. 

സെപ്റ്റംബർ പാലോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.  പ്രതിയെക്കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയും 25000 ത്തോളം ഫോൺ കോൾ രേഖകൾ പരിശോധിച്ചും, 8 കിലോമീറ്റർ ചുറ്റളവിലുള്ള CCTV കാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതി സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് കണ്ടെത്തിയത്. ഒളിവിൽ പോയ പ്രതിയെ തിരുവനന്തപുരം റൂറൽ സൈബർ സെല്ലിന്റെ സഹായത്തോടെ തമ്പാന്നൂരിലുള്ള ഒരു ലോഡ്ജിൽ നിന്നും പിടികൂടി. ഒളിവിൽ താമസിക്കുന്നതിനിടെ തിരുവനന്തപുരം കരമന പോലിസ് സ്റ്റേഷൻ പരിധിയിൽ ഒരിടത്തും മെഡിക്കൽ കോള പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലും സമാന രീതിയിലുളള കുറ്റകൃത്യങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു .  പത്ത് വർഷക്കാലമായി  വിദേശത്തായിരുന്ന പ്രതി അവിടെ കുറച്ച് കാലം ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2020 ജൂലൈ അവസാനമാണ് തിരിച്ച് നാട്ടിലെത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com