ADVERTISEMENT

നെയ്ല്‍ പോളിഷ് ധരിക്കാന്‍ അവര്‍ക്കു പേടിയായിരുന്നു. പകരം ചിലപ്പോള്‍ ആസിഡ് ആക്രമണത്തിന് വിധേയരാകാം. ലിപ്സ്റ്റിക് ഇട്ടു പുറത്തുപോകുന്നതിനുമുന്‍പ് അവര്‍ക്ക് രണ്ടുവട്ടം ആലോചിക്കണമായിരുന്നു. ഇഷ്ടമുള്ള വേഷം ധരിച്ചാല്‍ ചാട്ടവാറടി ലഭിച്ചേക്കാം. അടുത്ത ബന്ധുവായ പുരുഷനെ കൂടാതെ പുറത്തേക്കിറങ്ങാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. അവര്‍ക്ക് വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടു. താലിബാന്‍ ഭരണത്തില്‍ കീഴിലുള്ള സ്ത്രീകളുടെ അവസ്ഥയാണിത്. അതേ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മൂന്നു സ്ത്രീകള്‍ ഇന്ന് താലിബാന്‍ നേതാക്കളെ അഭിമുഖീകരിച്ച് ധൈര്യപൂര്‍വം പറയുന്നു: നിങ്ങള്‍ക്ക് ഞങ്ങളെ നേരിട്ടേ പറ്റൂ. ഞങ്ങളെ ബഹുമാനിക്കുക തന്നെ വേണം. വളര്‍ന്നുവരുന്ന പുതിയ അഫ്ഗാനിസ്ഥാന്‍ ഒരു യാഥാര്‍ഥ്യമാണ്. മറക്കരുത്’. 

ഈ മുന്നു സ്ത്രീകള്‍ സാധാരണക്കാരല്ല. താലിബാനുമായി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സമാധാന ചര്‍ച്ച നടത്തുന്ന അഫ്ഗാന്‍ സംഘത്തിലെ സ്ത്രീകളാണ്. ഒരൊറ്റ വനിത പോലുമില്ലാത്ത താലിബാന്‍ സംഘത്തോടാണ് അഫ്ഗാന്‍ സംഘത്തിലെ ഈ സ്ത്രീകള്‍ ചര്‍ച്ച നടത്തുന്നതും രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും വേണ്ടി അവകാശബോധത്തോടെ സംസാരിക്കുന്നതും. 

പുസ്തകം നോക്കി വായിക്കുകയല്ല ഞങ്ങള്‍. അനുഭവത്തില്‍ നിന്നാണ് പറയുന്നത്. 1996 മുതല്‍ 2001 വരെ താലിബാന്‍ ഭരണത്തിനു കീഴില്‍ എല്ലാത്തരം ക്രൂരതകളും ഞങ്ങള്‍ അനുഭവിച്ചു. ഞങ്ങള്‍ സ്ത്രീകള്‍ക്ക് മനുഷ്യര്‍ എന്ന പരിഗണന പോലും ലഭിച്ചിരുന്നില്ല. പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. സ്ത്രീകള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പോലും സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ കൂട്ട് വേണമായിരുന്നു. എന്നാല്‍ ഇനിയെങ്കിലും നിങ്ങള്‍ ഒന്നു മനസ്സിലാക്കണം. അതൊക്കെ മാറി. ഇന്ന് താലിബാനല്ല അഫ്ഗാന്‍ ഭരിക്കുന്നത് എന്നു നിങ്ങള്‍ മനസ്സിലാക്കണം- അഫ്ഗാന്‍ പാര്‍ലമെന്റിലെ ഡപ്യൂട്ടി സ്പീക്കര്‍ കൂടിയ ഫവ്സിയ കൂഫി താലിബാന്‍ നേതാക്കളെ നോക്കി ദോഹയില്‍ വച്ച് പറഞ്ഞു. 

അമേരിക്കയുടെ മധ്യസ്ഥതയിലാണ് ദോഹയില്‍ താലിബാനുമായി സമാധാന ചര്‍ച്ച പുരോഗമിക്കുന്നത്. 45 വയസ്സുള്ള ഫവ്സിയയ്ക്കൊപ്പം മറ്റു രണ്ടു സ്ത്രീകള്‍ കൂടിയുണ്ട്. ഇക്കഴിഞ്ഞ 12 നാണ് സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍ മന്ത്രിയും അധ്യാപികയുമായ ഹാബിബ ശരാബി, പത്രപ്രവര്‍ത്തക ഷരീഫ സര്‍മാതി എന്നിവരാണ് ഫവ്സിയയ്ക്കൊപ്പമുള്ള മറ്റു രണ്ടു പേര്‍. അഫഗാന്‍ റെഡ് ക്രെസന്റ് സൊസൈറ്റി മുന്‍ പ്രസിഡന്റ് ഫാത്തിമ ഗെയ്‍ലാനി ഈ സംഘത്തിനൊപ്പം ഉടന്‍ ചേരും. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് അവര്‍ യാത്ര മാറ്റിവച്ചിരിക്കുകയാണ്. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നും ഒരു കൊലപാതക ശ്രമത്തെ അതിജീവിച്ച വ്യക്തിയാണ് ഫവ്‍സിയ. അവരുടെ വാഹനത്തിനു നേര്‍ക്ക് അജ്ഞാതരായ അക്രമികള്‍ മുന്നറിയിപ്പില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഫവ്‍സിയയുടെ കൈക്കു പരുക്കേറ്റിരുന്നു. താലിബാന്‍ കാലത്തും അല്ലാത്തപ്പോഴും അഫ്ഗാനിലെ സ്ത്രീകള്‍ക്ക് ഏറെ സഹിക്കേണ്ടിവന്നു. എന്നാല്‍, അതെല്ലാം ഞങ്ങളെ കൂടുതല്‍ ശക്തരാക്കിയിട്ടേയുള്ളൂ. ഞങ്ങളെ ഒട്ടും തളര്‍ത്തിയിട്ടില്ല. സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവകാശമുള്ള ഒരു രാജ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്- ഫവ്സിയ സമാധാന സമ്മേളനത്തില്‍ തങ്ങള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ചു വിശദീകരിച്ചു.

താലിബന്‍ കാലത്ത് സ്കൂളില്‍ പോകാന്‍ അനുവാദമില്ലാത്ത കുട്ടികള്‍ക്കുവേണ്ടി സ്വന്തം വീട്ടില്‍ സ്കൂള്‍ സ്ഥാപിച്ച വ്യക്തിയാണ് ഫവ്സിയ. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് തങ്ങള്‍ ദോഹയില്‍ എത്തിയതെന്നും താലിബാനുമുള്ള ചര്‍ച്ചയിലൂടെ ആ മൂല്യങ്ങള്‍ നേടിയെടുക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും ഫവ്സിയ പറയുന്നു. 

താലിബാന്‍ കാലത്ത് സ്വന്തം മകള്‍ക്ക് സ്കൂളില്‍ പോകാന്‍ അനുമതി നിഷേധിക്കപ്പെട്ടതോടെ, ഹാബിബ ശരാബിയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നു. 

മകളെ സ്കൂളില്‍ പോകുന്നതില്‍ നിന്ന് തടഞ്ഞതോടെ ശരാബി മകള്‍ക്കൊപ്പം പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യ, അമേരിക്ക, ജര്‍മനി എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള ബിരുദങ്ങളുണ്ട് ഇന്ന് ശരാബിയുടെ മകള്‍ക്ക്. അഫ്ഗാന്‍ സര്‍ക്കാരിന്റെ ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയൊരു പെണ്‍കുട്ടിയെയാണ് താലിബാന്‍ സ്കൂളില്‍ പോകുന്നതില്‍നിന്നുപോലും തടഞ്ഞതെന്ന് പറയുമ്പോള്‍ ശരാബിയുടെ മുഖത്ത് ധാര്‍മികരോഷം. 

താലിബാന്‍ ഭരണത്തില്‍ നിന്നു പുറത്തായതിനുശേഷമാണ് ശരാബിയും മകളും സ്വന്തം രാജ്യത്ത് തിരിച്ചെത്തുന്നത്. ഇപ്പോള്‍ സമാധാന ചര്‍ച്ചയ്ക്കു വന്നിരിക്കുന്ന താലിബാന്‍ സംഘത്തില്‍ ഒരു സ്ത്രീ പോലുമില്ലെന്നും പലരും സ്ത്രീകളോട് സംസാരിക്കാന്‍ പോലും വിമുഖരാണെന്നും ശരാബി ചൂണ്ടിക്കാട്ടുന്നു. താലിബാന്‍ കാലത്ത് സംഭവിച്ച ക്രൂരതകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഷരീഫ സര്‍മാതിയും പറയുന്നു.

English Summary: Afghan women in Doha talks team: ‘Taliban have to face, respect us’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com