ADVERTISEMENT

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പിൻജ്ര ടോഡ് എന്ന സംഘടനയുടെ പ്രവർത്തകയും ജെൻയു വിദ്യാർഥിയുമായ നടാഷ നർവളിന് ജാമ്യം. എന്നാൽ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് 50 പേർ മരിച്ച ഡൽഹി കലാപത്തിന്റെ പേരിൽ യുഎപിഎ ചുമത്തിയ വേറെയും കുറ്റാരോപണങ്ങൾ ഉള്ളതിനാൽ നടാഷയ്ക്ക് തിഹാർ ജയിലിൽ തന്നെ കഴിയേണ്ടിവരും.

പ്രോസിക്യൂഷൻ സമർപ്പിച്ച വിഡിയോ പരിശോധിച്ച കോടതി, നടാഷ അനധികൃത കൂട്ടംചേരലിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അക്രമം ഇളക്കിവിടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയിലും നടാഷ ഏർപ്പെട്ടതായുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് കോടതി അസന്നിദ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്.

സാക്ഷികളെ വിസ്തരിക്കുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. സാക്ഷികൾക്കെതിരെ നിലവിൽ ഭീഷണിയുടെ സാഹചര്യം നിലനിൽക്കുന്നില്ലെന്നും കോടതി പറഞ്ഞു. പൊലീസുകാരും മറ്റ് ഉന്നത സ്ഥാനങ്ങളിലുള്ളവരുമാണ് സാക്ഷികളായി പ്രോസിക്യൂഷൻ ഉൾപ്പെടത്തിയിട്ടുള്ളത്. ജാമ്യം ലഭിച്ചാൽ നടാഷ ഒളിച്ചോടുമെന്ന് വിശ്വസിക്കാൻ യാതൊരു തെളിവുകളുമില്ലെന്നും കോടതി പറഞ്ഞു.

മേയ് മാസത്തിലാണ് നടാഷ, ദേവാംഗണ കലിത എന്നീ വിദ്യാർഥികൾ അറസ്റ്റിലാകുന്നത്. കൂട് തകർക്കുക എന്നർഥം വരുന്ന പിൻജ്ര ടോഡ് എന്ന സംഘടനയിൽ ഇരുവരും പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. 2015ൽ സ്ഥാപിച്ച ഈ സംഘടന സ്ത്രീകൾക്ക് സ്വതന്ത്രമായി താമസിക്കാൻ താമസസൗകര്യവും ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുകയും കലാപം സൃഷ്ടിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ 15 പേർക്കെതിരെയാണ് പൊലീസ് കുറ്റം ചുമത്തിയത്. 17,500 പേര് വരുന്നതാണ് കുറ്റപത്രം. പുറമെ, വേറെയും പേജുകളിൽ കുറ്റവാളികൾക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ പൊലീസ് നിരത്തുന്നുണ്ട്. ആം ആദ്മി പാർട്ടി മുൻ നേതാവ് താഹിർ ഹൂസൈനും കുറ്റവാളികളിൽ ഉൾപ്പെടുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും കേസിൽ വേറെയും പ്രതികളുണ്ടെന്നും അവർക്കെതിരായ കുറ്റപത്രം ഉടൻ ഫയൽ ചെയ്യുമെന്നുമാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com