ADVERTISEMENT

തിഹാര്‍ ജയില്‍ അധികൃതരില്‍ നിന്ന് മാനസിക പീഡനം അനുഭവിക്കുന്നതായി ആരോപണം ഉന്നയിച്ച് ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥിനി കോടതിയില്‍. യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഗുല്‍ഫിഷ ഫാത്തിമയാണ് ജയിലില്‍ വച്ച് അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കോടതിയില്‍ ആരോപിച്ചത്. 

നാടാഷ നര്‍വല്‍, ദേവാംഗന കലിത എന്നീ വിദ്യാര്‍ഥിനികള്‍ക്കൊപ്പമാണ് ഗുല്‍ഫിഷയെയും ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയി ജഡ്ജി അമിതാബ് റാവത്തിനു മുന്നില്‍ ഹാജരാക്കിയത്. കുറ്റപത്രത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്് ജഡ്ജി അഭിഭാഷകരോട് ചോദിച്ചപ്പോഴായിരുന്നു തനിക്ക് ചില കാര്യ കാര്യങ്ങള്‍ പറയാനുണ്ടെന്ന് ഗുല്‍ഫിഷ പറഞ്ഞത്. 

‘ സര്‍, ജയിലില്‍ അനുഭവിക്കുന്ന ഒരു പ്രശ്നത്തെക്കുറിച്ച് എനിക്ക് പറയാനുണ്ട്. ജയില്‍ അധികാരികളില്‍ നിന്ന് എനിക്ക് നിരന്തരമായി വിവേചനം നേരിടുന്നു. ‘ വിദ്യാഭ്യാസമുള്ള ഭീകരപ്രവര്‍ത്തക’ എന്നാണ് അവരെന്നെ അപഹസിക്കുന്നത്. കലാപത്തിന് ആസൂത്രണം ചെയ്ത വ്യക്തിയല്ലേ.. നിങ്ങള്‍ ജയിലില്‍ കിടന്ന് മരിച്ചുപോകുകയേ ഉള്ളൂ എന്നവര്‍ എന്നോട് പറയുന്നു. മാനസികമായി എന്നെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്റെ വികാരങ്ങളെയാണ് അവര്‍ അപമാനിക്കുന്നത്. ഞാന്‍ എന്നെ മുറിവേല്‍പിക്കുകയാണെങ്കില്‍, ജയിലില്‍ വച്ച് എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ജയില്‍ അധികൃതര്‍ ആയിരിക്കും ഉത്തരവാദികള്‍ - ഗുല്‍ഫിഷ കോടതിയില്‍ പറഞ്ഞു.

ഏതെങ്കിലും പ്രത്യേക വ്യക്തിക്ക് എതിരെയാണോ നിങ്ങളുടെ പരാതി എന്ന് റാവത്ത് ഗുല്‍ഫിഷയോടും അഭിഭാഷകനോടും ചോദിച്ചു. പരാതി പ്രത്യേകം കോടതിയെ ബോധിപ്പിക്കാനും ആവശ്യപ്പെട്ടു. ഗുല്‍ഫിഷയുടെ അപേക്ഷപ്രകാരം ഉടന്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ പിന്നീട് അറിയിച്ചു. 

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിന്റെ പേരിലാണ് ഗുല്‍ഫിഷ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിനികള്‍ അറസ്റ്റിലായതും ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്നതും.

English Summary: Jamia student alleges ‘mental harassment’ by jail authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com