ADVERTISEMENT

പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ ഉള്‍പ്പെടെ നടന്ന സമരങ്ങളില്‍ സ്ത്രീകളെ ദിവസ വേതനത്തിനു വരെ നിയോഗിച്ചതായി ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് സമരക്കാര്‍ക്ക് എതിരെ കോടതിയില്‍ കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ ഗുരുതര കുറ്റാരോപണങ്ങള്‍ പൊലീസ് നിരത്തുന്നത്. യഥാര്‍ഥത്തില്‍ സമരത്തില്‍ താല്‍പര്യമുള്ളവരോ പരാതിക്കാരോ അല്ല സ്ത്രീകളെന്നും മാധ്യമ ശ്രദ്ധ ലഭിക്കാന്‍വേണ്ടി സ്ത്രീകളെ സമരക്കാര്‍ മറയാക്കുകയായിരുന്നു എന്നുമാണ് പൊലീസ് പ്രധാനമായും ആരോപിക്കുന്നത്. മതേതരത്വ, സ്ത്രീ അനുകൂല മനോഭാവം സൃഷ്ടിക്കാന്‍വേണ്ടി വ്യാപകമായി സ്ത്രീകളെ സമരസ്ഥലങ്ങളില്‍ എത്തിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ഓരോ ദിവസവും സമരത്തിന്റെ മുന്‍ നിരയില്‍ ഇരിക്കാന്‍വേണ്ടി സ്ത്രീകളെ കൂലിക്കെടുക്കുകയായിരുന്നത്രേ. ജാമിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി മെംബര്‍ ഷിഫ ഉര്‍ റഹ്മാന്റെ നേതൃത്വത്തിലാണ് സ്ത്രീകളെ കൂട്ടത്തോടെ ദിവസ വേതനത്തിന് ഷഹീന്‍ ബാഹ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുവന്നതെന്നും കുറ്റപത്രത്തിലുണ്ട്. ഇതിനുവേണ്ടി വലിയതോതില്‍ ധന സമാഹരണവും നടത്തിയിരുന്നത്രേ. ബാങ്ക് അക്കൗണ്ടുകളിലും ഈ രീതിയില്‍ പണം എത്തിയിട്ടുണ്ട്. സമരക്കാരെ വേദിയില്‍ എത്തിക്കാന്‍ ബസുകള്‍ വാടകയ്ക്ക് എടുക്കാനും ബാനറുകള്‍ എഴുതാനുമെല്ലാം  ഈ പണം വിനിയോഗിക്കുകയായിരുന്നു. ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലയുടെ ഏഴാം നമ്പര്‍ ഗേറ്റിനു പുറത്ത് സമരവേദിയില്‍ ഹാജരായ സ്ത്രീകള്‍ക്ക് 5,000 മുതല്‍ 10,000 രൂപ വരെ കൊടുത്തിരുന്നതായും പൊലീസ് പറയുന്നു. 

സാക്ഷി മൊഴികളുടെയും സമരക്കാരുടെ വാട്സാപ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങളില്‍ എത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.  2019 ഡിസംബറില്‍ നടന്ന പ്രതിഷേധ സമരങ്ങളിലേതിനേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും 2020 ഫെബ്രുവരിയില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ദിവസ വേതനത്തിനുവരെ പണം കൊടുത്തതോടെയാണ് കൂടുതല്‍ സ്ത്രീകളെ സമരമുഖത്ത് എത്തിക്കാനായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

2019ൽ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്തിന്റെ മൊത്തം ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് സമരമുഖത്ത് കൂടുതല്‍ സ്ത്രീകളെയും കുട്ടികളെയും ഇറക്കുക എന്ന തന്ത്രം സമരക്കാര്‍ വിജയകരമായി പ്രയോഗിച്ചതെന്നാണ് പൊലീസിന്റെ വാദം. തങ്ങള്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങള്‍ അധികാരികളുടെ കാതുകളില്‍ എത്തണമെങ്കിലും മാധ്യമ ശ്രദ്ധ കിട്ടണമെങ്കിലും സ്ത്രീകളും കുട്ടികളും ഇല്ലാതെ കഴിയില്ലെന്നു സമരക്കാര്‍ തിരിച്ചറിച്ചിരുന്നു എന്നാണ് പൊലീസ് കോടതിയില്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനവാദം. 

English Summary: Delhi riots chargesheet says women protesters paid ‘daily wages’, used for ‘gender cover’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com