ADVERTISEMENT

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഫ്രാൻസിൽ യുവതിക്കു നേരെ പട്ടാപ്പകൽ ആക്രമണം. മൂന്നു പുരുഷൻമാരുടെ ആക്രമണത്തിൽ യുവതിക്കു മാരകമായി പരുക്കേറ്റതോടെ ഊർജിത അന്വേഷണം തുടങ്ങിയിരിക്കുകയാണ് സർക്കാർ. സംഭവം പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം രൂക്ഷമായി. കിഴക്കൻ നഗരമായ സ്ട്രാസ്ബർഗിലാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം ഉണ്ടായത്. വീട്ടിലേക്കു മടങ്ങുകയായിരുന്ന 22 വയസ്സുള്ള എലിസബത്ത് എന്ന യുവതിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പഠനത്തിനു ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം.

തന്നെ സമീപിച്ച മൂന്നു പുരുഷൻമാരിൽ ഒരാൾ വിളിച്ചുപറഞ്ഞത് എലിസബത്ത് കേട്ടിരുന്നു. ‘അതാ സ്കർട് ധരിച്ച് ഒരു വ്യഭിചാരിണി നടക്കുന്നു’ എന്നായിരുന്നു ആക്രോശം. രണ്ടു പുരുഷൻമാർ എലിസബത്തിനെ ബലമായി പിടിച്ചപ്പോൾ മൂന്നാമത്തെയാൾ യുവതിയുടെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കണ്ണിനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പെട്ടെന്നുതന്നെ മൂന്നു പേരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒട്ടേറെപ്പേർ പേർ സാക്ഷികളായിരുന്നെങ്കിലും ഒരാളുപോലും യുവതിയെ രക്ഷപ്പെടുത്താനോ അക്രമികളെ പിടിക്കാനോ തയാറായില്ലെന്നും ആരോപണമുണ്ട്. 

യുവതിയുടെ പരുക്കേറ്റ മുഖം ഫ്രഞ്ച് റേ‍ഡിയോ സ്റ്റേഷൻ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടതോടെ ശക്തമായ പ്രതിഷേധവും തുടങ്ങി. വളരെ ഗൗരവമുള്ള സംഭവമാണ് നടന്നതെന്ന് ഫ്രഞ്ച് സർക്കാരിന്റെ വക്താവ് ഗബ്രിയേൽ അട്ടൽ പറഞ്ഞു. ഫ്രാൻസിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഇഷ്ടമുള്ള വേഷം ധരിച്ച് പുറത്തിറങ്ങാൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ രാജ്യത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു എന്നത് ഒരു രീതിയിലും അംഗീകരിക്കാവുന്നതല്ല. ലൈംഗികമായും അല്ലാതെയും സ്ത്രീകൾക്ക് എതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും സർക്കാർ ശക്തമായി അപലപിക്കുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും– അദ്ദേഹം വ്യക്തമാക്കി. 

പൊതുസ്ഥലത്തെ സ്ത്രീകളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സഹമന്ത്രി ഇക്കഴിഞ്ഞ ആഴ്ച സ്ട്രാസ്ബർഗ് സന്ദർശിച്ചിരുന്നു. പൊതുസ്ഥലത്ത് സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിനെതിരെ 2018 ലാണ് ഫ്രാൻസിൽ നിയമം പാസ്സാക്കിയത്. അതിനുശേഷം 1800–ൽ അധികം പേർക്ക് വിവിധ കേസുകളിൽ പിഴ ചുമത്തിയിരുന്നു. 

English Summary: French woman assaulted by three men for wearing skirt in public

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com