ADVERTISEMENT

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ബൈക്കുള ജയിലിലായിരുന്ന റിയ ചക്രവര്‍ത്തി മോചിതയായതോടെ ആശ്വിസിക്കുന്നതു റിയയുടെ കുടുംബം മാത്രമല്ല; ബോളിവുഡ് ആകെത്തന്നെയാണ്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍  ബോംബെ ഹൈക്കോടതിയാണ് റിയയ്ക്ക് ജാമ്യം അനുവദിച്ചത്. 

സുശാന്തിന്റെ മരണം അന്വേഷിക്കുന്ന നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞമാസം 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്. ലഹരി റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നായിരുന്നു പ്രധാന കുറ്റാരോപണം. അതിനും ഒരാഴ്ച മുമ്പുതന്നെ റിയയുടെ സഹോദരന്‍ ഷോവിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. സെഷന്‍സ് കോടതി ജാമ്യാപേക്ഷകള്‍ തള്ളിയതിനെത്തുടര്‍ന്നാണ് റിയ ബോംബെ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ ജാമ്യം ലഭിച്ചതും. എന്നാല്‍ സഹോദരന് ഇപ്പോഴും ജാമ്യം ലഭിച്ചിട്ടില്ല. 

സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തി നടന്‍ മരിച്ച നിലയില്‍ കാണപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പാണ് അദ്ദേഹത്തോടു പിണങ്ങി ഫ്ലാറ്റ് വിടുന്നത്. റിയ സുശാന്തിന് ലഹരി മരുന്ന് നല്‍കിയെന്നും നടന്റെ കോടികളുടെ സ്വത്ത് അനധികൃതമായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നുമൊക്കെ സുശാന്തിന്റെ കുടുംബം ആരോപിച്ചതോടെയാണ് അന്വേഷണം ഊര്‍ജിതമായതും റിയ പിടിയിലാകുന്നതും. 

റിയ അറസ്റ്റിലായപ്പോഴും പിന്നീട് ജയില്‍വാസം നീണ്ടപ്പോഴുമെല്ലാം ബോളിവുഡിലെ പ്രമുഖര്‍ ഉള്‍പ്പെടെ നടിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇപ്പോള്‍ ജാമ്യം ലഭിച്ചപ്പോഴും പല പ്രമുഖരും സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. അവസാനം അവള്‍ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു എന്ന വാചകങ്ങളോടെ റിയ ചക്രവര്‍ത്തി എന്ന ഹാഷ്ടാഗിലാണ് അനുഭവ് സിന്‍ഹ ജാമ്യത്തോട് പ്രതികരിച്ചത്. കനിക ധില്ലന്‍ കയ്യടികളുടെ ഇമോജി സഹിതമാണ് റിയയുടെ ജാമ്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചത്. അലി ഫസല്‍ ദൈവത്തിനു നന്ദി പറഞ്ഞു. 

ഈ ചെറിയ കാരുണ്യത്തിനു ദൈവത്തിനു നന്ദി പറയുന്നു എന്നായിരുന്നു ഫറാ ഖാന്റെ പ്രതികരണം. ഹന്‍സല്‍ മേത്തയും സന്തോഷം പ്രകടിപ്പിച്ചു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) എന്നീ മൂന്ന് അന്വേഷണ സംഘങ്ങള്‍ വേട്ടയാടിയെങ്കിലും അന്യായമായി തടവില്‍ പാര്‍പ്പിച്ച റിയയ്ക്ക് അവസാനം മോചനം കിട്ടിയെന്നും സത്യം എന്നു വിജയിക്കുമെന്നും റിയയുടെ അഭിഭാഷകനും പ്രതികരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com