ADVERTISEMENT

ബിജയശാന്തി ടോങ്ബ്രം എന്ന മണിപ്പൂരി യുവതിയെ അടുത്തറിയാവുന്നവരില്‍ സംസ്ഥാന മുഖ്യമന്ത്രി എന്‍.ബീരേന്‍ സിങ് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട്. ഇവരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റുന്ന ജോലിയിലൂടെയാണ് ബിജയശാന്തി ശ്രദ്ധ പിടിച്ചുപറ്റിയത്. ടൈയും സ്കാര്‍ഫും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നതാണ് ഈ 27 വയസ്സുകാരിയുടെ ജോലി. സാധാരണ വസ്തുക്കള്‍ കൊണ്ടല്ല പകരം താമരപ്പൂവിന്റെ തണ്ടില്‍ നിന്നാണ് ബിജയശാന്തി ആകര്‍ഷകമായ വസ്തുക്കള്‍ ഉണ്ടാക്കുന്നത് എന്നതാണ് കൗതുകകരം. കാലം മാറിയപ്പോള്‍ ഏറെ  ആവശ്യക്കാരുള്ള മാസ്ക് ഉണ്ടാക്കാനാണ് പുതിയതായി ഇവര്‍ ആലോചിക്കുന്നത്. വടക്കന്‍ പ്രവിശ്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ലോക്ടകിനു സമീപമാണ് ബോട്ടണിയില്‍ ബിരുദം നേടിയിട്ടുള്ള ബിജയശാന്തി താമസിക്കുന്നത്. സര്‍ക്കാര്‍ വകുപ്പില്‍ ഫീല്‍ഡ് അസിസ്റ്റന്റായാണ് അച്ഛന്‍ ജോയ്കുമാര്‍ ജോലി ചെയ്യുന്നത്. അമ്മ സനഹലും. 

bijayashanti-thrad

2014 ല്‍ ഇംഫാലിലെ ജിപി വിമന്‍സ് കോളജില്‍ നിന്നാണ് ബിജയശാന്തി ബിരുദം നേടിയത്. കൃഷിയുമായി ബന്ധപ്പെട്ട ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുക എന്നതായിരുന്നു ആഗ്രഹം. അന്നേ താമരയുടെ ഔഷധഗുണത്തില്‍ ആകൃഷ്ടയായി. വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഇനം താമരകള്‍ ശേഖരിക്കാനും വിപുലമായി അവയുടെ കൃഷി ആരംഭിക്കാനും തീരുമാനിച്ചു. എന്നാല്‍ സാമ്പത്തിക സ്ഥിതി ദുര്‍ബലമായതിനാല്‍ ബിജയശാന്തിയുടെ ആഗ്രഹം പൂവണിഞ്ഞില്ല. 

ശുദ്ധ ജലത്തടാകത്തിലെ വിവിധയിനം ചെടികളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നും അവയുടെ ഔഷധഗൂണം ജനങ്ങള്‍ക്ക് ബോധ്യമാക്കിക്കൊടുക്കണമെന്നും ഇതോടെയാണ് അവര്‍ തീരുമാനിച്ചു. ഒടുവില്‍ ഒരു കുടുംബസുഹൃത്തിന്റെ ഉപദേശമാണ് ജീവിതത്തിലെ വഴി ബിജയശാന്തിക്കു കാണിച്ചുകൊടുക്കുന്നത്. മ്യാന്‍മറില്‍ താമരയുടെ തണ്ടില്‍ നിന്ന് വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചായിരുന്നു ഉപദേശം.  അതോടെ 2018 -ല്‍ അവര്‍ വ്യാപകമായി ഗവേഷണം നടത്തി. താമരയെക്കുറിച്ചും അതിന്റെ പ്രയോജനത്തെക്കുറിച്ചുമെല്ലാം. 2019 തുടക്കത്തില്‍ താമരത്തണ്ടില്‍ നിന്ന് മഫ്ലറുകളും മറ്റും ഉണ്ടാക്കുന്നതില്‍ വിജയിച്ചു. പ്രദേശത്തു തന്നെയുള്ള ഒരു കൂട്ടം സ്ത്രീകളും സഹായത്തിനുണ്ടായിരുന്നു. സനജിങ് സന തംബല്‍ എന്ന പേരില്‍ ബിജയശാന്തി തുടങ്ങിയ ചെറിയ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ജീവനക്കാരുടെ എണ്ണം 10. 

തുടക്കത്തില്‍ പലര്‍ക്കും ബിജയശാന്തി ഉണ്ടാക്കുന്ന ഉല്‍പനങ്ങളുടെ ഗുണമേന്‍മയില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. ഇങ്ങനെ നിര്‍മിക്കുന്ന മഫ്ലറുകളും മറ്റും ഏതാനും ദിവസത്തെയെങ്കിലും അതിജീവിക്കുമോ എന്നും പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ പതുക്കെ വ്യവസായം പുരോഗതി പ്രാപിക്കാന്‍ തുടങ്ങി. അടുത്തിടെ നടത്തിയ സ്റ്റാര്‍ട്ടപ് മണിപ്പൂര്‍ സമ്മേളനത്തില്‍ ഒരു സംരംഭകയായും ക്ഷണം ലഭിച്ചു. 

സെപ്റ്റംബര്‍ 27 ന് നടത്തിയ മന്‍ കി ബാത് പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജയശാന്തിയെ രാജ്യത്തിനു പരിചയപ്പെടുത്തി. ബിഷ്ണുപൂര്‍ ജില്ലയിലെ ഒട്ടേറെ സ്ത്രീകള്‍ക്ക് ബിജയശാന്തി പരിശീലനം നല്‍കുന്നുണ്ട്. വിജയം വരിച്ച ഒരു സംരംഭകയാണ് ഇപ്പോള്‍ ഈ യുവതി . സംസ്ഥാനത്തിനു പുറത്തുനിന്നുപോലും പലരും വിളിക്കുന്നു. ബിജയശാന്തി സന്തുഷ്ടയാണ്. തന്റെ ആഗ്രഹം പിന്‍തുടര്‍ന്ന് വിജയത്തിലെത്തി മാതൃകയായതിന്റെ സന്തോഷം.

English Summary: Spinning a success story: How a Manipur woman is getting noticed for her lotus fibre products

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com