sections
MORE

ഓൺലൈനിൽ വിവാഹ വസ്ത്രത്തിനായി മുടക്കിയത് ആയിരങ്ങൾ: കയ്യിൽ കിട്ടിയപ്പോഴോ? അമ്പരപ്പ്

bride-dress
SHARE

അടുത്ത വേനൽക്കാലത്ത് നടക്കാനിരിക്കുന്ന തൻറെ വിവാഹത്തിന് മുന്നോടിയായി വേണ്ട സാധനങ്ങൾ ഒന്നൊന്നായി വാങ്ങി വയ്ക്കുകയായിരുന്നു മേഗൻ ടെയ്ലർ എന്ന ഇരുപത്തിമൂന്നുകാരി. അതിനിടെയാണ് ഒരു ഓൺലൈൻ സൈറ്റിൽ അതിമനോഹരമായ ഒരു വെഡിങ് ഗൗൺ മേഗന്റെ കണ്ണിൽ പെട്ടത്. തൂവെള്ള നിറത്തിലെ ഗൗൺ ധരിച്ച് രാജകുമാരിയെപ്പോലെ നിൽക്കുന്ന മോഡലിന്റെ ചിത്രം കൂടി കണ്ടതോടെ സെക്കൻഡ് ഹാൻഡ് ആണെന്ന് പോലും കണക്കാക്കാതെ കണ്ണുംപൂട്ടി പണമടച്ച് ഓർഡർ നൽകി. 

100 ഡോളർ ആയിരുന്നു വസ്ത്രത്തിന്റെ വില. ഒടുവിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വെഡിങ് ഗൗൺ കയ്യിൽ കിട്ടിയപ്പോഴോ? ഓൺലൈനിൽ കണ്ട ചിത്രവുമായി ഒരു സാമ്യവുമില്ല എന്നു മാത്രമല്ല ഒരുതരത്തിലും വിവാഹത്തിന് ധരിക്കാൻ പോലും യോജിക്കാത്ത  വസ്ത്രം ആയിരുന്നു അത്. ഏറ്റവും മുകളിലായി വർക്കുകളുള്ള ലേസും  പല തട്ടുകളിൽ വെള്ളനിറത്തിൽ തിളങ്ങുന്ന തുണികളും എല്ലാം വച്ച് അലങ്കരിച്ച ഗൗണാണ് ചിത്രത്തിൽ കണ്ടത് എങ്കിൽ പുറംഭാഗത്ത് ഉണ്ടായിരുന്നു ലേസ് മാത്രമാണ് മേഗന്റെ കയ്യിൽ ലഭിച്ച വസ്ത്രത്തിൽ  ഉണ്ടായിരുന്നത്. ഏറെ ആശിച്ച് വാങ്ങിയ ഗൗണിന്റെ അവസ്ഥ കണ്ട് നിരാശയിലായ മേഗൻ തന്നെയാണ് അതും അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ  സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

വിവാഹത്തിന് എന്നല്ല സാധാരണ രീതിയിൽ പുറത്തു പോകുമ്പോൾ പോലും ധരിക്കാനാവാത്ത ഗൗണാണ് മേഗന് ലഭിച്ചത്. വിഷമം സഹിക്കാനാവാതെ ഉടൻതന്നെ അവർ ഗൗൺ വില്‍പനയ്ക്കു വെച്ച ആളെ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ വാങ്ങിയ സാധനത്തിന്റെ പണം മടക്കി നൽകാനാവില്ല എന്നായിരുന്നു ആദ്യം ലഭിച്ച മറുപടി. മാത്രമല്ല വസ്ത്രം തിരികെ എടുക്കണമെങ്കിൽ അത് എത്തിച്ച അതേ ബോക്സിൽ തന്നെ വേണമെന്നും അവർ ആവശ്യപ്പെട്ടു. ഗൗൺ കാണാനുള്ള ആകാംക്ഷയ്ക്കിടെ ബോക്സും കവറുകളും മേഗൻ നശിപ്പിച്ചിരുന്നു. ഒടുവിൽ താൻ വിവാഹവസ്ത്രമായി ധരിക്കാൻ ഏറെ ആശിച്ച് വാങ്ങിയതായിരുന്നുവെന്നും  ഈ ഒരൊറ്റ കാരണം കൊണ്ട് വിവാഹത്തിന്റെ എല്ലാ സന്തോഷവും പോയി എന്നും അറിയിച്ചതോടെ ഒടുവിൽ അവർ പണം തിരികെ നൽകാൻ സമ്മതിച്ചു.

ആദ്യം ഒരു വിഷമം ഒക്കെ തോന്നിയെങ്കിലും പിന്നീട്  തനിക്ക് പറ്റിയ അമളി ഓർത്തു ഏറെ ചിരിച്ചു എന്നും മേഗൻ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു വന്നാൽ ഉടൻ ഒരു പുതിയ ഗൗൺ വാങ്ങി പ്രതിശ്രുത വരനായ കീത് റീടുമായുള്ള വിവാഹം നടത്താൻ ഒരുങ്ങുകയാണ് മേഗൻ. ഇരുവർക്കും ഒരു മകനുമുണ്ട്.

English Summary: Bride-to-be is left disappointed after the $100 second-hand gown she ordered looked VERY different in person

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA