ADVERTISEMENT

ഇക്കഴിഞ്ഞ ഏഴാം തീയതി വൈകി്ട്ട് 5.30 നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലേക്ക് പറന്നുയര്‍ന്നത്. എന്നാല്‍ പെട്ടെന്നുതന്നെ അപ്രതീക്ഷിതമായ ഒരു വാര്‍ത്ത വിമാനജീവനക്കാര്‍ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഉണ്ടോ എന്നായിരുന്നു ജീവനക്കാരുടെ ചോദ്യം. സൗദിയിലെ റിയാദില്‍ ജോലി ചെയ്യുന്ന ഡോ. നാഗരാജ് പെട്ടെന്നുതന്നെ തയാറായി. എന്നാല്‍ സാധാരണ ഡോക്ടറല്ല, ഗൈനക്കോളജിസ്റ്റിനെയാണു വേണ്ടതെന്നു ജീവനക്കാര്‍ പിന്നീട് അറിയിച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഒരു യുവതി വിമാനത്തില്‍ ഉണ്ടെന്നും അവര്‍ക്ക് പ്രസവ വേദന തുടങ്ങിയതും ആയിരുന്നു പ്രശ്നം. അതോടെ ഡോ. ശൈലജ വല്ലഭനേനി തയാറായി. ബെംഗളൂരു ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡില്‍ ക്ലൗഡ് നയന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലാണ് ഡോ. ശൈലജ ജോലി ചെയ്തിരുന്നത്. 

‘തുടക്കത്തില്‍ എന്റെ പരിഭ്രാന്തി യുവതിയുടെ ഗര്‍ഭം അലസിപ്പോകുമോ എന്നായിരുന്നു. കാരണം ഭൂമിയില്‍ വച്ചല്ലാതെ വിമാനത്തില്‍ വച്ച് പ്രസവ വേദന അനുഭവപ്പെടുന്നവര്‍ക്ക് പൊതുവെ ചില സങ്കീര്‍ണതകള്‍ അനുഭവപ്പെടാറുണ്ട്’- ഡോ.ശൈലജ ഓര്‍മിക്കുന്നു.എന്തായലും ആവശ്യത്തിനനുസരിച്ച് പെട്ടെന്നുതന്നെ തയാറായി ഡോ. ശൈലജ യുവതിയുടെ സമീപം ചെല്ലുമ്പോള്‍ അവര്‍ ബ്ലാങ്കറ്റ് പുതച്ച് കിടക്കുകയായിരുന്നു. 

‘ ഇതുവരെയുള്ള ഗര്‍ഭകാല പ്രശ്നങ്ങളെല്ലാം ചോദിച്ചറിഞ്ഞു. നേരത്തെ ബ്ലീഡിങ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഗ്യാസ്റ്റ്രൈറ്റിസ് പ്രശ്നങ്ങളുണ്ടായിരുന്നു യുവതിക്ക്. പെട്ടെന്നു തന്നെ ശുചിമുറിയില്‍ പോകണമെന്നും യുവതി അറിയിച്ചു. എന്നാല്‍ യുവതി ശുചിമുറിയിലേക്കു നടക്കുമ്പോള്‍ തന്നെ അപകടം മണത്തു. നിലത്ത് രക്തത്തുള്ളികള്‍ കാണാമായിരുന്നു-ഡോ. ശൈലജ ഓര്‍മിക്കുന്നു. 

ഡോക്ടര്‍ അപ്പോള്‍ തന്നെ ഗ്ലൗസ് ധരിച്ചിട്ടുണ്ടായിരുന്നു. ഫെയ്സ് ഷീല്‍ഡും മാസ്കും ഉണ്ടായിരുന്നു. പെട്ടെന്നു തന്നെ ശുചിമുറി ലേബര്‍ റൂം ആയി മാറി. കുട്ടിയെ ഡോക്ടര്‍ പുറത്തെടുത്ത് വിമാനത്തില്‍ ആഹാരം സര്‍വ് ചെയ്യുന്ന ട്രേയില്‍ കിടത്തി. കുട്ടിക്ക് രണ്ടു കിലോ തൂക്കം തന്നെയില്ലായിരുന്നു. കാലമെത്തുംമുന്‍പേയാണ് പ്രസവം എന്നും ഡോക്ടര്‍ മനസ്സിലാക്കി. 32-34 ആഴ്ചകള്‍ മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. സഹയാത്രികള്‍ കുട്ടിയെ പൊതിഞ്ഞുപിടിക്കാനും മറ്റുമുള്ള ഷാളും ബ്ലാങ്കറ്റുമൊക്കെ സംഭാവന ചെയ്തു. കുട്ടിയുടെ പരിചരണത്തിലേക്ക് ഡോക്ടര്‍ കടന്നു. 

കുട്ടി രക്ഷപ്പെട്ടു എന്നു മനസ്സിലായതോടെ ഡോ.ശൈലജ കുട്ടിയെ അമ്മയുടെ കയ്യില്‍ ഏല്‍പിച്ചു. ബ്ലീഡിങ് നിലയ്ക്കാനുള്ള ഇന്‍ജെക്ഷൻ എടുക്കാന്‍ ഡോ.നാഗരാജ് സഹായിച്ചു. അതോടെ യുവതിയുടെ ബ്ലീഡിങ് നിലച്ചു. 50 മിനിറ്റോളം നീണ്ടു നിന്നു പ്രക്രിയയ്ക്കൊടുവില്‍ കുട്ടിക്കും അമ്മയ്ക്കും ആശ്വാസമായതോടെ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തേണ്ടതില്ലെന്ന് ഡോ.ശൈലജ പൈലറ്റിനെ അറിയിച്ചു. 

‘വിമാനത്തില്‍ വച്ച് ഒരു പ്രസവത്തിന് നേതൃത്വം നല്‍കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലേബര്‍ റൂമിലാകുമ്പോള്‍ ഉപകരണങ്ങളും സഹായിക്കാന്‍ നഴ്സുമാരും ചുറ്റും കാണും. എന്നാല്‍ വിമാനത്തില്‍ ഞാന്‍ തനിച്ചായിരുന്നു. പിന്നെയൊരു ഫസ്റ്റ് എയ്ഡ് കിറ്റും. എന്തായാലും ഞാന്‍ പേടിച്ചില്ല. കാരണം പേടി പിടികൂടിയാല്‍ നന്നായി ജോലി ചെയ്യാനാകില്ല. എങ്ങനെയങ്കിലും കുട്ടിയെയും അമ്മയെയും രക്ഷിക്കുക എന്നു മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. കുട്ടി ഉറക്കെ കരഞ്ഞതോടെയാണ് എനിക്കും ശ്വാസം നേരെയായത്- ഡോ, ശൈലജ പറയുന്നു. 

ഡല്‍ഹി-ബെംഗളൂരു വിമാനത്തില്‍ സുരക്ഷിതമായി പ്രസവം നടന്ന വാര്‍ത്ത അപ്പോഴേക്കും ലോകം അറിഞ്ഞിരുന്നു. നമ്മ ബെംഗളൂരുവിലേക്ക് സ്വാഗതം എന്ന പ്ലക്കാര്‍ഡ് പിടിച്ചാണ് വിമാനത്താവള അധികൃതര്‍ കുട്ടിയെയും അമ്മയെയും സ്വീകരിച്ചത്. ഇന്‍ഡിഗോ 6 ഇ 122 വിമാനം അങ്ങനെ ചരിത്രത്തിലേക്ക്; കുട്ടിക്കും അമ്മയ്ക്കുമൊപ്പം ഡോ.ശൈലജ വല്ലഭനേനിയും.

English Summary: ‘You cannot expect a delivery room setup in an aircraft’: Doc who helped birth a baby on Delhi-Bengaluru flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com