ADVERTISEMENT

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത നടി റിയ ചക്രവര്‍ത്തിക്കെതിരെ ആരോപണമുന്നയിച്ച അയല്‍ക്കാരിക്ക് തന്റെ ആരോപണം തെളിയിക്കാനായില്ലെന്ന് സിബിഐ. തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ പേരില്‍ അയല്‍ക്കാരിക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് സിബിഐ. 

സുശാന്തിന്റെ കാമുകി കൂടിയായ റിയയ്ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച എല്ലാവര്‍ക്കുമെതിരെ നിയമ നടപടിയുണ്ടാകുമെന്ന് നടിയുടെ അഭിഭാഷകന്‍ സതീഷ് മാനെഷിന്‍ഡെയും അറിയിച്ചു. ടെലിവിഷനിലും സമൂഹമാധ്യമങ്ങളിലും തെറ്റായ ആരോപണങ്ങള്‍ പ്രചരിപ്പിച്ചവരുടെ പേരുകള്‍ സിബിഐക്ക് അയച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ മൊഴി എടുക്കണമെന്ന് സിബിഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ പുറത്തുവിട്ടവരുടെ പേരില്‍ നടപടി എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്-റിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 

ജൂണ്‍ 14 -നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണ് മരണകാരണമെന്നാണ് മുംബൈ പൊലീസിന്റെ നിഗമനം. സുശാന്ത് മരിക്കുന്നതിനു തലേന്ന് നടനെയും റിയ ചക്രവര്‍ത്തിയെയും താന്‍ ഒരുമിച്ചു കണ്ടെന്ന് റിയയുടെ ഒരു അയല്‍ക്കാരി ടെലിവിഷനില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഈ അയല്‍ക്കാരിയെ കണ്ടു. എന്നാല്‍ താന്‍ പറഞ്ഞതു സ്ഥാപിക്കാനോ തെളിയിക്കാനോ ഈ സ്ത്രീക്ക് കഴിഞ്ഞില്ല. എന്നു മാത്രമല്ല, സുശാന്ത് മരിക്കുന്നതിനു തലേന്ന് താന്‍ നടനെ കണ്ടിട്ടില്ലെന്നും ഇവര്‍ സിബിഐക്ക് മൊഴി കൊടുത്തു. ടെലിവിഷനില്‍ പറഞ്ഞതിനു വിരുദ്ധമാണിത്. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ റിയയുടെ അഭിഭാഷകന്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. 

റിയയും സഹോദരന്‍ ഷോവിക്കും അറസ്റ്റിലായതിനു പിന്നാലെ ഒട്ടേറെപ്പേര്‍ പലവിധ ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. സുശാന്തിന് റിയ ലഹരി കൊടുത്തിരുന്നു എന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ആരോപിച്ചു. എന്നാല്‍ വിവിവധ ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെവന്നതോടെ ബോംബെ ഹൈക്കോടതി ഇക്കഴിഞ്ഞദിവസം റിയയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ലഹരി റാക്കറ്റിലെ സജീവ അംഗമാണ് റിയ എന്ന അന്വേഷണ ഏജന്‍സികളുടെ വാദവും കോടതി തള്ളിക്കളഞ്ഞിരുന്നു. സംഭവത്തിലെ മാധ്യമ വിചാരണയെക്കുറിച്ചും കോടതി പരിഗണിക്കുന്നുണ്ടെന്നും റിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. പിന്നാലെയാണ് തെറ്റായ ആരോപണമുന്നയിച്ച വ്യക്തികള്‍ക്കെതിരെ നിയമ നടപടിയും തുടങ്ങിയിരിക്കുന്നത്.

English Summary: Facing CBI, Neighbour Who Targeted Rhea Chakraborty Fails To Back Claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com