sections
MORE

കീടങ്ങളുള്ള വെള്ളം കുടിപ്പിക്കും; ഒറ്റപ്പെട്ട ദ്വീപിൽ വനിതകൾ ലൈംഗിക അടിമകൾ; മോചനമില്ല!

DOUNIAMAG-BANGLADESH-MYANMAR-REFUGEE-UNREST-WOMEN
റോഹിംഗ്യൻ അഭയാർത്ഥി വനിതകൾ. ചിത്രം∙ എഎഫ്പി
SHARE

ബംഗാൾ ഉൾക്കടലിലെ ബംഗ്ലാദേശിന്റെ അധീനതയിലുള്ള ഒറ്റപ്പെട്ട ദ്വീപിൽ അഭയാർത്ഥികളായ റോഹിംഗ്യൻ വനിതകൾ നേരിടുന്നത് കൊടിയ പീഡനങ്ങൾ. സ്ത്രീകളും കുട്ടികളുമടക്കം 300 പേരടങ്ങുന്ന അഭയാർഥികളെ ഭാസ്സൻ ഛാർ ദ്വീപിൽ തടവിലാക്കി പീഡിപ്പിക്കുന്നതായാണ് മനുഷ്യാവകാശ സംഘടനകൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ബംഗ്ലാദേശിലെ റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പായ കോക്സ് ബസാറിൽ നിന്നും മലേഷ്യയിലേക്ക് യാത്രതിരിച്ച സംഘത്തെയാണ് ബംഗ്ലാദേശി അധികൃതർ ദ്വീപിലേക്ക് മാറ്റിയത്.

ഏപ്രിൽ മാസത്തിലാണ് അഭയാർഥികളെ ഭാസൻ ഛാറിലെത്തിച്ചത്. രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി മാറ്റുന്നു എന്നാണ് അധികൃതർ ഇവരെ അറിയിച്ചിരുന്നത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ദ്വീപിന് പുറത്തേക്ക് പോകാനോ സ്വതന്ത്രമായി ജീവിക്കാനോ അനുവദിക്കാതെ തടവറയ്ക്കു സമാനമായ സാഹചര്യങ്ങളിൽ പാർപ്പിച്ചു പീഡിപ്പിക്കുകയാണ് എന്നാണ് വിവരം. സംഘത്തിൽ നൂറിനു മുകളിൽ വനിതകളും കുട്ടികളും ആണ് ഉള്ളത്. ചെറിയ മുറികളിൽ തിങ്ങിപ്പാർക്കുന്ന നിലയിലാണ് ഇവർ കഴിയുന്നത്.  ദ്വീപിലെ  പോലീസ് ഉദ്യോഗസ്ഥർ അഭയാർത്ഥികളായ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി ഇവർ പരാതിപ്പെടുന്നു. ബലാൽസംഗത്തിന് ഇരയായ പെൺകുട്ടികളെ അഭയാർത്ഥികളായ പുരുഷന്മാർ തന്നെ ഉദ്യോഗസ്ഥരിൽ നിന്നും രക്ഷിച്ച സംഭവങ്ങളും ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി.

രാത്രികാലങ്ങളിൽ പുരുഷ ഉദ്യോഗസ്ഥർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. അതിനാൽ ഏതുസമയത്തും പോലീസ് ഉദ്യോഗസ്ഥർ എത്തുമെന്ന ഭീതിയിലാണ് അഭയാർത്ഥികളായ വനിതകൾ ദ്വീപിൽ കഴിച്ചുകൂട്ടുന്നത്. ഇതിനെല്ലാം പുറമെ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാത്ത അവസ്ഥയാണ് ദ്വീപിലുള്ളത്. കുടിക്കാൻ നൽകുന്നത് മലിനജലം ആണെന്നും പലപ്പോഴും കൃമികളും പ്രാണികളും നിറഞ്ഞ നിലയിലാണ് വെള്ളമെത്തിക്കുന്നത് എന്നും ഇവർ പരാതിപ്പെടുന്നു. ഇതേതുടർന്ന് ശാരീരിക അസ്വസ്ഥതകളും പലരും പ്രകടമാക്കുന്നുണ്ട്.

ദ്വീപിൽ നിന്നും തങ്ങളെ മോചിപ്പിക്കണമെന്ന്  അപേക്ഷിച്ചവർക്ക് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ക്രൂരമായ ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. എതിർക്കാൻ ശ്രമിച്ച ഒരു വനിതയെ അപകടകരമായ രീതിയിൽ പ്രഹരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് നീക്കി. എന്നാൽ പിന്നീട് ഇതുവരെ അവരെപ്പറ്റി കൃത്യമായ വിവരങ്ങൾ കൂട്ടത്തിൽ ഉള്ളവർക്ക് ലഭിച്ചിട്ടില്ല എന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഭയാർത്ഥികളായ കുട്ടികളെപ്പോലും ഉദ്യോഗസ്ഥർ  ഉപദ്രവിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്.

പുറംലോകവുമായി ബന്ധപ്പെടാൻ ഉള്ള യാതൊരു സംവിധാനങ്ങളും ദ്വീപിൽ ഇല്ല. മാറ്റിയുടുക്കാൻ വസ്ത്രങ്ങൾ പോലുമില്ലാതെയാണ് അഭയാർത്ഥികളിൽ പലരും ഇപ്പോൾ കഴിയുന്നത്. ദ്വീപിന്റെ ദുരവസ്ഥകളെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിനെ തുടർന്ന് അന്വേഷണം വേണമെന്ന് രാജ്യാന്തര തലത്തിൽ നിന്നും ആവശ്യങ്ങൾ ഉയർന്നിരുന്നു.എന്നാൽ ഈ ആരോപണങ്ങളെല്ലാം തികച്ചും അടിസ്ഥാന രഹിതമാണ് എന്ന നിലപാടിലാണ് ബംഗ്ലാദേശ് അധികൃതർ. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി മാത്രമാണ് അഭയാർഥികളെ ദ്വീപിൽ പാർപ്പിച്ചിരിക്കുന്നത് എന്നാണ് ഇവർ നൽകുന്ന വിശദീകരണം. സുരക്ഷാ ഉദ്യോഗസ്ഥരിൽ വനിതാ അംഗങ്ങളും ഉള്ളതായും അധികൃതർ അറിയിക്കുന്നു. ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള ആരോപണങ്ങൾ തള്ളിക്കളയുന്നതായും അതിനാൽ അന്വേഷണം ആവശ്യമില്ല എന്നുമാണ് അധികാരികളുടെ ഭാഗത്തു നിന്നുള്ള മറുപടി.

സെപ്റ്റംബർ മാസത്തിൽ റോഹിംഗ്യൻ അഭയാർത്ഥി നേതാക്കളുടെ ഒരുസംഘത്തെ ദ്വീപിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി എത്തിച്ചിരുന്നു. എന്നാൽ ദ്വീപിലെ അവസ്ഥയെപ്പറ്റി വെളിപ്പെടുത്തരുത് എന്ന് ഇവരെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. സന്ദർശനത്തിനെത്തിയ സമയത്ത് സ്ത്രീകളും കുട്ടികളും ഇവിടെനിന്നും  എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ചതായി കോക്സ് ബസാറിലെ  അഭയാർത്ഥി നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശിൽ റോഹിംഗ്യൻ അഭയാർഥികളുടെ എണ്ണം അധികമായതിനാൽ ആളുകളെ മാറ്റിപാർപ്പിക്കുന്നതിനായി ഭാസ്സൻ ഛാർ ദ്വീപിൽ ഒരു ലക്ഷത്തോളം വീടുകൾ ബംഗ്ലാദേശ് നിർമ്മിച്ചിരുന്നു. എന്നാൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അഭയാർഥികളുടെ സുരക്ഷിതത്വവും ജീവിത സാഹചര്യങ്ങളും കണക്കിലെടുത്ത് മനുഷ്യാവകാശ സംഘടനകൾ ഈ നീക്കത്തിനെതിരെ ആശങ്കകൾ അറിയിച്ചിരുന്നു. ഇതുമൂലമാണ് വലിയതോതിൽ അഭയാർഥികളെ ഇതുവരെ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കാതിരുന്നത്. ദ്വീപിൽ നിന്നും പുറത്തു കടക്കാനാവാതെ വന്നാൽ ഉറ്റവരെ കാണാൻ സാധിക്കാതെ പീഡനങ്ങളിൽ കൊല്ലപ്പെടുമെന്ന ഭയത്തിൽ കഴിയുകയാണ് അഭയാർത്ഥികൾ.

English Summary: Life of rohingya women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA