ADVERTISEMENT

ആരും അര്‍ഹിക്കാത്തതും ഇഷ്ടപ്പെടാത്തതുമായ ഒരു ബഹുമതി തേടിവന്നപ്പോഴത്തെ മാനസിക വ്യഥ തുറന്നുപറഞ്ഞ് മുന്‍ അമേരിക്കന്‍ മോഡലും ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരിയുടെ ഭാര്യയുമായ മേഗന്‍ മാര്‍ക്കിള്‍. വിമര്‍ശനത്തിനും പരിഹാസത്തിനും പല തവണ പാത്രമായിട്ടുണ്ടെങ്കിലും ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയയായി എന്ന വാര്‍ത്ത മേഗന്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. 2019 ലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ മേഗനെ ലക്ഷ്യം വച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ലോക മാനസിക ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് റെക്കോര്‍ഡ് ചെയ്ത പോഡ്കാസ്റ്റിലാണ് താന്‍ അനുഭവിച്ച വേദനയെക്കുറിച്ചും പരിഹാസത്തെക്കുറിച്ചും താന്‍ അത് അര്‍ഹിച്ചിട്ടില്ലെന്നും മേഗന്‍ തുറന്നുപറഞ്ഞത്.

കലിഫോര്‍ണിയയിലെ മൂന്നു ഹൈസ്കൂള്‍ വിദ്യാര്‍ഥികളോടാണ് മേഗന്‍ തന്റെ ഹൃദയവ്യഥയും താന്‍ അതിനെ എങ്ങനെ അതിജീവിച്ചുവെന്നും വിശദമായി സംസാരിച്ചത്. ടീനേജര്‍ തെറപ്പി എന്ന പേരിലാണ് പോഡ്കാസ്റ്റ് പുറത്തിറക്കിയത്.

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആഘാതം ഏറ്റുവാങ്ങിയത് സ്കൂള്‍ കുട്ടികളാണ്. അവരെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് മേഗന്‍ തുടങ്ങുന്നത്: ‘നിങ്ങള്‍ ഇപ്പോള്‍ സ്കൂളില്‍ പോകുന്നില്ല എന്നതു ശരി തന്നെ. എന്നാല്‍ പഠനം തുടരുന്നുണ്ട്. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണം വഴി. പലര്‍ക്കും ഡിജിറ്റല്‍ രീതിയിലുള്ള പഠനവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നതും സത്യം തന്നെ. എല്ലാവര്‍ക്കും എല്ലാവരുമായി എളുപ്പം ബന്ധപ്പെടാമെങ്കിലും ഒരോരുത്തരും ഏറ്റവുമധികം ഒറ്റപ്പെട്ടവരുമാണ്. എങ്കിലും ഈ കാലത്തെയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്- മേഗന്‍ സ്കൂള്‍ വിദ്യാര്‍ഥിനികളോട് പറ‍ഞ്ഞു.

പുരുഷന്‍മാരിലും സ്ത്രീകളിലും വച്ച് താനാണ് 2019ല്‍ ഏറ്റവുമധികം ട്രോളുകള്‍ക്ക് വിധേയമായതെന്ന് അറിഞ്ഞപ്പോഴുള്ള മാനസികാവസ്ഥയും മേഗന്‍ വെളിപ്പെടുത്തി. ആ വര്‍ഷം എട്ടുമാസക്കാലത്തോളം ഞാന്‍ പുറത്തെങ്ങുമുണ്ടായിരുന്നില്ല. എന്നെ ആരും കണ്ടിരുന്നുപോലുമില്ല. ഞാന്‍ ആദ്യ പ്രസവവുമായി ബന്ധപ്പെട്ട വിശ്രമത്തിലായിരുന്നു. അതിനുശേഷം എന്റെ നവജാതശിശുവിനൊപ്പവും. എന്നിട്ടും എന്തെല്ലാം പരിഹാസത്തിനാണ് എന്റെ േപര് ദുരുപയോഗിച്ചത്. വിമര്‍ശനം അന്നത്തെ അവസ്ഥയില്‍ എന്നെ എങ്ങനെ ബാധിക്കും എന്നുപോലും ചിന്തിക്കാതെയാണ് ഞാന്‍ ഇരയാക്കപ്പെട്ടത്. നിലനില്‍പ് തന്നെ അസാധ്യമായി തോന്നുന്ന അവസ്ഥ. എന്തിനു ജീവിക്കണം എന്നു സ്വയം ചോദിക്കുന്ന സാഹചര്യം. ആ സഹചര്യം എങ്ങനെയായിരുന്നു എന്നു ചിന്തിക്കാന്‍ പോലും ഇപ്പോഴും തോന്നുന്നില്ല. എന്നാല്‍ ആരൊക്കെ എന്നെ കുറ്റം പറയുന്നു എന്നൊന്നും ഞാന്‍ നോക്കാറില്ല. ചിലപ്പോള്‍ 10 പേര്‍. അല്ലെങ്കില്‍ 20. അതില്‍ക്കൂടുതല്‍. സത്യമല്ലെങ്കില്‍ അതെത്ര പേര്‍ പറഞ്ഞാലും സത്യം ആകുന്നില്ലല്ലോ- മേഗന്‍ തുറന്നു പറയുന്നു. 

താനും ഭര്‍ത്താവ് ഹാരിയും കൂടി പല പ്രത്യേക സാഹചര്യങ്ങളെയും അതിജീവിച്ചതിനെക്കുറിച്ചും മേഗന്‍ പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്. ഒറ്റപ്പെട്ടതുപോലെ തോന്നുന്ന അവസ്ഥയാണ് ഏറ്റവും ദയനീയം. മുറിവേറ്റതുപോലുള്ള അവസ്ഥ. എന്നാല്‍ അതും നേരിടേണ്ടിയിരിക്കുന്നു മുന്നോട്ടുപോകാന്‍- മേഗന്‍ പറഞ്ഞു.

ഈ വര്‍ഷം ആദ്യമാണ് ബ്രിട്ടിഷ് രാജകുടുംബത്തില്‍ നിന്നുള്ള ബന്ധം വിഛേദിച്ച് ഹാരിയും മേഗനും ബ്രിട്ടന്‍ വിട്ട് അമേരിക്കയില്‍ എത്തുന്നത്. സാമ്പത്തിക സ്വാതന്ത്ര്യവും വ്യക്തിപരമായ സ്വകാര്യതയും കൊതിച്ചാണ് ഇരുവരും യുഎസില്‍ എത്തിയത്. ബ്രിട്ടനില്‍ സദാ സമയവും ക്യാമറക്കണ്ണുകള്‍ ഇരുവരെയും പിന്തുടരുകയായിരുന്നു. ടാബ്ലോയ്ഡ് പത്രങ്ങളുടെ താളുകളിലും ഇരുവരും നിറഞ്ഞുനിന്നിരുന്നു. അത്തരമൊരു ജീവിതം മടുത്ത ഘട്ടത്തിലാണ് സമ്പത്തിന്റെയും പ്രശസ്തിയുടെയും പാരമ്പര്യത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് ദമ്പതികള്‍ അമേരിക്കയില്‍ എത്തുന്നത്. ഇപ്പോള്‍ മകന്‍ ആര്‍ച്ചിക്കൊപ്പം സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുകയാണെന്നും പോഡ്കാസ്റ്റില്‍ മേഗന്‍ പറയുന്നു.

English Summary: Meghan Markle Says She Was The Most Trolled Person Of 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com