ADVERTISEMENT

കഴിഞ്ഞ നാലു വര്‍ഷമായി താന്‍ അനുഭവിക്കുന്ന വിഷാദ രോഗത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയ ഇറാ ഖാന് പിന്തുണയ്ക്കൊപ്പം ശകാരവും. ഒട്ടേറെപ്പേര്‍ പിന്തുണ അറിയിച്ചെങ്കിലും അപൂര്‍വം ചിലര്‍ ഇറ ഖാനെ വിമര്‍ശിച്ചുകൊണ്ടും കമന്റുകള്‍ രേഖപ്പെടുത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം തന്റെ രോഗത്തെക്കുറിച്ചു വിശദീകരിച്ചും വിദ്വേഷ കമന്റുകളുടെ ക്രൂരത ബോധ്യപ്പെടുത്തിയും ഇറ പുതിയൊരു സന്ദേശവും പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറാ ഖാന്‍.

 

രോഗത്തെക്കുറിച്ചുള്ള എന്റെ സന്ദേശത്തിനു ചുവട്ടില്‍ വിദ്വേഷ കമന്റിട്ടാല്‍ എനിക്കത് മായ്ക്കേണ്ടിവരും. വീണ്ടും അതുതന്നെ തുടര്‍ന്നാല്‍ അങ്ങനെയുള്ളവരെ ഒഴിവാക്കി എനിക്കു മുന്നോട്ടുപോകേണ്ടിവരും- എന്നാണ് ഇറ ഖാന്റെ പുതിയ മുന്നറിയിപ്പ്. തന്റെ സന്ദേശത്തിനു താഴെ വിദ്വേഷ കമന്റുകള്‍ എഴുതിയവരുടെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യണോ വേണ്ടയോ എന്നകാര്യത്തില്‍ ഇറ ഓണ്‍ലൈനില്‍ വോട്ടെടുപ്പും നടത്തിയിരുന്നു. വിദ്വേഷ കമന്റുകള്‍ തന്നെ ഒരു തരത്തിലും ബാധിക്കാറില്ലെന്നാണ് ഇറ പറയുന്നത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 56 ശതമാനം പേരും വിദ്വേഷ കമന്റുകള്‍ മായ്ക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

 

തന്റെ പോസ്റ്റുകള്‍ക്ക് ഹിന്ദി സബ് ടൈറ്റിലുകള്‍ വേണോ എന്ന വിഷയത്തിലും ഇറ ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. 53 ശതമാനം പേര്‍ അനുകൂലമായാണ് പ്രതികരിച്ചത്. ലോക മാനസിക ആരോഗ്യ ദിനവുമായി ബന്ധപ്പെട്ട് ഈ മാസം 10- നാണ് തന്റെ വിഷാദ രോഗത്തെക്കുറിച്ച് ഇറ ഖാന്‍ വെളിപ്പെടുത്തിയത്. വിഷാദ രോഗത്തെക്കുറിച്ചും മാനസിക പ്രശ്നങ്ങളെക്കുറിച്ചും തുറന്ന ചര്‍ച്ച വേണമെന്നും ഇറ അഭിപ്രായപ്പെട്ടിരുന്നു. നാലു വര്‍ഷമായി താന്‍ ഗുരുതരമായ വിഷാദ രോഗത്തിന്റെ അടിമയായിരുന്നുവെന്ന് ഇറ വെളിപ്പെടുത്തിയിരുന്നു. 

 

ഡോക്ടറെ കാണുകയും മരുന്ന് കഴിക്കുകയും ചെയ്തിരുന്നു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇറ പറഞ്ഞിരുന്നു.സംവിധാനത്തില്‍ താല്‍പര്യമുള്ള ഇറ ചില തിയറ്റര്‍ നാടകങ്ങള്‍ ഇതിനോടകം സംവിധാനം ചെയ്തിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയിലും താല്‍പര്യമുള്ള ഇറ മോഡലായും പേരുടെുത്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇറ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്.

 

English Summary: Aamir Khan’s Daughter Ira has Strong Message for Those Trolling Her for Mental Health Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com